കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: അഡ്മിനിസ്‌ട്രേറ്ററെ മാറ്റി പുതിയ ഉത്തരവ്; മൂന്നംഗ സമിതിക്കാണ് പുതിയ ചുമതല; കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിപക്ഷ പ്രതിഷേധം

Share now

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിന് പിന്നാലെ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്ത് നിന്നും എം.സി അജിത്തിനെ മാറ്റി ഉത്തരവിറക്കി. അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്ത് ഇനി മൂന്നംഗ സമിതിക്കാണ് ചുമതല. ഭരണം കൂടുതല്‍ കാര്യക്ഷമമായി നടത്താനുള്ള തീരുമാനമെന്നാണ്
ഉത്തരവില്‍ പറയുന്നത്.

ബാങ്ക് വായ്പാ തട്ടിപ്പില്‍ നാല് സിപിഎം പ്രതികളെയാണ് ആറ് ദിവസം മുന്‍പ് കസ്റ്റഡിയിലെടുത്തത്. തൃശൂര്‍ അയ്യന്തോളിലെ ഒരു ഫ്‌ലാറ്റില്‍ നിന്ന് പിപിഇ കിറ്റ് ധരിപ്പിച്ചാണ് ഇവരെ പുറത്തു കടത്തിയത്. നാലു പ്രതികളുടെ ഒളിയിടം നാട്ടുകാരാണ് ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. പ്രതികളുമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നാട്ടില്‍ വന്നിരുന്നതായും പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ പ്രതികളാരും കസ്റ്റഡിയില്‍ ഇല്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം.

കേസില്‍ കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് വൈകുന്നതിനെതിരെ കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തെത്തിയിരുന്നു. സി.പി.എമ്മിന്റെ ഒത്താശയോടെ ക്രൈംബ്രാഞ്ച് പ്രതികളെ മൊഴിപഠിപ്പിക്കുകയാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. എന്നാല്‍ പ്രതികളെ സംരക്ഷിക്കുന്നില്ലെന്നും അറസ്റ്റ് വേണമെന്നും സി.പി.എം. പ്രതികരിച്ചു.

ഈ സാഹചര്യത്തിലാണ് സി.പി.എം. നേതാക്കളുടെ ഒത്താശയോടെ കേസന്വേഷണം അട്ടിമറിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തെത്തിയത്.. ക്രൈംബ്രാഞ്ചിലെ ഒരു ഇന്‍സ്‌പെക്ടറാണ് ഇതിനു നേതൃത്വം നല്‍കുന്നതെന്നും ആരോപണമുണ്ട്. അതേസമയം, ആരോപണങ്ങള്‍ ശുദ്ധഅസംബന്ധമാണെന്നാണ് സി.പി.എം വ്യക്തമാക്കി. കേസിന്റെ ഭാഗമായി അന്വേഷണ സംഘം ബാങ്ക് രേഖകള്‍ പരിശോധിച്ചു വരികയാണ്. അതിനു ശേഷമേ അറസ്റ്റിലേക്ക് നീങ്ങൂവെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം.


Share now