ജെസ്‌നയുടെ തിരോധാനം; ഹേബിയസ് കോര്‍പസ് ഹര്‍ജി പിന്‍വലിച്ചു

Share now

കൊച്ചി: കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്ന ജെസ്‌ന മരിയ ജയിംസിനെ കണ്ടെത്തണം എന്നാവശ്യപ്പെട്ടുള്ള ഹേബിയസ് കോര്‍പസ് ഹര്‍ജി പിന്‍വലിച്ചു. സാങ്കേതിക പിഴവുകള്‍ ഉള്ള ഹര്‍ജി തള്ളേണ്ടിവരും എന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയതോടെയാണ് ഹര്‍ജി പിന്‍വലിച്ചത്. ജസ്റ്റിസ് വിനോദ് ചന്ദ്രന്‍, എം ആര്‍ അനിത എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

കൊച്ചിയിലെ ക്രിസ്ത്യന്‍ അലയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടനയാണ് ഹര്‍ജിക്കാര്‍. രണ്ട് വര്‍ഷമായി ജെസ്നയെ കാണാതായിട്ടെന്നും ഇക്കാര്യത്തില്‍ കോടതി ഇടപെടല്‍ വേണമെന്നും ആണ് ഹര്‍ജിക്കാരുടെ ആവശ്യം. 2018 മാര്‍ച്ച് 22 നാണ് കോളേജിലേക്ക് പോയ ജെസ്നയെ കാണാതാകുന്നത്.

പൊലീസ് മേധാവി, മുന്‍ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി, ജെസ്നയുടെ തിരോധാനം അന്വേഷിച്ച പത്തനംതിട്ട മുന്‍ എസ്പിയും വിരമിച്ച ഉദ്യോഗസ്ഥനുമായ കെ ജി സൈമണ്‍ എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി. ഇതിനിടെ ചില ഉദ്യോഗസ്ഥരുടെ പേരില്‍ ജെസ്നയെ കണ്ടെത്തി എന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചെങ്കിലും ഇക്കാര്യത്തില്‍ പൊലീസ് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.


Share now