മനോരമ ചാനലില്‍ വിളമ്പിയ മണ്ടത്തരം ജെയ്ക് പിന്‍വലിച്ചു; കേരളത്തിലെ മുസ്ലീംങ്ങള്‍ അറബി മലയാളം ഖുറാനാണ് വായിക്കുന്നതെന്ന പിഴവാണ് പിന്‍വലിച്ചത്; ഡിവൈഎഫ്‌ഐ നേതാക്കളുടെ ചാനലുകളിലെ പൊട്ടത്തരങ്ങള്‍ ട്രോളറന്മാര്‍ക്ക് ചാകര

Share now

ആരോപണങ്ങളില്‍ മുങ്ങിനില്‍ക്കുന്ന മന്ത്രി കെ.ടി ജലീലിനെ അന്തംവിട്ട് ന്യായീകരിക്കാന്‍ പുതിയ പുതിയ കണ്ടുപിടുത്തങ്ങളുമായി ചാനല്‍ ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെടുന്നവരാണ് ഡിവൈഎഫ്‌ഐ നേതാക്കള്‍. എം.സ്വരാജിന്റെ കുണ്ടന്നൂര്‍ പാലത്തിന്റെ നിര്‍മ്മാണ കഥകള്‍ മുതല്‍ ഏറ്റവും ഒടുവില്‍ ജെയ്ക് സി തോമസിന്റെ അറബി മലയാളം ഖുറാന്‍ വരെ ട്രോളറന്മാര്‍ക്ക് നിറഞ്ഞാടാന്‍ പറ്റിയ വിഭവങ്ങളാണ്.

ഇക്കഴിഞ്ഞ ദിവസം ജലീലിനെ ന്യായീകരിക്കാന്‍ മനോരമ ചാനലില്‍ വന്ന കൂട്ടത്തിലാണ് ജെയ്ക് തന്റെ അറബി ഭാഷയിലെ പാണ്ഡിത്യം ചര്‍ച്ചയില്‍ വിളമ്പിയത്. കേരളത്തിലെ മുസ്ലീംങ്ങള്‍ അറബി മലയാളം ഖുറാനാണ് വായിച്ചുപഠിക്കുന്നതെന്നായിരുന്നു അദ്ദേഹം തട്ടിവിട്ടത്. ഈ മണ്ടത്തരം കക്ഷിഭേദമന്യേ ട്രോളറന്മാരും ഈ രംഗത്തറിവുള്ള പണ്ഡിതന്മാരും കൊണ്ടാടി. മണ്ടത്തരങ്ങള്‍ എഴുന്നള്ളിക്കുന്നതില്‍ മടിയില്ലാത്തവരായത് കൊണ്ട് ആദ്യ ദിവസങ്ങളിലൊന്നും തിരുത്താന്‍ ശ്രമിച്ചില്ല. ഒടുവില്‍ പിടിച്ച് നില്‍ക്കാന്‍ പറ്റാതായപ്പോള്‍ ജെയ്ക്ക് തെറ്റു ഏറ്റുപറഞ്ഞ് ഖേദപ്രകടനം നടത്തി. സംസാരമധ്യേ സംഭവിച്ച പിഴവാണെന്നും അപ്പോള്‍ തന്നെ തിരുത്തിയെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. ഇത്തരമൊരു തെറ്റ് ഉണ്ടാകാന്‍ പാടില്ലെന്നും ജെയ്ക്ക് വിശദീകരിച്ചു.

ജെയ്കിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

മനോരമ ന്യൂസില്‍ നടന്ന സംവാദത്തില്‍ അറബി മലയാളത്തിലാണ് കേരളത്തില്‍ വിശുദ്ധ ഖുര്‍ആന്‍ പ്രിന്റ് ചെയ്യുന്നത് എന്ന് പറഞ്ഞത് സംസാര മദ്ധ്യേ സംഭവിച്ച പിഴവാണ്. മലബാറിലെ സാധാരണക്കാരായ മുസ്‌ലിംകള്‍ അറബി മലയാളം വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇത്തരം സാധാരണക്കാരായ വിശ്വാസികള്‍ക്ക് അനായാസം പാരായണം ചെയ്യുവാന്‍ കഴിയും വിധമുള്ള അറബി മലയാളം അഥവാ ഖത്ത് ഫുന്നാനി (പൊന്നാനി ലിപി) ലിപിയിലാണ് വി.ഖുര്‍ആന്‍ തിരൂരങ്ങാടി കേന്ദ്രീകരിച്ചുള്ള പ്രസ്സുകളില്‍ പ്രിന്റ് ചെയ്യുന്നത് എന്നാണ് ചൂണ്ടികാട്ടുവാന്‍ ആഗ്രഹിച്ചത്. പിഴവുണ്ടായി തൊട്ടടുത്ത നിമിഷം തന്നെ അറബി മലയാളം ലിപി എന്നു പറഞ്ഞ് തിരുത്തിയെങ്കിലും ആദ്യമുണ്ടായ തെറ്റു പോലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴീ വിശദീകരണം നല്‍കുന്നത്.

ഇന്നലെ മനോരമ ന്യൂസിൽ നടന്ന സംവാദത്തിൽ അറബി മലയാളത്തിലാണ് കേരളത്തിൽ വിശുദ്ധ ഖുർആൻ പ്രിന്റ് ചെയ്യുന്നത് എന്നു പറഞ്ഞത്…

Posted by Jaick C Thomas on Tuesday, 15 September 2020

ചര്‍ച്ചയ്ക്കിടെ മന:പൂര്‍വമല്ലാതെ സംഭവിച്ച വീഴ്ച്ച ആര്‍ക്കെങ്കിലും മനോവിഷമം സൃഷ്ടിച്ചുവെങ്കില്‍ ഖേദം അറിയിക്കുന്നു. അറബ് രാജ്യങ്ങളിലും കേരളത്തിലും മുന്‍പുണ്ടായിരുന്ന ലിപി വ്യതാസത്തെ പൂര്‍ണാര്‍ത്ഥത്തില്‍ പ്രതിഫലിപ്പിക്കുക ആയിരുന്നു ലക്ഷ്യമെങ്കിലും സംഭവിച്ച പിഴവിനെ തെല്ലും ന്യായീകരിക്കുന്നില്ല. ലിപിഭേദങ്ങളെയും, പിശകുകളെയും ഒക്കെ സമഗ്രമായി ചൂണ്ടിക്കാണിച്ച മുഴുവന്‍ ആളുകളുടെയും നിര്‍ദേശങ്ങളെയും വിമര്‍ശനങ്ങളെയും കൃതജ്ഞതയോടെ തന്നെ സ്വാഗതം ചെയ്യുന്നു.

പക്ഷേ അപ്പോഴും ‘ദുബായ് ഭരണാധികാരിയായിരുന്ന ഷെയ്ഖ് മക്തൂമിന്റെ സ്മരണയ്ക്ക്’ എന്ന് ആലേഖനം ചെയ്ത, ഈ ഖുറാനുകള്‍ കേരളത്തിലെ വിപണിയില്‍ വാങ്ങാന്‍ കിട്ടില്ല എന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുന്നു. ചര്‍ച്ചയില്‍ മുസ്‌ലിം ലീഗ് പ്രതിനിധി പറഞ്ഞതു പോലെ തൂക്കം ഒപ്പിക്കാന്‍ അടുത്ത കടയില്‍ നിന്നു വാങ്ങി വയ്ക്കാവുന്നതല്ല യു.എ.ഇയില്‍ നിന്ന് അയച്ചിട്ടുള്ള ഈ വി.ഖുറാനുകള്‍.


Share now