കേസ് വന്നാലും രാജി വെക്കില്ലെന്ന് സിപിഎം; ജലീലിനെ രക്ഷിക്കാന്‍ പുതിയ ന്യായീകരണങ്ങള്‍; അന്വേഷണ ഏജന്‍സികള്‍ക്കെതിരെ തിരിഞ്ഞ് പാര്‍ട്ടി

Share now

തിരുവനന്തപുരം: സിപിഎം നേതാക്കള്‍ പതിവ് ന്യായീകരണങ്ങളുമായി മന്ത്രി കെ.ടി ജലീലിനെ രക്ഷിക്കാന്‍ രംഗത്ത് വന്നുകഴിഞ്ഞു. എന്‍ഐഎ ചോദ്യം ചെയ്തുവെന്നതിന്റെ പേരില്‍ മന്ത്രി രാജി വെക്കേണ്ടതില്ലെന്നാണ് സിപിഎമ്മിന്റെ ഔദ്യോഗിക നിലപാട്. കേസ് വന്നാല്‍ പോലും രാജിവെക്കണ്ട എന്നാണ് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് എം.വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടത്.

സ്വര്‍ണ്ണക്കടത്ത് അന്വേഷണം പോകേണ്ടത് വിദേശകാര്യ സഹമന്ത്രി വി മുരളീധരനിലേക്കും ജനം ടിവി കോര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരിലേക്കുമാണെന്നും ഗോവിന്ദന്‍ മാഷ് പറഞ്ഞു. ജലീല്‍ ഏതെങ്കിലും നിയമലംഘനം നടത്തി എന്നതില്‍ ചോദ്യം ചെയ്യുന്നതില്‍ അസാധാരണമായി ഒന്നും കാണേണ്ടതില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. ഇത് സാങ്കേതികം മാത്രമാണ്. ജലീലും മുഖ്യമന്ത്രിയും കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭയപ്പെടാന്‍ ഉള്ള യാതൊരു കാര്യവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു വിഷയത്തിലും ആശങ്കയില്ല. സംശയം ഉണ്ടാക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ ശ്രമിക്കും. കുഞ്ഞാലിക്കുട്ടി രാജിവെക്കാന്‍ ഇടയായ കീഴ്വഴക്കം ഒന്നും ജലീലിന്റെ കാര്യത്തില്‍ ഇല്ല. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി ഉപയോഗപ്പെടുത്തുന്നത് നിരവധി സന്ദര്‍ഭങ്ങളില്‍ കണ്ടിട്ടുള്ളതാണ്. കേരളത്തിലെ പ്രതിപക്ഷം ഒരു രാഷ്ട്രീയ പരാജയമാണ്. കളവുകള്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ ഉള്ള പദ്ധതി പ്രതിപക്ഷം തയ്യാറാക്കിയിട്ടുണ്ട്. നേതാക്കളുടെ കുടുംബത്തെയും കടന്നാക്രമിക്കുന്നു. നികൃഷ്ടമായ പ്രവര്‍ത്തന രീതി ആണ് പ്രതിപക്ഷം ഇപ്പോള്‍ നടത്തിക്കൊണ്ട് ഇരിക്കുന്നത്. പ്രതിപക്ഷത്തിന് നിരാശപ്പെടേണ്ടി വരുമെന്നും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഉള്ള ഒരു ഉപകരണം ആയി അന്വേഷണ ഏജന്‍സികള്‍ മാറാന്‍ പാടില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.


Share now