‘മതി അഴിമതി’: പൊതുമേഖലാ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരുടെ കൂട്ട സ്ഥിരപ്പെടുത്തല്‍ മരവിപ്പിച്ച് ഹൈക്കോടതി; വിധി പി.എസ്.സി പട്ടികയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍; 12ന് വിശദമായ വാദം കേള്‍ക്കും

Share now

കൊച്ചി: വിവിധ സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ വകുപ്പുകളില്‍ 10 വര്‍ഷമായി ജോലി ചെയ്ത താത്കാലിക ജീവനക്കാരെ സര്‍വീസില്‍ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാരിന്റെ വിവിധ ഉത്തരവുകള്‍ മരവിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പിഎസ്സി റാങ്ക് ജേതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ച് വിവിധ വകുപ്പുകള്‍ക്ക് നോട്ടിസ് അയ്ക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഉത്തരവിട്ടത്. ഇതുവരെ പൂര്‍ത്തിയാകാത്ത നിയമനങ്ങള്‍ മരവിപ്പിക്കാനാണ് ഉത്തരവ്. 12ന് കോടതി ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും. അതുവരെ തുടര്‍നടപടികള്‍ പാടില്ലെന്ന് കോടതി അറിയിച്ചു.

വിവിധ വകുപ്പുകളുടെ സ്ഥിരപ്പെടുത്തല്‍ ഉത്തരവുകളും മന്ത്രിസഭാതീരുമാനങ്ങളും ചൂണ്ടിക്കാട്ടി പിഎസ്സി റാങ്ക് ജേതാക്കള്‍ക്കു വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടമാണ് ഹാജരായത്. കില, കെല്‍ട്രോണ്‍, ഈറ്റ തൊഴിലാളി ക്ഷേമ ബോര്‍ഡ്, സി-ഡിറ്റ്, ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡ്, സാക്ഷരത മിഷന്‍, യുവജന കമ്മീഷന്‍, ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷന്‍, എല്‍ബിഎസ്, വനിതാ കമ്മിഷന്‍, സ്‌കോള്‍ കേരള, തുടങ്ങിയ സ്ഥാപനങ്ങളില്‍ സ്ഥിരപ്പെടുത്തിയതിനെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

സ്ഥിരപ്പെടുത്തല്‍ ഉത്തരവിറക്കിയ സ്ഥാപനങ്ങള്‍ ഇന്നത്തെ തല്‍സ്ഥിതി തുടരണം. ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാരും സ്ഥാപനങ്ങളും മറുപടി നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. പത്ത് വര്‍ഷമായി ജോലിചെയ്യുന്ന താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയതാണ് ഉദേ്യാഗാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്. തങ്ങള്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ്. തങ്ങള്‍ പുറത്ത് നില്‍ക്കുമ്പോഴാണ് താത്ക്കാലികക്കാരെ നിയമിക്കുന്നുവെന്നതാണ് ഹര്‍ജിക്കാരുടെ പരാതി. സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പത്ത് വര്‍ഷം പൂര്‍ത്തീകരികരിച്ച താത്ക്കാലികക്കാരെ വിവിധ സ്ഥാപനങ്ങളില്‍ സ്ഥിരപ്പെടുത്താന്‍ ഉത്തരവിറക്കിയിരുന്നു. ആ ഉത്തരവ് അടിസ്ഥാനമാക്കിയുള്ള പൂര്‍ത്തീകരിക്കാത്ത തുടര്‍ നടപടികളാണ് ഹൈക്കോടതി മരവിപ്പിച്ചത്.


Share now