ഒടുവിൽ പഞ്ചാബ് ജയിച്ചു, ക്രിക്കറ്റും

Share now

വാർദ്ധക്യ കാലത്ത്, വിധവയായിത്തീർന്ന തന്റെ ആദ്യ കാമുകിയെ സ്വന്തമാക്കാൻ ശ്രമിക്കുന്ന ഫ്ലോറന്റീന അറീസയുണ്ട് ഗബ്രിയേൽ മാർക്കേസിന്റെ കോളറക്കാലത്തെ പ്രണയത്തിൽ. സമ്മതത്തിന്റെയും, തിരസ്‌കാരത്തിന്റെയും കരുണയില്ലാത്ത ആവർത്തനങ്ങൾ അരീസയുടെ കാത്തിരിപ്പിനെ അനശ്വരമാക്കുന്നു. പഞ്ചാബും വിജയവും തമ്മിലുള്ള ബന്ധം ഏതാണ്ട് അതുപോലെയാണ്. ഈ ടൂർണമെന്റിൽ ഏറ്റവും മുൻപിലുള്ള ടീമല്ല പഞ്ചാബ്. പ്രതിഭയും, അച്ചടക്കവും, സ്ഥിരോത്സാഹത്തോടെ കഠിനാധ്വാനം ചെയ്തു മിനുക്കിയെടുക്കുന്ന നൈപുണ്യങ്ങളും കൂട്ടിമുട്ടുന്ന മികവിന്റെ വേദിയാണ് ക്രിക്കറ്റ്‌. എന്നാൽ, അതു മാത്രമല്ല ക്രിക്കറ്റ്. ഒരു വൈകാരിക മുഹൂർത്തത്തിൽ അറിയപ്പെടാത്ത ആയിരങ്ങളെ, ഒരു നിമിഷം സഹോദരങ്ങളെപ്പോലെ കോർത്തിടുന്ന അനിശ്ചിതത്വങ്ങളുടെ കല കൂടിയാണ്. ഈ ഐ. പി. എൽ സീസനിൽ,ആ കല അതിന്റെ വൈകാരികമായ ഉന്നതിയിൽ പ്രകാശിക്കപ്പെട്ടത് പഞ്ചാബ് കളത്തിലിറങ്ങിയപ്പോളാണെന്ന് നിസംശയം പറയാം. അതിനാൽ തന്നെ ആരു ചാമ്പ്യാന്മാരായാലും ഒരു മഹാമാരിക്കിടയിൽ, കാണികളില്ലാത്ത ഗാലറിയെ സാക്ഷിയാക്കി നടന്ന ഈ സീസൺ സ്ഥിതിവിവരക്കണക്കുകൾക്കപ്പുറം ബാക്കി വെക്കുന്നത്, പഞ്ചാബ് സമ്മാനിച്ച ചില മുഹൂർത്തങ്ങൾ കൂടിയായിരിക്കും.
1999 ൽ വിശ്വവിജയികളായത് സ്റ്റീവ് വോയുടെ ഓസീസായിരുന്നെങ്കിലും, സെമി ഫൈനലിൽ , തന്റെ ഒറ്റയാൾ പോരാട്ടത്തിൽ വീണുപോയ ക്ലൂസ്‌നർ വിജയാരവം മുഴക്കുന്ന ഓസിസ് താരങ്ങൾക്കിടയിലൂടെ, നിസ്സഹായനായി നടന്നു പോയ കാഴ്ചകൂടി ആ ലോകക്കപ്പ് ബാക്കി വെച്ചിട്ടുണ്ട്.

സൂപ്പർ ഓവർ സൺ‌ഡേ ആയി മാറിയ ദിവസത്തിലെ രണ്ടാം കളി ഒരു സൂപ്പർ ഓവറിലവസാനിക്കാതെ രണ്ടാമതൊന്നു കൂടി കളിക്കേണ്ടി വന്നു. തുടക്കത്തിലേ മൂന്നു വിക്കറ്റ് വീണെങ്കിലും , നീണ്ട ബാറ്റിംഗ് നിരയുള്ള മുംബൈ പതറിയില്ല. ഡികോക്കിന്റെയും (53), കൃനലിന്റെയും (34) ഒടുവിൽ സംഹാരരൂപം പൂണ്ട പൊള്ളാർഡിന്റെയും ( 12 പന്തിൽ 33) മികവിൽ 176 എന്ന മികച്ച ടോട്ടൽ മുംബൈ പടുത്തുയർത്തി. ഷമിയും, അർഷദീപും രണ്ടു വിക്കറ്റ് വാഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് പതിവ് പോലെ രാഹുലിന്റെ മികവിനെ ആശ്രയിച്ചു നീങ്ങി. ഗെയ്ലും (24) പൂറനും (24) നന്നായിത്തുടങ്ങിയെങ്കിലും കൂറ്റൻ അടികൾക്ക് മുതിർന്നു പുറത്തായി. കൂട്ടാളികൾ നഷ്ടപ്പെട്ടു കൊണ്ടിരിക്കുമ്പോഴും രാഹുൽ ഒരു വശത്ത് പോരാടി. ബുമ്ര രാഹുലിനെ വീഴ്ത്തിയെങ്കിലും ദീപക് ഹൂടയും, ജോർടാനും പൊരുതി. ജയിക്കാൻ 9 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ 8 റൺസാണ് പഞ്ചാബ് നേടിയത്. അവസാന പന്തിൽ രണ്ടു റൺസ് വേണ്ടപ്പോൾ, രണ്ടാം റണ്ണിനായി വളഞ്ഞു ഓടിയ ജോർദാൻ റൺ ഔട്ട്‌ ആയി. കളി സൂപ്പർ ഓവർ.

ബുമ്ര എറിഞ്ഞ സൂപ്പർ ഓവറിൽ രാഹുലും, പൂറനും ഹൂടയും വിയർത്തു. വെറും 5 റൺസ്.
വിജയമുറപ്പിച്ചു വന്ന ഡികോക്കിനും, രോഹിതിനും മുന്നിൽ ഷമി കൃത്യതയുടെ പര്യായമായി. മൂന്നു പന്തിൽ രണ്ടു റൺസ് വേണമെന്നിരിക്കെ ഹിറ്റ്മാൻ രോഹിത് ഷമിക്ക് മുൻപിൽ വിളറി. ഒടുവിൽ അവസാന പന്തിൽ രണ്ടു റൺസ് വേണ്ടിയിരിക്കെ, രണ്ടാം റണ്ണിനോടുന്ന ഡിക്കോക്ക്. സാക്ഷാൽ മഹേന്ദ്ര സിംഗ് ധോനി പോലും മോഹിച്ചു പോവുന്ന,ഒരു ത്രോ കളക്ഷനും സ്റ്റമ്പിങ്ങുമായി രാഹുൽ. റൺ ഔട്ടായി ഡിക്കോക്ക്. ദേജാവു.. വീണ്ടും ടൈ, വീണ്ടും സൂപ്പർ ഓവർ.

കളിക്കാരെ ആവർത്തിക്കാനാവില്ല എന്നിരിക്കെ, പൊള്ളാർഡും, പാണ്ട്യയുമായി മുംബൈ, പഞ്ചാബിനു വേണ്ടി ജോർദാൻ. ഓവറിലെ മൂന്നാം പന്തിൽ പൊള്ളാർഡ് ഫോർ. അവസാന പന്തിൽ ഉറപ്പിച്ച സിക്സർ ബൗണ്ടറി ലൈനിൽ നിന്നും ഉയർന്നു ചാടി, മായങ്കിന്റെ മാന്ത്രിക സേവ്.

പഞ്ചാബിനു ജയിക്കാൻ 12 റൺസ്.

അപ്പോഴേക്കും തമാശ ട്വീറ്റുകൾ തുടങ്ങിയിരുന്നു, ഒടുവിലെ സൂപ്പർ ഓവർ പഞ്ചാബിനു വേണ്ടി എറിയുന്നത് അനിൽ കുംബ്ലെയും, മുംബൈക്ക് വേണ്ടി ബാറ്റ് ചെയ്യുന്നത് മഹേള ജയവർധനയുമാവും എന്നെല്ലാം.. പഞ്ചാബിനു വേണ്ടിയിറങ്ങിയ യൂണിവേഴ്സൽ ബോസ്സ് ക്രിസ് ഗെയ്ൽ ബോൾട്ടിനെ സിക്സർ പറത്തിയപ്പോൾ ” എന്താ രാമേന്ദ്രാ പ്രശ്നം എന്നു മുകേഷിനോട് ചോദിക്കുന്ന മാമുക്കോയയുടെ ഡയലോഗ് ഓർത്തുപോയി. ബോൾട്ടിന്റെ നാലാം പന്ത് മായങ്ക് ബൗണ്ടറി കടത്തിയപ്പോൾ പഞ്ചാബ് ജയിച്ചു. ക്രിക്കറ്റും.

തലയിൽ ഓറഞ്ചു ക്യാപുമായി, ഈ ടൂർണമെന്റ് അവസാനിപ്പിക്കാൻ ഏറ്റവും സാധ്യതയുള്ള താരമാണ് രാഹുൽ. ഒടുവിൽ ഈ ക്രിക്കറ്റ്‌ ഉത്സവം അവസാനിച്ചു, മറ്റേതോ നിര കിരീടമുയർത്തി ആഘോഷിക്കുന്ന ആ രാത്രി, ഒരു ദുരന്ത നായകനെപ്പോലെ വിഷാദഛായയുള്ള മുഖവുമായി ഓറഞ്ച് ക്യാപുമായി മടങ്ങുന്ന രാഹുലിനെയാവുമോ ഈ സീസൺ കാണിച്ചു തരിക? അതോ അദ്‌ഭുതങ്ങളിൽ വിശ്വസിക്കുന്ന യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ പറഞ്ഞതുപോലെ ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചുകൊണ്ട്, നീണ്ട കാത്തിരിപ്പിനൊടുവിൽ ഒരു സീസൺ വിജയിക്കാൻ പ്രീതി സിന്റയുടെ പഞ്ചാബിനു കഴിയുമോ? ഉറപ്പിച്ചൊരുത്തരവും പറയാനാവില്ല, ക്രിക്കറ്റ്‌ അനിശ്ചിതത്വങ്ങളുടെ കളിയാണല്ലോ..

അതുൽ പി.
നോൺ സ്‌ട്രൈക്കേഴ്‌സ് എൻഡ്.


Share now