ഗാന്ധി ഘാതകന്‍ ഗോഡ്‌സെ സ്മാരക ലൈബ്രറി പൂട്ടിച്ചു; വ്യാപക പ്രതിഷേധം; ബിജെപി പിന്തുണയോടെയാണ് ഹിന്ദുമഹാസഭ ലൈബ്രറി തുറന്നതെന്ന് ആക്ഷേപം

Share now

ഭോപ്പാല്‍: ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്‌സെയുടെ പേരില്‍ ഹിന്ദുമഹാസഭ ആരംഭിച്ച ലൈബ്രറി പ്രതിഷേധം കനത്തതോടെ പോലീസ് പൂട്ടിച്ചു. ഗോഡ്‌സെയുടെ സ്മരണയ്ക്കായി ഗ്വാളിയാറില്‍ സ്ഥാപിച്ച പഠനകേന്ദ്രം(ജ്ഞാനശാല) ആണ് അടച്ചുപൂട്ടിയത്.

ഹിന്ദുത്വ തീവ്രവാദി കൂടിയായ ഗോഡ്‌സെയ്ക്ക് ഇത്തരത്തില്‍ ആദരവ് നല്‍കിയത് രാജ്യവ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. തുടര്‍ന്ന് നടപടിയെടുക്കാന്‍ സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പോലീസിന് നിര്‍ദേശം നല്‍കി. ഞായറാഴ്ചയാണ് ഗ്വാളിയാറിലെ ലഷ്‌കര്‍ പ്രദേശത്തെ ദൗലത് ഗഞ്ചില്‍ ഹിന്ദുമഹാസഭ ലൈബ്രറി ആരംഭിച്ചത്.

ഗോഡ്‌സെയുടെ ജീവിതവും പ്രത്യശാസ്ത്രവും ഭാവിതലമുറയ്ക്ക് പഠിക്കാന്‍ വേണ്ടിയാണ് ജ്ഞാനശാല തുറന്നതെന്നായിരുന്നു വിശദീകരണം. ഗോഡ്‌സെയുടെ ലേഖനങ്ങളും പ്രസംഗവും ഗാന്ധിജിയെ വധിക്കാന്‍ നടത്തിയ പരിശ്രമങ്ങളെപ്പറ്റിയുള്ള വിവരങ്ങളും ലൈബ്രറിയിലുണ്ട്. നേരത്തെ ഗ്വാളിയാറില്‍ ഹിന്ദുമാഹസഭ ഗോഡ്‌സെയ്ക്ക് വേണ്ടി അമ്പലം നിര്‍മ്മിച്ചത് വിവാദമായിരുന്നു. കോണ്‍ഗ്രസിന്റെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഇത് ഒഴിവാക്കുകയായിരുന്നു. ഇതായിരുന്നു ഗ്വാളിയാറില്‍ സ്മാരകം തുടങ്ങാനുള്ള കാരണം.

ഇവിടെ വെച്ചാണ് ഗാന്ധിജിയെ വധിക്കാന്‍ ഗോഡ്‌സെ ആസൂത്രണം നടത്തിയതും അതിനായി തോക്കു വാങ്ങിയതും. വിഭജനത്തിനെതിരെ നിന്നതുകൊണ്ട് ജീവന്‍ നഷ്ടമായ വ്യക്തിയാണ് ഗോഡ്‌സെ എന്നാണ് ഹിന്ദുമഹാസഭയുടെ ന്യായീകരണം. അതേസമയം, സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഗോഡ്‌സെയെ കുറിച്ചും അയാളുടെ വര്‍ഗീയ പ്രത്യയ ശാസ്ത്രത്തെക്കുറിച്ചും എല്ലാവര്‍ക്കും അറിയാമെന്നും ഇത്തരത്തിലുള്ള നീക്കം രാജ്യം ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ് പ്രതികരിച്ചു.

ബിജെപിയുടെ പിന്തുണയോടെയാണ് ഹിന്ദുമഹാസഭയുടെ പുതിയ നീക്കമെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഭോപ്പാലിലെ ബിജെപി എംപിയും മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയുമായ പ്രജ്ഞാ സിംഗ് ഠാക്കൂര്‍ നിരവധി തവണ ഗോഡ്‌സെയെ പുകഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്. 2019-ല്‍ പ്രജ്ഞാ സിംഗ് ഗോഡ്‌സെയെ ദേശാഭിമാനിയായി വിശേഷിപ്പിച്ചത് ഏറെ വിവാദമായിരുന്നു.


Share now