സഹകരണ ബാങ്ക് തട്ടിപ്പ്: ഓഡിറ്റിംഗ് സംവിധാനം ശക്തമാക്കണമെന്ന് ബാങ്കിംഗ് വിദഗ്ധര്‍; ധനകാരൃ ഇടപാടുകള്‍ക്കായി കേന്ദ്രീകൃത സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയാല്‍ ഇടപാടുകാര്‍ക്കിടയില്‍ വിശ്വാസ്യത വര്‍ധിക്കും

Share now

തൃശ്ശൂര്‍: സഹകരണ ബാങ്കുകളിലെ ജീവനക്കാര്‍ നടത്തുന്ന തട്ടിപ്പ് തടയാന്‍ വിദഗ്ധ സമിതിയുടെ നേതൃത്വത്തിലുള്ള ഓഡിറ്റിംഗ് സംവിധാനം ശക്തമാക്കണമെന്ന്് ബാങ്കിംഗ് വിദഗ്ധര്‍. സിപിഎം ഭരിക്കുന്ന കരുവന്നൂര്‍, വെള്ളൂര്‍, വളപ്പട്ടണം എന്നീ സഹകരണ ബാങ്കുകളിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. തട്ടിപ്പിലെ പ്രതികളും സിപിഎമ്മുകാരാണ്. ബാങ്കുകളിലുണ്ടാകുന്ന തട്ടിപ്പ് കുറയ്ക്കുവാന്‍ വേണ്ടിയാണ് ശക്തമായ ഓഡിറ്റിംഗ് സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെടുന്നത്.

കരുവന്നൂര്‍ വായ്പാ തട്ടിപ്പിനെ തുടര്‍ന്നാണ് സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തന രീതി വീണ്ടും ചര്‍ച്ചയാവുന്നത് കരുവന്നൂരിലേതിന് സമാനമായ പല ക്രമക്കേടുകളും ഇതിന് പിന്നാലെ പുറത്ത് വരികയും ചെയ്തു. ചാര്‍ട്ടേഡ് അക്കാണ്ടന്റിന്റെ നേതൃത്വത്തിലുള്ള കൃത്യമായ ഓഡിറ്റിംഗ് സംവിധാനമില്ലാത്തതാണ് പല ബാങ്കുകളിലും തട്ടിപ്പിന് ഇടയാക്കുന്നത് എന്നാണ് വിലയിരുത്തല്‍. വായ്പയ്ക്കായി ഈട് നല്‍കുന്ന ഭൂമിയുടെ വില നിശ്ചയിക്കുന്ന രീതിയും മാറ്റണം.

ധനകാരൃ ഇടപാടുകള്‍ക്കായി കേന്ദ്രീകൃത സോഫ്റ്റ്‌വെയര്‍ തയ്യാറാക്കുക കൂടി ചെയ്താല്‍ ഇടപാടുകാര്‍ക്കിടയില്‍ വിശ്വാസ്യത വര്‍ദ്ധിപ്പിക്കാനാകുമെന്നും ഇവര്‍ പറയുന്നു. വായ്പ നല്‍കുന്ന രീതിയില്‍ സമൂലമായ മാറ്റം വേണമെന്നാണ് തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്ക് മുന്‍ ജനറല്‍ മാനേജര്‍ എം രാമനുണ്ണി അഭിപ്രായപ്പെടുന്നത്. വസ്തുവിന്റെ മൂല്യം നോക്കി വായ്പ നല്‍കുന്നതിന് പകരം എന്തിന് വേണ്ടിയാണ് വായ്പയെന്നതും അതിന്റെ സാധ്യതകളും പരിശോധിച്ച് വേണം തീരുമാനമെടുക്കാന്‍ എന്ന് രാമനുണ്ണി പറയുന്നു.

വായ്പാ തട്ടിപ്പ് മൂലം പ്രതിസന്ധിയിലായ കരുവന്നൂര്‍ ബാങ്കിനെ കരകയറ്റാന്‍ പ്രതികളുടെ സ്വത്ത് കണ്ടു കെട്ടാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും സഹകരണ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.


Share now