സര്‍ക്കാര്‍ നാളെ കൊച്ചിയില്‍ നിക്ഷേപ സംഗമം നടത്താനിരിക്കെ; മുത്തൂറ്റ് എംഡിക്ക് നേരെ കല്ലേറ്; പണം മുടക്കാന്‍ വരുന്നവരെ ആട്ടിയോടിക്കുന്ന കേരളത്തില്‍ ആര് പണം മുടക്കും?

Share now

കൊച്ചി : മുത്തൂറ്റ് ഫിനാന്‍സ് ഉടമ ജോര്‍ജ് അലക്‌സാണ്ടറിന്റെ വാഹനത്തിന് നേരെ സമരക്കാരുടെ കല്ലേറ്. പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 43 ശാഖകളില്‍ നിന്ന് യൂണിയന്‍ സെക്രട്ടറി ഉള്‍പ്പടെ 166 ജീവനക്കാരെ പിരിച്ചു വിട്ടതിനെതിരെ കഴിഞ്ഞ ബുധനാഴ്ച മുതല്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ പണിമുടക്ക് നടത്തി വരികയായിരുന്നു. രാവിലെ ഓഫീസിലേക്ക് വന്ന വഴിയില്‍ വച്ചാണ് എംഡിയുടെ വാഹനത്തിന് നേരെ കല്ലേറ് ഉണ്ടായത്.

വ്യാഴാഴ്ച കൊച്ചിയില്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നിക്ഷേപ സംഗമം നടത്താനിരിക്കേ വ്യവസായിക്ക് നേരെ ഉണ്ടായ ഈ കൈയ്യേറ്റ ശ്രമം സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കേരളം ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന് കോടികള്‍ മുടക്കി പ്രചരണം നടത്തുന്നതിനിടയിലാണ് സംസ്ഥാനത്തെ ഒരു പ്രമുഖ നിക്ഷേപകന് നേരെ ഭരണകക്ഷിയുടെ തൊഴിലാളി യൂണിയന്‍ അക്രമണം നടത്തിയത്.
തൊഴിലാളി യൂണിയനുകളുടെ ഈ കൈവിട്ട കളികളാണ് നിക്ഷേപകരെ സംസ്ഥാനത്ത് നിന്ന് കാലങ്ങളായി അകറ്റിയിരിക്കുന്നത്. തുടരെത്തുടരെയുള്ള സമരങ്ങളും ബന്ദുകളുമാണ് ഒരു കാലത്ത് കേരളത്തെക്കുറിച്ച് മോശം പ്രതിഛായ ഉണ്ടാക്കിയിരുന്നത്. അന്നെല്ലാം പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നത് ഇടതുപക്ഷ തൊഴിലാളി യൂണിയനുകളായിരുന്നു. ഇന്നും ആ അവസ്ഥയ്ക്ക് മാറ്റം വന്നിട്ടില്ലെന്നാണ് ഈ സംഭവം തെളിയിക്കുന്നത്.

നേരത്തെ മുത്തൂറ്റ് സമരത്തില്‍ ഹൈക്കോടതി ഇടപ്പെട്ടുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ മാനേജ്‌മെന്റ് ലംഘിച്ചു എന്നാരോപിച്ചാണ് സമരം വീണ്ടും തുടങ്ങിയത്. ജോലിക്ക് എത്തുന്നവരെ സമരക്കാര്‍ കായികമായി നേരിടുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശമാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. സമരം അക്രമാസക്തമാണെന്നും ജോലിക്ക് കയറാന്‍ തയ്യാറാകുന്നവരെ സമരക്കാര്‍ കായികമായി നേരിടുകയാണെന്നും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മുത്തൂറ്റ് മാനേജ്‌മെന്റ് ആരോപിച്ചിരുന്നു. ജോലിക്ക് വരുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടുവെന്ന് മുത്തൂറ്റ് മാനേജ്‌മെന്റ് ആരോപിച്ചു.

മാനേജ്‌മെന്റുമായുണ്ടാക്കിയ സേവന വേതന കരാര്‍ നടപ്പിലാക്കാതെ വന്നതോടെയാണ് സിഐടിയു നേരത്തെ സമരം പ്രഖ്യാപിച്ചത്. ആഗസ്റ്റ് 20 ന് ആരംഭിച്ച സമരം 52 ദിവസം നീണ്ടുനിന്നു. തൊഴിലാളികള്‍ക്ക് ശമ്പള വര്‍ധന നടപ്പാക്കും എന്നതടക്കമുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ഒക്ടോബര്‍ പത്തിന് സമരം അവസാനിപ്പിച്ചത്. ഹൈക്കോടതി നിരീക്ഷകന്റെ നേതൃത്വത്തില്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ വെച്ച് നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. ശമ്പളപരിഷ്‌കരണം ഉടന്‍ നടപ്പാക്കുക, പിരിച്ചു വിട്ട എട്ട് തൊഴിലാളികളെ തിരിച്ചെടുക്കുക, 41 പേരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുക, താല്‍ക്കാലികമായി 500 രൂപ ശമ്പളം വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് അന്ന് സമരം അവസാനിപ്പിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയാണ് ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് ഇമെയില്‍ വഴി നല്‍കിയത്. ഇതിന് പിന്നാലെ ജീവനക്കാര്‍ക്ക് ജോലി ചെയ്ത കാലയളവിലേക്കുള്ള തുക അക്കൗണ്ടില്‍ നല്‍കുകയും ചെയ്തു. 611 ശാഖകളിലും 11 റീജണല്‍ ഓഫീസുകളിലും 1800 ജീവനക്കാരാണ് മുത്തൂറ്റിലുള്ളത്.

അസന്റ് 2020 എന്നപേരില്‍ വിപുലമായ തോതില്‍ കൊച്ചിയില്‍ നിക്ഷേപ സംഗമം നടക്കുന്നതിന്റെ തലേന്ന് അഖിലേന്ത്യ പണിമുടക്കും, അതിന്റെ തലേന്ന്് നിക്ഷേപകന്റെ തല എറിഞ്ഞ് പൊട്ടിക്കുന്ന അവസ്ഥ സര്‍ക്കാരിന്റെ നിക്ഷേപം കൊണ്ടുവരാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തുമെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട. 100 കോടി മുതല്‍ മുടക്കാന്‍ താല്‍പര്യമുള്ളവരുടെ സംഗമമാണ് കൊച്ചിയില്‍ നടക്കാനിരിക്കുന്നത്. നിക്ഷേപകര്‍ക്ക് ഏകജാല സംവിധാനം ഒരുക്കി വലിയ തോതിലുള്ള നിക്ഷേപത്തിന് കളമൊരുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് മുത്തൂറ്റ് എംഡിക്ക് നേരെയുള്ള കൈയ്യേറ്റ ശ്രമം തിരിച്ചടിയാകാന്‍ ഇടയുണ്ട്. ദേശീയ, അന്തര്‍ദേശീയ നിക്ഷേപക സാധ്യതകള്‍ വര്‍ധിപ്പിക്കാനും കേരളത്തിന്റെ സാധ്യതകള്‍ ബോധ്യപ്പെടുത്താനുമാണ് നിക്ഷേപക സംഗമം നടത്തുന്നത്.


Share now

Leave a Reply

Your email address will not be published. Required fields are marked *