വാളയാര്‍ കേസ്; ‘മുന്‍ എസ്‌ഐയുടേത് മാപ്പര്‍ഹിക്കാത്ത അന്യായം; ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിയമസഭയില്‍ വെച്ചു; പൊലീസിനും പ്രോസിക്യൂഷനും സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍

Share now

കൊച്ചി: വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ ആദ്യം അന്വേഷണം നടത്തിയ എസ്‌ഐ പി സി ചാക്കോ മാപ്പര്‍ഹിക്കാത്ത അന്യായമാണ് ചെയ്തതെന്ന് കമ്മീഷന്റെ വിലയിരുത്തല്‍. എസ്‌ഐക്കും അഭിഭാഷകര്‍ക്കുമെതിരെ നടപടി പ്രഖ്യാപിച്ച് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിയമസഭയില്‍ വെച്ചു. വാളയാറില്‍ പൊലീസിനും പ്രോസിക്യൂഷനും സംഭവിച്ചത് ഗുരുതര വീഴ്ചയെന്നാണ് ഫനീഫ കമ്മീഷന്റെ കണ്ടെത്തല്‍.

ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത ശേഷം ഇളയകുട്ടി സുരക്ഷിതയല്ലെന്ന കാര്യം എസ്‌ഐ അവഗണിച്ചു. ചാക്കോയ്‌ക്കെതിരെ വകുപ്പുതല നടപടിക്കൊപ്പം, ഇനി കേസന്വേഷണത്തില്‍ നിന്നും മാറ്റിനിര്‍ത്താനുമുളള ശുപാശ അംഗീകരിച്ചു. തുടര്‍ന്ന് കേസന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച വന്നിട്ടുണ്ടോയെന്ന് ഡിജിപി പരിശോധിക്കും. കുറ്റപത്രം സമര്‍പ്പിച്ച മുന്‍ ഡിവൈഎസ്പി സോജന്‍ സാക്ഷിമൊഴി രേഖപ്പെടുത്തുന്നതില്‍ വീഴ്ചവരുത്തിയെന്നും കമ്മീഷന്‍ പറയുന്നു.

വിചാരണയില്‍ വീഴ്ചവരുത്തിയ അഭിഭാഷകരായ ലതാമാധവനെയും ജലജ ജയരാജനെയും ഇനി സെഷന്‍സ് കോടതികളില്‍ പബ്ലിക് പ്രോസിക്യൂട്ടറാക്കി നിയമനം നല്‍കില്ലെന്നും സര്‍ക്കാര്‍ തീരുമാനിച്ചു. കേസന്വേഷണത്തില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരതിരെ നടപടി ആവശ്യപ്പെട്ട് വാളായര്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ 26 മുതല്‍ അനിശ്ചതകാല നിരാഹാരം നടത്തും.

അതേസമയം വാളയാര്‍ കേസ് സിബിഐക്ക് കൈമാറാനുള്ള സര്‍ക്കാര്‍ വിജ്ഞാപനം ഇനിയും വൈകും. സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടത് അനുസരിച്ച് കരട് വിജ്ഞാപനം ആഭ്യന്തരവകുപ്പ് നിയമ വകുപ്പിന് കൈമാറിയിരുന്നു. പാലക്കാട് പോക്‌സോ കോടതി വിധി പറഞ്ഞ കേസില്‍ തുടരന്വേഷണം സിബിഐക്ക് കൈമാറണമെങ്കില്‍ കോടതിയുടെ അനുമതി ആവശ്യമാണെന്ന് നിയമ സെക്രട്ടറി ചൂണ്ടികാട്ടി. ഈ സാഹചര്യത്തില്‍ കോടതിയുടെ അനുമതി വാങ്ങിയ ശേഷം വിജ്ഞാപനം ഇറക്കുന്ന കാര്യമാണ് ആഭ്യന്തരവകുപ്പ് ചര്‍ച്ച ചെയ്യുന്നത്.


Share now