രാംദേവിന്റെ മരുന്ന് മതിയെങ്കില്‍ പിന്നെയെന്തിനാണ് 35,000 കോടി വാക്‌സിന് വേണ്ടി ചിലവഴിക്കുന്നത്? ഒരു ആധുനിക ഡോക്ടര്‍ക്കും പതഞ്‌ജലി പ്രോത്സാഹിപ്പിക്കാനാകില്ല; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് ഐ.എം.എ

Share now

ന്യൂഡൽഹി: ബാബ രാംദേവിന്റെ പതഞ്ജലിയുടെ കോവിഡ് പ്രതിരോധ മരുന്നായ കൊറോണിൽ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ). രാംദേവിന്റെ മരുന്ന് മതിയായിരുന്നെങ്കിൽ പിന്നെയെന്തിനാണ് 35,000 കോടി വാക്‌സിന് വേണ്ടി ചിലവഴിക്കുന്നതെന്ന് ഐ.എം.എ ചോദിച്ചു. ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ ചട്ടപ്രകാരം ആധുനിക ഡോക്ടർമാർ ആരും തന്നെ പതഞ്‌ജലി ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കില്ല. സര്‍ക്കാര്‍ നടപടി രാജ്യത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇത് മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല എന്നും അസോസിയേഷന്‍ വ്യക്തമാക്കി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോവിഡിനെതിരെ ഫലപ്രദമായ മരുന്നെന്ന് അവകാശപ്പെട്ട് പതജ്ഞലി കൊറോണില്‍ പുറത്തിറക്കിയത്. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധനും ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. തുടർന്നായിരുന്നു വിവാദങ്ങൾ തുടങ്ങിയത്. പതഞ്ജലിയുടെ കോവിഡ് മരുന്നിന് ലോകാരോഗ്യ സംഘടന അനുമതി നല്‍കിയെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഐ.എം.എ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനോട് വിശദീകരണം ചോദിച്ചത്. എന്നാല്‍, പതഞ്ജലിയുടെ അവകാശ വാദം ലോകാരോഗ്യ സംഘടന തള്ളിയിരുന്നു.


Share now