ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും

Share now

പനാജി: 51-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമാകും. വൈകീട്ട് കലാ അക്കാദമയിലാണ് ഉദ്ഘാടനം. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിശ്വവിഖ്യാത സംവിധായകന്‍ സത്യജിത്ത് റേയുടെ ജന്മശദാബ്ദിയോടനുബന്ധിച്ച് ഇത്തവണത്തെ മേള അദ്ദേഹത്തിന് സമര്‍പ്പിക്കും.

മേളയില്‍ റേയുടെ പഥേര്‍ പാഞ്ചാലി, ചാരുലത, സോണാര്‍ കെല്ല, ഗരേ ബെയ്രേ, ശത്രഞ്ജ് കേ ഖിലാഡി എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. അടുത്തിടെ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ എസ്.പി. ബാലസുബ്രഹ്മണ്യം, സൗമിത്ര ചാറ്റര്‍ജി, ഇര്‍ഫാന്‍ ഖാന്‍, ഋഷി കപൂര്‍, ചാഡ്വിക് ബോസ്മാന്‍ തുടങ്ങി ഇന്ത്യന്‍ സിനിമയിലെയും ലോകസിനിമയിലെയും ചലച്ചിത്ര പ്രതിഭകള്‍ക്ക് മേളയില്‍ ആദരം അര്‍പ്പിക്കും. ഇത്തവണ ഹൈബ്രിഡ് രീതിയിലാണ് മേള സംഘടിപ്പിക്കുന്നത്. 2500 ഡെലിഗേറ്റുകള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. അല്ലാത്തവര്‍ക്ക് ഓണ്‍ലൈനായും സിനിമ കാണാം.

ആകെ 224 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. അര്‍ജന്റീനയില്‍നിന്നുള്ള സംവിധായകന്‍ പാബ്ലോ സെസാറാണ് അന്താരാഷ്ട്ര ചിത്രങ്ങളുടെ ജൂറി അധ്യക്ഷന്‍. പ്രിയദര്‍ശന്‍, പ്രസന്ന വിതനഗെ (ശ്രീലങ്ക), അബൂബക്കര്‍ ഷോകി (ഓസ്ട്രിയ), റുബയ്യാത്ത് ഹുസൈന്‍(ബംഗ്ലദേശ്) എന്നിവരും ജൂറി അംഗങ്ങളാണ്.

ഡാനിഷ് സംവിധായകന്‍ തോമസ് വിന്റര്‍ബെര്‍ഗിന്റെ അനതര്‍ റൗണ്ടാണ് ഉദ്ഘാടന ചിത്രം. കിയോഷി കുറസോവയുടെ വൈഫ് ഓഫ് എ സ്പൈ സമാപന ചിത്രം. 15 ചിത്രങ്ങളാണ് ഇത്തവണ മത്സരവിഭാഗത്തിലുള്ളത്. കൃപാല്‍ കലിതയുടെ ബ്രിഡ്ജ്, സിദ്ധാര്‍ത്ഥ് ത്രിപാഠിയുടെ എ ഡോഗ് ആന്‍ഡ് ഹിസ് മാന്‍, ഗണേശ് വിനായകന്‍ സംവിധാനം ചെയ്ത തേന്‍ എന്നിവയാണ് മത്സര വിഭാഗത്തിലുള്ള ഇന്ത്യന്‍ ചിത്രങ്ങള്‍. പോര്‍ച്ചുഗല്‍, ഇറാന്‍, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, തയ്വാന്‍, സ്പെയിന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് മറ്റ് എന്‍ട്രികള്‍. മത്സരവിഭാഗത്തില്‍ ഇത്തവണ മലയാള ചിത്രങ്ങളില്ല.

മത്സരവിഭാഗത്തിലുള്ള മികച്ച ചിത്രത്തിന് സുവര്‍ണമയൂര പുരസ്‌കാരം ലഭിക്കും. 40 ലക്ഷവും പ്രശസ്തിപത്രവും ഇതോടൊപ്പം നല്‍കും. മികച്ച സംവിധായകന് രജതമയൂര പുരസ്‌കാരം ലഭിക്കും. 15 ലക്ഷം രൂപയാണ് സമ്മാനത്തുക. 23 ഫീച്ചര്‍ സിനിമകളും 20 നോണ്‍ ഫീച്ചര്‍ സിനിമകളുമാണ് പനോരമ വിഭാഗത്തിലുള്ളത്. മലയാളത്തില്‍നിന്ന് അഞ്ച് ഫീച്ചര്‍ ചിത്രങ്ങളും ഒരു നോണ്‍ ഫീച്ചര്‍ ചിത്രവും ഈ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

പ്രദീപ് കാളിപുറം സംവിധാനം ചെയ്ത ‘സേഫ്’, ഫഹദ് ഫാസിലിന്റെ അന്‍വര്‍ റഷീദ് ചിത്രം ‘ട്രാന്‍സ്’, ആസിഫ് അലി നായകനായെത്തിയ നിസാം ബഷീര്‍ സംവിധാനം ചെയ്ത ‘കെട്ട്യോളാണ് എന്റെ മാലാഖ’, സിദ്ദിഖ് പരവൂരിന്റെ ‘താഹിറ’, മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ‘കപ്പേള’ എന്നിവയാണ് ഫീച്ചര്‍ വിഭാഗം പനോരമയിലേക്ക് മലയാളത്തില്‍നിന്ന് ഇടം പിടിച്ചിരിക്കുന്ന സിനിമകള്‍. ശരണ്‍ വേണുഗോപാലിന്റെ ‘ഒരു പാതിരാസ്വപ്നം പോലെ’ ആണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്ക് മലയാളത്തില്‍ നിന്നും ഇടംപിടിച്ച ചിത്രം.


Share now