ഐ.എഫ്.എഫ്.കെ രജിസ്ട്രേഷനിൽ വ്യാപക പരാതികൾ; രജിസ്റ്റർ ചെയ്ത പലർക്കും കൺഫർമേഷൻ കിട്ടിയില്ല; നിരവധി പേർക്ക് പണം നഷ്ടപ്പെട്ടു

Share now

തിരുവനന്തപുരം: ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്കുള്ള ഡെലിഗേറ്റ് രജിസ്ട്രേഷനെ സംബന്ധിച്ച് വ്യാപക പരാതികൾ ഉയരുന്നു. ഇന്ന് രാവിലെ പത്ത് മണി മുതലാണ് ഐ.എഫ്.‌എഫ്.കെയുടെ വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാമെന്ന് അറിയിച്ചിരുന്നത്. മുൻപ് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ലോഗ് ഇന്‍ ഐ.ഡി ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്യാനും കഴിയുമെന്നായിരുന്നു ചലച്ചിത്ര അക്കാദമിയുടെ അറിയിപ്പ്. എന്നാൽ ഓൺലൈനിൽ രജിസ്റ്റർ ചെയ്ത പലർക്കും കൺഫർമേഷൻ ലഭിച്ചില്ല. ഒന്നും രണ്ടും തവണ രജിസ്റ്റർ ചെയ്ത് കാശ് നഷ്ടപ്പെട്ടവരുണ്ട്. രജിസ്റ്റർ ആയ ചിലർക്ക് കൺഫർമേഷൻ വരാത്തതും ആശയകുഴപ്പം സൃഷ്ടിക്കുന്നുണ്ട്.

കോവിഡ് 19നെ തുടർന്ന് തിരുവനന്തപുരത്ത് മാത്രം നടത്തിയിരുന്ന ചലച്ചിത്ര പ്രദർശനം തിരുവനന്തപുരം, പാലക്കാട്, എറണാകുളം, തലശ്ശേരി എന്നിങ്ങനെ നാലിടത്തായാണ് ഇത്തവണ നടക്കുന്നത്. ഒരാള്‍ക്ക് ഒരിടത്ത് മാത്രമേ രജിസ്റ്റര്‍ ചെയ്യാൻ സാധിക്കൂ. സ്വദേശത്തിന്റെ അടുത്തുള്ള ഫെസ്റ്റിവല്‍ വേദിയില്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്യാനാവുക.

പൊതുവിഭാഗത്തിന് 750 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 400 രൂപയുമാണ് ഡെലിഗേറ്റ് ഫീസായി നൽകേണ്ടി വരുന്നത്. കൊവിഡ് നെഗറ്റീവ് ആണെങ്കില്‍ മാത്രമേ പ്രവേശനം നല്‍കുകയുള്ളൂവെന്നതും ഇത്തവണത്തെ മേളയിലെ പ്രത്യേകതയാണ്. പാസ് നല്‍കുന്നതിന് മുമ്പ് ആന്റിജന്‍ പരിശോധന നടത്തുമെന്നും നേരത്തെ അറിയിച്ചിരുന്നു.


Share now