അടുത്ത മലക്കം മറിച്ചിലുമായി കെ.ടി. ജലീല്‍; മന്ത്രിയെന്ന നിലയിലല്ല വ്യക്തിപരമായാണ് കോണ്‍സുലേറ്റില്‍ നിന്ന് സഹായങ്ങള്‍ കൈപ്പറ്റിയത്

Share now

തിരുവനന്തപുരം: യു.എഇ കോണ്‍സുലേറ്റില്‍ നിന്ന് സഹായം കൈപ്പറ്റിയത് മന്ത്രിയെന്ന നിലയിലല്ലെന്ന് കെ.ടി. ജലീല്‍. ലോകായുക്തയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സഹായം പറ്റിയത് വ്യക്തിപരമായെന്ന നിലപാട് മന്ത്രി സ്വീകരിച്ചിരിക്കുന്നത്. ഇത്രയും ദിവസം ജലീലും മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സി.പി.എം നേതാക്കളും പറഞ്ഞിരുന്നതിന് വിപരീതമായ കാര്യമാണ് ലോകായുക്തക്ക് മുന്നില്‍ കെ.ടി. ജലീല്‍ അവതരിപ്പിച്ചിരിക്കുന്നത്. കോണ്‍സുലേറ്റുമായും സ്വപ്‌നക്കടത്ത് കേസിലെ പ്രതി സ്വപ്‌നയുമായും മന്ത്രിക്ക് അനധികൃത ബന്ധമുണ്ടെന്ന വിവാദമുണ്ടായതിനു പിന്നാലെ മന്ത്രിയെന്ന നിലയിലാണ് ജലീല്‍ സഹായം കൈപ്പറ്റിയതെന്ന വാദമാണ് മുന്നോട്ട് വെച്ചിരുന്നത്.

യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നും എഫ്.സി.ആര്‍.എ നിയമം ലംഘിച്ച സഹായം സ്വീകരിച്ച ജലീലിനെ മന്ത്രി സ്ഥാനത്തു നിന്നും അയോഗ്യനാക്കണമെന്ന് അവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് എ.എം രോഹിത് ലോകായുക്തയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് വ്യക്തിപരമായാണ് സഹായം കൈപ്പറ്റിയതെന്ന് മന്ത്രി പറയുന്നത്.

വ്യക്തിപരമായ നിലയിലാണ് താന്‍ യു എ ഇ കോണ്‍സിലേറ്റില്‍ നിന്നും സഹായം കൈപ്പറ്റിയതെന്നും മന്ത്രിയെന്ന നിലയില്‍ താന്‍ സഹായം ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് ജലീല്‍ പറയുന്നത്. എന്നാല്‍ ഇന്നലെ പത്രസമ്മേളനത്തില്‍ മന്ത്രിയെന്ന നിലയിലാണ് സഹായം കൈപ്പറ്റിയതെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചിരുന്നു.
മറ്റ് സഹായങ്ങളൊന്നും മന്ത്രിയെന്ന നിലയില്‍ താന്‍ കോണ്‍സുലാര്‍ ജനറലില്‍ നിന്ന് ആവശ്യപ്പെട്ടില്ലെന്നും ജലീല്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇതോടൊപ്പം സമര്‍പ്പിച്ചിരിക്കുന്ന വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടില്‍ ജലീല്‍ 500 രൂപയുടെ 1000 ഭക്ഷ്യക്കിറ്റും ഖുറാനും ആവശ്യപ്പെടുന്നുണ്ട്. കേന്ദ്രാനുമതി ഇല്ലാതെ വ്യക്തിപരമായി കോണ്‍സുലേറ്റില്‍ നിന്ന് സഹായം കൈപ്പറ്റിയാല്‍ എഫ്.സി.ആര്‍.എ ചട്ടങ്ങളുടെ ലംഘനമാകുമെന്നിരിക്കെയാണ് ഇത്തരമൊരു ആക്ഷേപം ലോകായുക്തയില്‍ സമര്‍പ്പിച്ചിട്ടുള്ളത്.
ഇതിനു പുറമേ അടുത്ത സിറ്റിങ്ങില്‍ കോണ്‍സുലാര്‍ ജനറലുമായുള്ള ചാറ്റിന്റെ മുഴുവന്‍ വിശദാംശങ്ങളും ഹാജരാക്കാനും ലോകായുക്ത അവശ്യപ്പെട്ടിട്ടുണ്ട്.


Share now