മന്ത്രിപുത്രന്മാരുടെ ചെളിവാരിയെറിയല്‍ തുടങ്ങി കഴിഞ്ഞു; ഇനി പല നാറുന്ന കഥകള്‍ പുറത്ത് വന്നേക്കാം; സിപിഎമ്മിനുള്ളില്‍ ചേരിപോര് സജീവം

Share now

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ പൊട്ടിത്തെറി. കൊടിയേരിയുടെ മകന്‍ ബിനീഷ് തന്റെ മകന്‍ ജയ്‌സനെ ബോധപൂര്‍വ്വം കുടുക്കിയതാണെന്ന ആക്ഷേപവുമായി മന്ത്രി ജയരാജന്‍ പാര്‍ട്ടിക്ക് മുന്നിലേക്ക്. ഇതിന്റെ ഭാഗമായി ഇനി ഒട്ടേറെ വിഴുപ്പുകള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്.

തന്റെ മകന്റെ പേരും പടവും വലിച്ചിഴച്ചതില്‍ ഗൂഢാലോചനയുണ്ടെന്നാണ് ജയരാജന്റെ പരാതി. സ്വപ്‌നയ്‌ക്കൊപ്പം ജയ്‌സണ്‍ നില്‍ക്കുന്ന പടം പുറത്ത് വിട്ടത് ബിനീഷ് കൊടിയേരിയാണെന്നാണ് ജയരാജനും കുടുംബവും സംശയിക്കുന്നത്. സ്വപ്‌നയുമൊത്ത് നില്‍ക്കുന്ന ജയ്‌സന്റെ ഫോട്ടോ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൊടുത്തതിന് പിന്നിലും ബിനീഷിന്റെ കൈയുണ്ടെന്നാണ് സംശയിക്കുന്നത്. ദീര്‍ഘനാളുകളായി കൊടിയേരിയും ജയരാജനും തമ്മില്‍ പാര്‍ട്ടിക്കുള്ളില്‍ ചേരിപോരും ശീതസമരവും നടന്നുവരികയാണ്.

ബന്ധുനിയമനത്തിന്റെ പേരില്‍ ജയരാജനെ കൈയോടെ പിടിച്ച് പുറത്താക്കാന്‍ കൊടിയേരി ബാലകൃഷ്ണന്‍ അത്യുത്സാഹം കാണിച്ചുവെന്ന് അക്കാലത്തെ ജയരാജന്‍ പലരോടും പരിഭവം പറഞ്ഞിരുന്നു. മന്ത്രിസഭയിലെ രണ്ടാമനാണ് താനെന്ന് ജയരാജന്‍ അവകാശപ്പെട്ടതിനെയും പാര്‍ട്ടി വേദികളില്‍ കൊടിയേരിയും കൂട്ടരും എതിര്‍ത്തിരുന്നത് പരസ്യമായ രഹസ്യമാണ്. കൊടിയേരിയുടെ മക്കള്‍ അറബിയെ കബളിപ്പിച്ച് കോടികളുമായി മുങ്ങിയ സംഭവം പുറത്താക്കിയതിന് പിന്നില്‍ ജയരാജന്റെ മക്കളാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.

സിപിഎമ്മിലെ പല മന്ത്രിമാരുടെയും മക്കളുടെ വഴിവിട്ട ഇടപാടുകളുടെ കഥകള്‍ ഉപയോഗിച്ച് പരസ്പരം ബ്ലാക്‌മെയിലിംഗ് നടക്കുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. പ്രത്യേകിച്ച് ജോലിയോ വരുമാനമോ ഇല്ലാത്ത കൊടിയേരിയുടെയും ജയരാജന്റെയും മക്കളുടെ അനധികൃത സ്വത്ത് സമ്പാദനം പാര്‍ട്ടി വൃത്തങ്ങളില്‍ ചര്‍ച്ചയായിട്ട് നാളുകളേറെയായി. വന്‍കിട മുതലാളിമാരുമായി ചങ്ങാത്തമുണ്ടാക്കി റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലും, വന്‍ വ്യവസായ നിക്ഷേപങ്ങളിലും ഇവര്‍ പങ്കാളികളായതിന്റെ കഥകള്‍ നാട്ടില്‍ പാട്ടാണ്. തെന്മലയിലും, വണ്ടിപെരിയാറിലുമൊക്കെ 2006-ലെ മന്ത്രിസഭയുടെ കാലത്ത് മന്ത്രി മക്കളിടപ്പെട്ട് വാങ്ങിയ എസ്റ്റേറ്റുകളെക്കുറിച്ചുള്ള കഥകള്‍ ഇപ്പോള്‍ പുറത്ത് വന്ന് തുടങ്ങിയിട്ടുണ്ട്. കോടികള്‍ മുടക്കി ബിനാമി പേരുകളിലാണ് മിക്ക എസ്റ്റേറ്റുകളും വാങ്ങി കൂട്ടിയിരിക്കുന്നത്.

സുപ്രീം കോടതിയുടെ വിധികള്‍ മറികടന്നാണ് തെന്മലയിലെ തോട്ടം മറിച്ചുവിറ്റത്. ഇതിന് പിന്നിലും മന്ത്രിപുത്രന്മാരുടെ സ്വാധീനമുണ്ടായിരുന്നു. വി.എസ് മന്ത്രിസഭയുടെ കാലത്ത് ഈ മന്ത്രിപുത്രന്മാര്‍ സംസ്ഥാനത്തകത്തും പുറത്തുമായി ഒട്ടേറെ വസ്തുക്കള്‍ വാങ്ങികൂട്ടിയെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ വന്‍ തോതില്‍ ബിനാമി പേരുകളില്‍ വസ്തു വാങ്ങികൂട്ടിയതായും ഇ.ഡിക്ക് വിവരമുണ്ട്. ഏതായാലും, മന്ത്രിപുത്രന്മാരുടെ നാറുന്ന പല കഥകളും ഇനിയുള്ള ദിവസങ്ങളില്‍ പുറത്ത് വരുമെന്നുറപ്പായി കഴിഞ്ഞു.


Share now