കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ്: ചോദ്യം ചെയ്യലിന് ആകാശ് തില്ലങ്കേരി കസ്റ്റംസ് ഓഫീസില്‍ ഹാജരായി; ഷുഹൈബ് വധക്കേസിലെ പ്രതികൂടിയാണ്

Share now

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതികളിലൊരാളായ അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് ആകാശ് തില്ലങ്കേരി ചോദ്യം ചെയ്യലിനായി കൊച്ചി കസ്റ്റംസ് ഓഫീസില്‍ ഹാജരായി. അര്‍ജുന്‍ ഉള്‍പ്പെട്ട കണ്ണൂര്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തില്‍ ആകാശിന് പങ്കുണ്ടെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ഷുഹൈബ് വധക്കേസ് പ്രതിയാണ് ആകാശ്. കസ്റ്റംസ് ഇയാളുടെ കണ്ണൂരിലെ വീട്ടില്‍ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു.

അതിനിടെ കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം നല്‍കരുതെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. സ്വര്‍ണ്ണക്കളളക്കടത്തിനും മറ്റുള്ളവര്‍ കടത്തുന്ന സ്വര്‍ണം പിടിച്ചു പറിക്കുന്നതിനും ഇയാള്‍ക്ക് പ്രത്യേക ഗുണ്ടാ ടീമുണ്ടെന്നും കണ്ണൂര്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.

കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട ചിലരുടെ പേരുകള്‍ പറഞ്ഞ് അര്‍ജുന്‍ ആളുകളെ ഭീഷണിപ്പെടുത്തി. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുകയാണെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പേരു പറഞ്ഞും ഇതുമായി ബന്ധപ്പെട്ട ചില ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ അപ് ലോഡ് ചെയതും ഇയാള്‍ തന്റെ സംഘത്തിലേക്ക് യുവാക്കളെ ആകര്‍ഷിക്കുകയായിരുന്നുവെന്നും കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. കേരളത്തിലെ മറ്റ് എയര്‍പോര്‍ട്ടുകള്‍ വഴിയും സംഘം സ്വര്‍ണം കടത്തിയെന്നും കസ്റ്റംസ് റിപ്പോര്‍ട്ടിലുണ്ട്.


Share now