കിഫ്ബി സംശയത്തിന്റെ നിഴലിലാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിവെച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; സര്‍ക്കാരിന്റെ അവസാന കാലത്ത് അഴിമതിയുടെ ചാകര

Share now

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് അഴിമതിയുടെ ചാകര. നാല് വര്‍ഷം അഴിമതിവിരുദ്ധ പ്രതിച്ഛായയില്‍ നീണ്ട് നിവര്‍ന്നു നിന്ന സര്‍ക്കാരില്‍ മറഞ്ഞിരുന്ന അഴുമതിയുടെ ഭൂതം സ്പ്രിംഗ്ലര്‍ ഇടപാടിലൂടെയാണ് പുറത്തുചാടിയത്. സര്‍ക്കാരിന്റെ തുടക്കം മുതല്‍ കിഫ്ബിയില്‍ വ്യാപക അഴിമതിയും തിരിമറിയും നടക്കുന്നുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിവെയ്ക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ സി.ഇ.ഒയ്ക്ക് അടക്കം എതിരെ നടത്തുന്ന അന്വേഷണം. യെസ് ബാങ്കില്‍ 250 കോടി നിക്ഷേപിച്ചതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. കിഫ്ബിക്കുവേണ്ടി മസാല ബോണ്ട് സമാഹരിച്ചതില്‍ വന്‍ അഴിമതിയുണ്ടെന്ന് വി.ഡി സതീശന്‍ എം.എല്‍.എ അടക്കം നിരവധി തവണ ചൂണ്ടിക്കാണിച്ചിരുന്നു. അന്നൊക്കെ വികസനത്തിന് വഴിമുടക്കാന്‍ പ്രതിപക്ഷം ആരോപണങ്ങള്‍ ഉന്നയിക്കുന്നെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ നിലപാട്.

കിഫ്ബിയില്‍ ഓഡിറ്റ് വേണ്ടന്ന സര്‍ക്കാര്‍ നിലപാട് വലിയ വിവാദമായിരുന്നു. ഓഡിറ്റ് നടത്തണമെന്ന് സി.എ.ജി ആവശ്യപ്പെടുകയും കത്തെഴുതുകയും ചെയ്തിട്ടും സര്‍ക്കാര്‍ വഴങ്ങിയില്ല. സ്വന്തംനിലയില്‍ ഓഡിറ്റിംഗ് നടത്തുന്നുണ്ടെന്നും സമ്പൂര്‍ണ ഓഡിറ്റിംഗ് വേണ്ടെന്നുമായിരുന്നു സര്‍ക്കാരിന്റെ ന്യായീകരണം. ചട്ടം 14(1) പ്രകാരം ഓഡിറ്റ് തുടരാമെന്നും 20(2) പ്രകാരം ഓഡിറ്റിംഗിന് അനുമതിയില്ലെന്നും ആണ് സര്‍ക്കാര്‍ സിഎജിക്ക് മറുപടി നല്‍കിയത്. സമ്പൂര്‍ണ ഓഡിറ്റിംഗിന് അനുമതി തേടി നിരവധി തവണ സിഎജി സര്‍ക്കാരിന് കത്ത് നല്‍കിയെങ്കിലും വിവാദമായപ്പോഴാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. ഡിപിസി ആക്ടിലെ 14(1) അനുസരിച്ചുളള ഓഡിറ്റിംഗ് മതി കിഫ്ബിയിലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഭീമമായ ഫണ്ട് സമാഹരിക്കുന്ന കിഫ്ബിയില്‍ ഡിപിസി ആക്ടിലെ 20(2) പ്രകാരം സമ്പൂര്‍ണ ഓഡിറ്റിംഗ് നടത്തണമെന്ന നിലപാടിലാണ് സിഎജിയുടെ നിലപാട്. 14(1) പ്രകാരമുളള ഓഡിറ്റിംഗിന് പരിമിതികളുണ്ടെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു.

സമ്പൂര്‍ണ ഓഡിറ്റിംഗ് നടത്താതെ അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. നിയമസഭയിലടക്കം വിഷയം ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. സമ്പൂര്‍ണ ഓഡിറ്റിംഗ് ആവശ്യപ്പെടാന്‍ സിഎജിക്ക് സാധിക്കുമെങ്കിലും, പാര്‍ലമെന്റ് പാസാക്കിയ നിയമം പ്രകാരം അനുമതി നല്‍കേണ്ടത് സര്‍ക്കാരാണ്. അത് നടത്താതിരിക്കുകയും പണം യെസ് ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്തതില്‍ ദുരൂഹതയുണ്ട്. ഇ.ഡി അന്വേഷണം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് കിഫ്ബിയിലെ കൂടുതല്‍ അഴിമതികള്‍ പുറത്തുവരുമെന്നാണ് അറിയുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാര്‍ കിഫ്ബി വഴി മസാലബോണ്ട് സമാഹരിച്ചതും വിവാദമായിരുന്നു. 2150 കോടിയാണ് സമാഹരിച്ചത്. ലാവ്‌ലിന്‍ കമ്പനിയുമായി ബന്ധമുള്ള, കരിമ്പട്ടികയില്‍പ്പെട്ട കമ്പനിയില്‍ നിന്നാണ് പണം സമാഹരിച്ചതെന്നാണ് പ്രതിപക്ഷനേതാവ് ആക്ഷേപിച്ചത്.

വിദേശത്ത് നിന്ന് ധനം സമാഹരിക്കുന്നതിന് ഇന്ത്യന്‍ രൂപയില്‍ പുറത്തിറക്കുന്ന ബോണ്ടുകളാണ് മസാലബോണ്ട്. അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങള്‍ അംഗീകരിച്ചതാണ് ഈ രീതി. രാജ്യത്തെ സ്ഥാപനങ്ങള്‍ പുറത്തിക്കുന്ന ഇന്ത്യന്‍ രൂപയിലുള്ള ബോണ്ടിന് മസാലബോണ്ടെന്നും ജപ്പാനില്‍ നിന്നുള്ളതിന് സമുറായ് ബോണ്ട്, ചൈനയില്‍ നിന്നുളളതിന് ദിസംബോണ്ട് എന്നുമാണ് വിളിക്കുന്നത്. റിസര്‍വ്വ് ബാങ്ക് 2016ലാണ് ഈ രീതിയിലുള്ള ധനസമാഹരണത്തിന് അനുമതി നല്‍കിയത്. കിഫ്ബിയുടെ ബോണ്ടിന് 9.25 ശതമാനം പലിശ നല്‍കുന്നുണ്ട്. 2024 വരെ തിരിച്ചടവ് കാലാവധിയുണ്ട്. എന്നാല്‍ ഇന്ത്യന്‍ രൂപയിലായതിനാല്‍ ഡോളറിന്റെ ഏറ്റക്കുറച്ചിലുണ്ടാക്കുന്ന നഷ്ടവും ലാഭവും നിക്ഷേപകന്‍ വഹിക്കണം. രാജ്യത്ത് ആദ്യമായാണ് വിദേശത്തുനിന്ന് ഒരു സംസ്ഥാനം ധനസമാഹരണം നടത്തുന്നത്.


Share now