നിങ്ങൾ പാർലമെൻറിൽ വരുന്നുണ്ടെങ്കിൽ ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തി പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നൽകാൻ ബാധ്യസ്‌ഥരാണ്; മോദിയ്‌ക്കെതിരെ ജയറാം രമേശ്

Share now

ന്യൂഡൽഹി: പാർലമെന്റിലെ ചോദ്യോത്തര വേള ഒഴിവാക്കിയതിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ്. നിങ്ങൾ പാർലമെൻറിൽ എത്തുകയാണെങ്കിൽ ദേശീയ താൽപ്പര്യം മുൻനിർത്തി കൊണ്ടുള്ള പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ബാധ്യസ്‌ഥരാണെന്ന് ജയറാം രമേശ് ട്വീറ്റ് ചെയ്തു. പാര്‍ലമെന്റ് നടപടികള്‍ നല്ലരീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ എം.പിമാർ സഹകരിക്കണമെന്ന് നരേന്ദ്ര മോദി അഭ്യർത്ഥിച്ചിരുന്നു . പിന്നാലെയാണ് വിമർശനവുമായി ജയറാം രമേശ് എത്തിയത്.

പ്രധാനപ്പെട്ട മൂന്ന് ചോദ്യങ്ങൾക്കാണ് മറുപടി ലഭിക്കേണ്ടത്. ഒന്ന് രാജ്യത്തെ കോവിഡ് വ്യാപനത്തെ കുറിച്ചാണ്. ഒപ്പം രാജ്യത്തെ തകർന്നടിഞ്ഞ സമ്പദ് വ്യവസ്‌ഥയെ സംബന്ധിച്ചും, ഇന്ത്യ-ചൈന തർക്കത്തെ കുറിച്ചും പ്രതിപക്ഷത്തിനും രാജ്യത്തെ ജനങ്ങൾക്കും അറിയേണ്ടതുണ്ടെന്നും ജയറാം രമേശ് പറഞ്ഞു. ലഡാക്കിലുള്ള ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരുന്നു. കോണ്‍ഗ്രസ് എം.പി അധിര്‍ രജ്ഞന്‍ ചൗധരിയും കെ. സുരേഷുമാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.


Share now