
തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും താല്‍ക്കാലിക-പിന്‍വാതില്‍ നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുന്നത് മാനുഷിക പരിഗണനയുടെ പേരിലാണെന്ന മുഖ്യമന്ത്രിയുടെ ന്യായവാദം ശുദ്ധതട്ടിപ്പാണെന്ന് രേഖകള്‍ തെളിയിക്കുന്നു. റാങ്ക് പട്ടികയില്‍ നിന്ന് ആള് വരില്ലെന്നുറപ്പുള്ള തസ്തികയിലാണ് ഇത്തരം പുതിയ നിയമനങ്ങള്‍ നടത്തിയതെന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്.
എന്നാല്‍, സംസ്ഥാനത്തെ സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പുറമേ, പൊതുമേഖലാ സ്ഥാപനങ്ങളിലും സിപിഎം അനുഭാവികള്‍ക്കും നേതാക്കളുടെ മക്കള്‍ക്കും ഭാര്യമാര്‍ക്കും ഒരു മാനദണ്ഡവുമില്ലാതെയാണ് നിയമനങ്ങള്‍ നടത്തിയതെന്ന് വിവരാവകാശ-നിയമസഭാ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്്. സ്വജനപക്ഷവാദവും അഴിമതിയുമാണ് ഇത്തരം നിയമനങ്ങളില്‍ ഉടനീളം കണ്ടിരിക്കുന്നത്. ബിരുദവും-ബിരുദാനന്തര ബിരുദവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ലാസ്റ്റ് ഗ്രേഡ് നിയമനത്തിന് പോലും കാത്തിരിക്കുമ്പോഴാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പോലുമില്ലാത്ത സ്വപ്ന സുരേഷിനെ പോലുള്ളവര്‍ ലക്ഷങ്ങള്‍ ശമ്പളമായി വാങ്ങുന്ന തസ്തികകളില്‍ കയറിപ്പറ്റിയത്.
ചാനലുകളില്‍ വന്നിരുന്ന് വലിയ ആദര്‍ശ താത്വിക ന്യായീകരണങ്ങള്‍ പറയുന്ന ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ ഭാര്യ അമൃതാ സതീശന് തീരദേശ പരിപാലന അതോറിറ്റിയില്‍ നിയമനം ലഭിച്ചത് പിന്‍വാതിലിലൂടെയായിരുന്നു. തീരദേശ സംരക്ഷണ നിയമത്തില്‍ വ ിദഗ്ധയെന്ന പേരിലാണ് നിയമനം ലഭിച്ചിരിക്കുന്നത്. പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷകള്‍ അട്ടിമറിച്ച് ഡിവൈഎഫ്ഐ, എസ്എഫ്ഐ ഗുണ്ടകളെയും ക്രിമിനലുകള്‍ക്കും പിഎസ്.സി വഴി നിയമനം കിട്ടാന്‍ ഒത്തുകളിച്ചത് കേരളം കണ്ടതാണ്. കേരളത്തിലെ ഒട്ടുമിക്ക ഡിവൈഎഫ്ഐകാരുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും സര്‍്ക്കാര്‍ ജോലി ലഭിച്ചിരുന്നു. ഇതൊന്നും യോഗ്യതയുടെ അടിസ്ഥാനത്തില്‍ ലഭിച്ച നിയമനങ്ങളല്ല. ഡിവൈഎഫ്ഐ നേതാക്കന്മാരുടെ ഭാര്യമാര്ക്കുമാത്രമാണ് ജോലിയുടെ കാര്യത്തില്‍ നവോത്ഥാനമുണ്ടായിരിക്കുന്നത്.

എക്സൈസിന്റെ റാങ്ക് ലിസ്റ്റില്‍ പേരുണ്ടായിട്ടും തൊഴില്‍ കിട്ടാത്തതിന്റെ പേരില്‍ അനുവെന്ന ചെറുപ്പക്കാരന് ആത്മഹത്യ ചെയ്തിട്ടും ഡിവൈഎഫ്ഐയും എസ്എഫ്ഐയും അതിനെതിരെ ഒരു നേരിയ പ്രതിഷേധം പോലും ഉയര്‍ത്തിയിരുന്നില്ല. ബക്കറ്റില്‍ തൊഴിലെടുത്തുവെച്ചിട്ടില്ലെന്ന് പറഞ്ഞ് ചെറുപ്പക്കാരെ വെല്ലുവിളിച്ചും അവരെ അധിക്ഷേപിച്ചും തെറിപറഞ്ഞും കയറെടുപ്പിക്കുന്ന ഒരു പ്രസ്ഥാനമായി പിഎസ്.സി പിണറായി സര്‍ക്കാരിന്റെ കാലത്ത് മാറികഴിഞ്ഞു. ചെറുപ്പക്കാരുടെ സ്വപ്നങ്ങള്‍ തല്ലികെടുത്തുന്ന ഒരു സംവിധാനമായി പിഎസ്.സി മാറികഴിഞ്ഞു.
മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന് കൂടിയായ ഇ.പി. ജയരാജനെ സ്ഥാനഭ്രഷ്ടനാക്കിയത് ബന്ധുനിയമന വിവാദമായിരുന്നല്ലോ. പി.കെ ശ്രീമതിയുടെ മകനെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസ് മാനേജിങ്ങ് ഡയറക്ടറായി നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത്. പിന്നീട് ഹൈക്കോടതി ഇത് റദ്ദാക്കി. ആര്‍ക്കും ഒരു തെറ്റുപറ്റും എന്ന് പറഞ്ഞ് കൈയൊഴിയാന്‍ വരട്ടെ. ബന്ധുക്കളെ ഉന്നത സ്ഥാനങ്ങളില്‍ എത്തിക്കുവാനുള്ള ആത്മാര്‍ത്ഥ ശ്രമങ്ങള്‍ പിന്നെയും മുറപോലെ നടന്നു. പാര്‍ട്ടിയുടെ ഓമന പുത്രന് ഷംസീറിന്റെ ഭാര്യയുടെ കണ്ണൂര്‍ സര്‍വകലാശാലയിലെ അനധികൃത നിയമനത്തിലും ഹൈക്കോടതിക്ക് ഇടപെടേണ്ടി വന്ന സംഭവം തൊഴില്‍മേഖലയില്‍ ഈ സര്‍ക്കാരിന്റെ നയമെന്താണെന്ന് വ്യക്തമാക്കുന്നതായിരുന്നു. മന്ത്രി കെ.ടി ജലീലിന്റെ ബന്ധുവിനെ ന്യൂനപക്ഷ കോര്പറേഷന് ഡയറക്ടറാക്കിയതും, നിയമനം വിവാദമായപ്പോള്‍ റദ്ദാക്കി തലയൂരിയതും മറ്റൊരുദാഹരണം. കെ.കെ. ഷൈലജ ടീച്ചറിന്റെ മകന് കണ്ണൂര്‍ അന്താരാഷ്ട്രാ വിമാനത്താവളത്തിന്റെ ഐടി വിഭാഗം മാനേജരായത് എങ്ങനെയെന്നുള്ള ചോദ്യത്തിന് കൂടുതല്‍ വിശദീകരണം ആവശ്യമില്ല. ഏറ്റവുമൊടുവില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കോളേജില്‍ തൊഴില്‍ പരിചയം ഉള്ളവരെ പോലും ഒഴിവാക്കി അടിസ്ഥാന യോഗ്യതയായ നെറ്റ് പോലുമില്ലാത്ത സിപിഎം ജില്ലാ കമ്മറ്റി അംഗത്തിന്റെ ഭാര്യയ്ക്ക് അധ്യാപക നിയമനം നല്കി ബന്ധുനിയമനത്തില്‍ പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍ നിസംശയം പ്രഖ്യാപിച്ചു കഴിഞ്ഞു.

കൊറോണ പ്രതിരോധത്തിന്റെ പേരില്‍ ‘അസാധാരണ നീക്കങ്ങള്‍’ പലതും നടത്തിയ സര്‍ക്കാര്‍ വേണ്ടപ്പെട്ടവരുടെ താത്കാലിക നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുന്നതിലും അസാധാരണ ജാഗ്രത പുലര്‍ത്തിയിട്ടുണ്ട്. മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് തൊഴില്‍ വകുപ്പില്‍ എല്‍ഡി ക്ലര്‍ക്കായി സ്ഥിര നിയമനം നല്‍കിയത് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ പ്രതീക്ഷയായ എല്‍ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോള്ത്തന്നെയാണ്. ഈ മഹാമാരിക്കാലത്ത് ആരോഗ്യവകുപ്പിലും പിന്‍വാതില്‍ നിയമനങ്ങള്‍ തകൃതിയാണ്. ഇരുപത്തയ്യായിരം പേരുടെ സ്റ്റാഫ് നേഴ്സ് റാങ്ക് ലിസ്റ്റ്, പതിനായിരം പേരുടെ ഫാര്‍മസിസ്റ്റ് റാങ്ക് ലിസ്റ്റ് എന്നിവ നിലനില്‍ക്കെയാണ് ആറായിരം സ്വന്തക്കാര്‍ക്ക് താത്കാലിക നിയമനം നല്കി ഈ സര്‍ക്കാര്‍ മാതൃകയാകുന്നത്.
കഴിഞ്ഞ നാലു വര്‍ഷങ്ങളായി വിവിധ വകുപ്പുകളില്‍ നടന്നിട്ടുള്ള പിഎസ്സി നിയമനങ്ങള്‍ വളരെ കുറവാണ്. സിവില്‍ എക്സൈസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് 13 ശതമാനം നിയമനം മാത്രമാണ് ഇതുവരെ നടന്നതെന്നോര്‍ക്കണം. വിവിധ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതുമൂലം അവസരം നഷ്ടപ്പെടുന്നതായി ഉദ്യോഗാര്‍ത്ഥികള്‍ നിരന്തരം പരാതിപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത്തരത്തില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനെതിരെ യാതൊരു വിധ നടപടികളും സ്വീകരിക്കാതെ പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് അനുകൂല സാഹചര്യം ഒരുക്കി നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. 1635 പേര് കാഷ്യര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന കെഎസ്ഇബിയില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ഒഴിവുകള്‍ ഒന്നും ഉണ്ടാകുന്നില്ല എന്നത് ആശ്ചര്യകരമാണ്. കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പതിനൊന്ന് ജീവനക്കാരെ സ്ഥിരപ്പെടുത്തിയപ്പോള്‍ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 250 ല്‍ ഏറെ താല്‍ക്കാലിക ജീവനക്കാരാണ് സ്ഥിര നിയമനം നേടിയത്. യുവജനക്ഷേമ ബോര്‍ഡില്‍ 36 താത്കാലിക നിയമനങ്ങള്‍ സ്ഥിരപ്പെടുത്താനുള്ള അണിയറ നീക്കങ്ങള്‍ പുരോഗമിക്കുന്നു. റിസേര്‍വ് ഫോറസ്റ്റ് വാച്ചര്‍ ഒഴിവുകളില്‍ 2016 ല്‍ പിഎസ്സി പരീക്ഷ നടത്തി 3,646 പേരുടെ റാങ്ക്ലിസ്റ്റ് പ്രഖ്യാപിച്ചെങ്കിലും 2,300 സിപിഎംകാരെ താത്കാലിക നിയമനങ്ങള്‍ വഴി എടുക്കുകയാണ് ചെയ്തത്.
ഐടി വകുപ്പിന് കീഴിലുള്ള സിഡിറ്റില്‍ അമ്പതോളം താത്കാലിക നിയമനങ്ങള്‍ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. ഇങ്ങനെ കിലയിലും, വികലാംഗ ക്ഷേമ കോര്‍പറേഷനിലും, ലൈബ്രറി കൗണ്‍സിലിലും, സഹകരണ യൂണിയനിലും, കിത്താര്ഡ്സിലും, സ്കോള്‍ കേരളയിലുമെല്ലാം ഇഷ്ടക്കാരെ തിരുകിക്കയറ്റല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ലോക്ക് ഡൗണിന്റെ മറവില്‍ മലബാര്‍ സിമന്റ്സില്‍ സിഐടിയു ലേബര്‍ സൊസൈറ്റിയില്‍ ഉള്‍പ്പെട്ട 93 പേര്‍ക്കാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയല്ലാതെ, ചട്ടങ്ങളൊക്കെ കാറ്റില്‍പ്പറത്തി നിയമനം നല്‍കിയത്. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മലബാര്‍ സിമന്റ്സിലെ എല്ലാ താത്കാലിക നിയമനങ്ങളും സിപിഎം നിയന്ത്രണത്തിലുള്ള ലേബര്‍ സൊസൈറ്റി വഴിയാണ് നടത്തിയിട്ടുള്ളത്.

സ്വജനനിയമനങ്ങളുടെ സൗകര്യത്തിന് വേണ്ടി വെറും ആറ് മാസം മാത്രം പ്രായമായ സിവില്‍ പോലീസ് ഓഫീസര്‍ ലിസ്റ്റിന് നേര്‍ക്കും ഈ സര്‍ക്കാര്‍ വാതിലടച്ചു. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ലിസ്റ്റ് നീട്ടണമെന്ന ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം സര്‍ക്കാര്‍ മുഖവിലയ്ക്കെടുത്തിട്ടില്ല. ടിപി വേക്കന്‍സി വരെ അട്ടിമറിച്ചു. യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐക്കാര്‍ തട്ടിപ്പ് കാണിച്ചതിനെ തുടര്‍ന്ന് മാസങ്ങളോളം തടഞ്ഞുവച്ച എസ്ഐ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും ഒടുവില്‍ നിരാശ മാത്രം. സിപിഎമ്മിന്റെ പ്രിയപുത്രന്മാര് നസീമും ശിവരഞ്ജിത്തും ഇല്ലാത്ത ലിസ്റ്റില്‍ മറ്റുള്ളവരും രക്ഷപെടേണ്ട എന്നാവും പാര്‍ട്ടിനയം. അല്ലെങ്കിലും ടെസ്റ്റും ഫിസിക്കലും പാസായി റാങ്ക് ലിസ്റ്റില്‍ വരുന്നവരുടെ കഷ്ടപ്പാടുകള്‍ പുറംവാതിലിലൂടെ ബന്ധുക്കളെ നിയമിക്കുന്നവര്‍ക്ക് മനസ്സിലാകില്ലല്ലോ.
സ്വന്തം സര്‍ക്കാരിന്റെ വഞ്ചന മറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനങ്ങള്‍ നടത്തുന്നില്ല എന്ന പച്ചക്കള്ളം പരത്തുകയും കൂടിയാണ് സിപിഎം. 2017ല്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം 32,38,397 ആയിരുന്നെങ്കില്‍ 2019 ആയപ്പോഴേക്കും അത് 36,19,596 ആയി. അതായത് 3.81 ലക്ഷത്തിന്റെ വര്‍ധന.
പിണറായി സര്‍ക്കാരിന്റെ ഈ വഞ്ചനാനയത്തെ ന്യായീകരിക്കാന്‍ മുന്‍ എം.പിയും സിപിഎം നേതാവുമായ എം.ബി. രാജേഷിനെ കൊണ്ട് യൂട്യൂബില്‍ വീഡിയോ അവതരിപ്പിച്ചപ്പോള്‍ കേരളത്തിലെ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ വീഡിയോ ഡിസ്ലൈക് കൊടുത്താണ് മറുപടി നല്‍കിയത്. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ വോട്ടിങ് ബൂത്തില്‍ ലക്ഷക്കണക്കിന് ഡിസ്ലൈക് ചെയ്ത് പിണറായി വിജയനെ ഉദ്യോഗാര്‍ത്ഥികള്‍ പുറത്താക്കുമെന്നുള്ളത് തീര്‍ച്ചയാണ്.
ചട്ടങ്ങള്‍ ഒക്കെ കാറ്റില്‍പ്പറത്തിയും, വിജ്ഞാപനങ്ങളില്‍ തങ്ങള്‍ക്ക് അനുകൂലമായ തിരുത്തലുകള്‍ വരുത്തിയും അനധികൃത നിയമനങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത് ജനപ്രതിനിധികള്‍ പ്രതിജ്ഞ ചെയ്യുന്ന ഭരണഘടനാ മൂല്യങ്ങളാണ്. തകര്‍ക്കപ്പെടുന്നത് പരിശ്രമശാലികളായ യുവാക്കളുടെ പ്രതീക്ഷകളാണ്, ജീവിതമാണ്.
2019 ല്‍ കിഫ്ബിയിലേക്ക് മാത്രം 117 പേരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചു. 30000 മുതല്‍ 80000 രുപ വരെയുള്ള ശമ്പളത്തിലാണ് കിഫ് ബി യില്‍ നടത്തിയിരിക്കുന്നത്. പി എസ് സി റാങ്ക് ലിസ്റ്റുകളോ, എംപ്ലോയി മെന്റ് എക്സ്ചേഞ്ച് കളിലെ ലിസ്റ്റ് കളോ ഒന്നും കി ഫ്ബിക്ക് ബാധകമല്ല. എല്ലാം സി പി എം നേതാക്കളുടെ ബന്ധുക്കള്‍ക്കും അനുയായികള്‍ക്കും മാത്രം! ചില സര്‍ക്കാര്‍ വകുപ്പുകളില്‍ പിഎസ് സി വഴി നിയമനം നടത്താന്‍ സ്പെഷ്യല്‍ റൂള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി സ്ഥിരം തള്ളലുകള്‍ നടത്താറുണ്ട്. പക്ഷേ, ഒന്നും നടക്കാറില്ലെന്ന് മാത്രം!
കൊട്ടക്കണക്കിന് വികസനം സംസ്ഥാനത്ത് നടപ്പാക്കുമെന്ന് വീമ്പിളക്കുന്ന കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡ് (കി ഫ്ബി) യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ വന്‍ ശമ്പളത്തിനാണ് നിയമനം നടത്തുന്നത്. അഞ്ച് വര്‍ഷത്തിനിടയില്‍ 55000 കോടി രൂപയുടെ വികസനം നടത്തുമെന്നായിരുന്നു പ്രഖ്യാപനം. നാളിതുവരെ 5000 കോടി രൂപയുടെ അടിസ്ഥാന വികസനം പോലും നടത്താന്‍ കഴിഞ്ഞിട്ടില്ല. കോടികള്‍ മുടക്കി വികസന സപ്ലിമെന്റുകള്‍ സ മാധ്യമങ്ങളിലൂടെ ഇറക്കുന്നതാണ് പ്രധാന വികസന പ്രക്രിയ. പ്രതിദിനം പതിനായിരം രൂപയ്ക്ക് ഉപദേശകരെ ആവശ്യമുണ്ടെന്നാവശ്യപ്പെട്ട് കി ഫ്ബിയുടെ പരസ്യം ഇക്കഴിഞ്ഞ ആഴ്ച സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ചീഫ് സെക്രട്ടറിയേക്കാള്‍ ശമ്പളം വാങ്ങുന്ന വ്യക്തിയാണ് കിഫ്ബി യുടെ സി.ഇ. ഒ

കിഫ്ബി മീഡിയാ മാനേജ് ഗ്രൂപ്പിന്റെ കോര്‍ഡിനേറ്റര്‍ക്ക് പ്രതിമാസം 80,000 രൂപയാണ് ശമ്പളം. കിഫ്ബിയിലെ പ്രോജക്ടുകള്‍ പരിശോധിക്കാനായുള്ള അപ്രൈസല്‍ ഡിവിഷന്റെ ചീഫ് പ്രോജക്ട് എക്സാമിനര്‍ ആണ് തലവന്‍. മാസ ശമ്പളം 2.5 ലക്ഷം രൂപ. അദ്ദേഹത്തിന്റെ കീഴില്‍ വിദഗ്ധ സമിതിയുമുണ്ട്. ഈ സംവിധാനമുള്ളപ്പോള്‍ തന്നെ കിഫ്ബി പ്രോജക്ടുകള്‍ പരിശോധനക്കായി പുറത്തുള്ള ടെറാനസ് എന്ന കമ്പനിയെയും ചുമതലപ്പെടുത്തി. കടലാസ് കമ്പനിയായ ഇവര്‍ക്ക് 10 കോടി രൂപയോളം ഇതിനകം നല്‍കിയിട്ടുണ്ട്. ഇങ്ങനെ നിരവധി ധൂര്‍ത്താണ് കിഫ്ബിയില്‍ നടക്കുന്നത്. അവ പുറത്തു വരാതിരിക്കാനാണ് സിഎജി ഓഡിറ്റിംഗ് വേണ്ടായെന്ന് സര്‍ക്കാരും കിഫ് ബി പറയുന്നത്.