
സംവിധായകന് ജോണ്‍ എബ്രഹാമിന്റെ പൂര്‍ത്തിയാകാതെ പോയ കയ്യൂര്‍ എന്ന സിനിമയുടെ തിരക്കഥ പുസ്തക രൂപത്തില്‍ ഇറങ്ങി. 41 സീനുകളാണ് ഈ തിരക്കഥയിലുള്ളത്. ബാക്കിയുള്ളത് ഷോട്ട് വിഭജനമൊന്നും നടത്താതെയാണെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. ഈ പുസ്തകത്തിന് ആമുഖ ലേഖനമെഴുതിയിരിക്കുന്നത് നടനും സംവിധായകനുമായ ജോയ് മാത്യുവാണ്. ഈ സിനിമയില്‍ തനിക്ക് ജോണ്‍ ഒരു പ്രധാനപ്പെട്ട വേഷം വാഗ്ദാനം ചെയ്തിരുന്നുവെന്ന് ജോയ്മാത്യു എഴുതിയിട്ടുണ്ട്.

ജനകീയ സാംസ്കാരിക വേദിയെന്ന സംഘനയായിരുന്നു കയ്യൂരിന്റെ ചരിത്രം സിനിമയാക്കാന്‍ മുന്നിട്ടിറങ്ങിയത്. കാസര്‍ഗോഡുള്ള ഒരാളായിരുന്നു സിനിമയ്ക്ക് പണം മുടക്കാന്‍ തയ്യാറായി വന്നത്. കാസര്‍ഗോഡും പരിസരങ്ങളിലും ഇതിന് വേണ്ടിയുള്ള ചര്‍ച്ചകളും ഗവേഷണങ്ങളും സജീവമായി നടന്നു. കവി സച്ചിദാനന്ദന്, ബി രാജീവ്, കെ.ജി ശങ്കരപിള്ള,കടമ്പനിട്ട തുടങ്ങിയ ജോണിന്റെ സുഹൃത്തുക്കളുമൊത്ത് സജീവ ചര്‍ച്ചകളും നടന്നു. സിനിമയുടെ ഭാഗമായി തന്നോട് പുലിക്കളി പഠിക്കാന്‍ പറഞ്ഞതൊക്കെ ജോയ് മാത്യു ഓര്‍ത്തെഴുതിയിട്ടുണ്ട്.
ജോണിന്റെ അമ്മയറിയാന്‍ എന്ന പ്രസിദ്ധമായ സിനിമയ്ക്ക് മുന്‍പാണ് കയ്യൂരിന്റെ നിര്‍മ്മാണം ആരംഭിച്ചതെങ്കിലും പലവിധ കാരണങ്ങളാല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. സിനിമ തുടങ്ങിയതിനെക്കുറിച്ച് ജോയ്മാത്യു ഇങ്ങനെ എഴുതുന്നു. ‘ അങ്ങനെ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നു. ബാലേട്ടന് അഭിനയിക്കുന്ന ചില സീനുകള്‍ ആയിരുന്നും ആദ്യം ചിത്രീകരിച്ചത്. അതിനായി ഛായാഗ്രഹകന് ദിവാകരമേനോനും സംഘവുമെത്തി. കലാ സംവിധായകനായി കാഞ്ഞങ്ങാട്ടെ ചിത്രകാരന് മോഹന്‍ ചന്ദ്രനും…എന്നാല്‍ പൊടുന്നനെ സിനിമ നിലച്ചു. പണം മുടക്കാം എന്ന് പറഞ്ഞുവന്ന ആളെ മഷിയിട്ട് നോക്കിയിട്ടും കാണാനില്ലാത്ത അവസ്ഥ. ക്രമേണ ചര്‍ച്ചകളും പഠനങ്ങളും നിലച്ചു. സംഘാടകര്‍ ഓരോരുത്തരായി ഇല്ലാതായി. ഒടുവില്‍ ചായക്കടയിലെ പറ്റുതീര്‍ക്കാന്‍ കയ്യൂര്‍ തിരക്കഥ പണയംവെച്ച് എന്ന പ്രചാരണം ആരൊക്കെയോ ഏറ്റെടുത്തു, അവസാനത്തെ ആള്‍ക്കാരായി ഞാനും രാമചന്ദ്രന് മൊകേരിയും ബാക്കിയായി. ഞങ്ങളെ യാത്രയാക്കുവാന്‍ വന്ന ജോണ്‍ ഏകലോചനത്തില് കാസര്‍ഗോഡ് റെയില്‍വേ പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്നതാണ് എന്റെ ഓര്‍മ്മയിലെ അവസാനത്തെ കയ്യൂര്‍ സിനിമയിലെ ഫ്രെയിം’.

പിന്നെയും രണ്ട് വര്‍ഷം കഴിഞ്ഞാണ് അമ്മയറിയാന്‍ എന്ന സിനിമയുമായി താന്‍ സഹകരിച്ചതെന്ന് ജോയ് മാത്യു ഓര്‍ക്കുന്നു. ആ സിനിമയിലെ നായകനായിരുന്നു ജോയ് മാത്യു. കയ്യൂര്‍ സിനിമ നടക്കാതെ പോയതിന് ജോണ്‍ ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. അതിന്റെ പേരില്‍ അനുഭവിച്ച തിക്താനുഭവങ്ങളെക്കുറിച്ചൊന്നും ജോണ്‍ ആരോടും വിട്ട്പറഞ്ഞിട്ടുമില്ലെന്ന് ജോയ്മാത്യുവിന്റെ ആമുഖ ലേഖനത്തില്‍ എഴുതിയിട്ടുണ്ട്.
കോഴിക്കോടുള്ള പുസ്തകപ്രസാദന സംഘമാണ് കയ്യൂര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.