ഓണം ബമ്പര്‍ 12 കോടിയുടെ ഉടമയെ തേടി കേരളം ; ‘അത് യാരെന്ന് തെരിയാത്,’ കൈമലര്‍ത്തി അളഗര്‍സ്വാമി

Share now

കൊച്ചി: ‘വിറ്റത് നാന്‍ താന്‍. ആനാല്‍, അത് യാരെന്ന് തെരിയാത്.’ തനിക്കുനേരെ തിരിഞ്ഞ ക്യാമറകളെ പകപ്പോടെ നോക്കി അളഗര്‍സ്വാമി പറഞ്ഞു. ഇത്തവണത്തെ ഓണം ബമ്പര്‍ ഒന്നാം സമ്മാനം നേടിയ ടി.ബി.173964 എന്ന ടിക്കറ്റ് വിറ്റത് അളഗര്‍സ്വാമിയാണ്. എന്നാല്‍, ആരാണ് ടിക്കറ്റെടുത്തതെന്ന് ഈ അറുപത്തെട്ടുകാരന് ഓര്‍മയില്ല.

കൊച്ചി കടവന്ത്രയില്‍ തട്ടടിച്ചാണ് അളഗര്‍സ്വാമി ലോട്ടറി വില്‍പന നടത്തുന്നത്. യാത്രക്കാരാണ് കൂടുതലും ടിക്കറ്റ് എടുക്കുന്നത് എന്നതിനാല്‍ ആളെ ഓര്‍ക്കുക എളുപ്പമല്ലെന്ന് സമീപത്ത് കച്ചവടം നടത്തുന്ന മറ്റുള്ളവരും പറയുന്നു. അളഗര്‍സ്വാമി കൈമലര്‍ത്തിയതോടെ ഓണം ബമ്പര്‍ ഭാഗ്യവാനെ തേടിയുള്ള അന്വേഷണം തുടരുകയാണ്.

പത്തുവര്‍ഷത്തിലേറെയായി അളഗര്‍സ്വാമി ലോട്ടറി വില്‍പന നടത്തുന്നു. ചെറുസംഖ്യകളല്ലാതെ ഇത്രയും വലിയ തുക ഇദ്ദേഹം വിറ്റ ടിക്കറ്റിന് ലഭിക്കുന്നത് ആദ്യമായാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പേ തമിഴ്നാട് ഡിണ്ടിഗലില്‍ നിന്ന് ജോലി തേടി കേരളത്തില്‍ എത്തിയതാണ് ഇദ്ദേഹം. പറമ്പിലും മറ്റും പണിയെടുത്തായിരുന്നു ഉപജീവനം. ഒടുവില്‍ കായികാധ്വാനത്തിന് വയ്യാതായപ്പോള്‍ ലോട്ടറി വില്‍പനയിലേക്ക് തിരിയുകയായിരുന്നു.


Share now