ഇതിലും ഭേദം അവാർഡുകൾ വീട്ടിലെത്തിച്ചു കൊടുക്കുന്നതായിരുന്നു; സംസ്ഥാന ചലച്ചിത്ര അവാർഡുകൾ മേശപ്പുറത്തു വച്ച് കൊടുത്തതിലൂടെ സർക്കാർ അവാർഡ് ജേതാക്കളെ അപമാനിച്ചു; സ്റ്റാമ്പും, സ്മരണികയും പ്രകാശനം ചെയ്ത മുഖ്യമന്ത്രിയ്ക്ക് എന്ത് കൊണ്ട് അവാർഡ് കൊടുത്തുകൂടാ? ; രാജഭരണ കാലത്ത് പോലും നടക്കാത്ത സംഭവമെന്ന് ജി.സുരേഷ് കുമാർ

Share now

തിരുവനന്തപുരം: 2019ലെ ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തതിന് പിന്നാലെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുൻ പ്രസിഡന്റുമായ ജി.സുരേഷ് കുമാർ. അവാർഡുകൾ മേശപുറത്ത് വച്ചാണ് കൊടുത്തതെന്നും രാജഭരണ കാലത്ത് പോലും ഇത്തരം സംഭവങ്ങൾ നടക്കാറില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിലും ഭേദം വീടുകളിൽ അവാർഡുകൾ എത്തിച്ചു കൊടുക്കുന്നതായിരുന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് ഗ്ലൗസ് ഇട്ട് മുഖ്യമന്ത്രിക്ക് അവാർഡുകൾ വിതരണം ചെയ്യാമായിരുന്നുവെന്നും അല്ലെങ്കിൽ അദ്ദേഹം മറ്റു മന്ത്രിമാരെ കൊണ്ട് വിതരണം ചെയ്യിക്കണമായിരുന്നുവെന്നും സുരേഷ് കുമാർ പറഞ്ഞു.

മുഖ്യമന്ത്രിയുടെ കയ്യിൽ നിന്ന് സർക്കാരിന്റെ ആദരവ് ഏറ്റുവാങ്ങാൻ വന്നവരെ വിളിച്ചു വരുത്തി അപമാനിച്ചിരിക്കുകയാണ്. ഇത്രയും അപമാനം കിട്ടിയിട്ടും അത് തുറന്ന് പറയാനുള്ള ധൈര്യം അവാർഡ് ജേതാക്കളാരും കാണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാംപ് പ്രകാശനവും അവാർഡ് സ്മരണിക പ്രകാശനവും നേരിട്ട് നടത്തിയ മുഖ്യമന്ത്രിക്ക് ജെ.സി ഡാനിയേൽ അവാർഡ് പോലും എടുത്തു കൊടുക്കാൻ തോന്നാതിരുന്നത് കഷ്ടമാണെന്നും സുരേഷ്കുമാർ പറഞ്ഞു.

2018ലെ ദേശീയ ചലച്ചിത്ര അവാർഡുകളിൽ 10 എണ്ണം പ്രസിഡന്റ് രാം നാഥ്‌ കോവിന്ദ് വിതരണം ചെയ്തിട്ട് ശേഷിച്ചവ മന്ത്രിമാരെ കൊണ്ട് വിതരണം ചെയ്തതിൽ പ്രതിഷേധിച്ച് അവാർഡ് വേണ്ടെന്ന് വച്ചവരാണ് കേരളത്തിലുള്ള സിനിമ പ്രവർത്തകർ. ഇവിടെ അതിന് തുല്യമായ ജെ.സി ഡാനിയേൽ അവാർഡ് പോലും എടുത്തു കൊടുക്കാൻ മുഖ്യമന്ത്രി തയാറായില്ല. ജെ.സി ഡാനിയേൽ അവാർഡ് ഏറ്റു വാങ്ങാൻ സംവിധായകൻ ഹരിഹരൻ വരാത്തത് നന്നായെന്നും സുരേഷ് കുമാർ പറഞ്ഞു. അദ്ദേഹത്തിന്റെ അവാർഡ് കെ ജയകുമാർ ഐ.എ.എസ് ആണ് ഏറ്റുവാങ്ങിയത്.

25–-ാമത്‌ ഐ.എഫ്.‌എഫ്.‌കെയുടെ ഭാഗമായി തപാൽ വകുപ്പ്‌ പുറത്തിറക്കിയ സ്‌റ്റാമ്പ്‌ ചീഫ്‌ പോസ്‌റ്റ്‌ മാസ്‌റ്റർ ജനറൽ മറിയാമ്മ തോമസ്‌ മുഖ്യമന്ത്രിക്ക്‌ നൽകി പ്രകാശനം ചെയ്തിരുന്നു. ചലച്ചിത്ര അവാർഡ്‌ വിതരണത്തിന്റെ 50 വർഷത്തെ ചരിത്രം വിവരിക്കുന്ന പുസ്‌തകം മുഖ്യമന്ത്രി മേയർ ആര്യ രാജേന്ദ്രന്‌ നൽകിയും സംവിധായകൻ ഹരിഹരനെക്കുറിച്ചുള്ള പുസ്‌തകം മന്ത്രി എ.കെ ബാലൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്‌ നൽകിയും പ്രകാശനം ചെയ്തിരുന്നു. ഇതിനൊന്നും വിവേചനം കാണിക്കാത്ത സർക്കാർ അവാർഡ് ജേതാക്കളെ മാത്രം വിളിച്ചു വരുത്തി അപമാനിച്ചുവെന്നാണ് സുരേഷ് കുമാറിന്റെ ആരോപണം.


Share now