പീഡനശ്രമം: റൂബിന്‍ ഡിക്രൂസിനെതിരെ വീണ്ടും പരാതിയുമായി മറ്റൊരു യുവതി; അത്താഴത്തിന് വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു; വേട്ടക്കാരനെ രക്ഷിക്കാന്‍ സൈബര്‍ സഖാക്കളും പോരാളി വനിതകളും

Share now

കൊച്ചി: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറും നാഷണല്‍ ബുക്ക് ട്രസ്റ്റില്‍ അസിസ്റ്റന്റ് എഡിറ്ററുമായ റൂബിന്‍ ഡിക്രൂസ് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത്. ഡല്‍ഹിയില്‍ ടെലികമ്യൂണിക്കേഷന്‍ രംഗത്ത് ജനറല്‍ മാനേജരായി ജോലി ചെയ്യുന്ന യുവതി റൂബിന്‍ ലൈംഗികമായി അക്രമിച്ചുവെന്ന പരാതി ഡല്‍ഹി വസന്ത് കുഞ്ച് പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയതിന് പിന്നാലെയാണ് മറ്റൊരു യുവതിയും സമാനമായ അനുഭവം ഫേസ്ബുക്കില്‍ പങ്ക്‌വെച്ചത്. അത്താഴ വിരുന്നിന് ശേഷം മടങ്ങുമ്പോള്‍ കാറില്‍ വെച്ചാണ് റൂബിനില്‍ നിന്ന് ലൈംഗികാതിക്രമം ഉണ്ടായതെന്നും യുവതി കുറിപ്പില്‍ പറയുന്നു. സ്ത്രീകളെ അത്താഴവിരുന്നിന് വീട്ടിലേക്ക് വിളിച്ചുവരുത്തി അവരെ കീഴ്‌പ്പെുടുത്തുന്ന ശൈലിയാണ് ഇയാള്‍ പിന്തുടരുന്നതെന്നാണ് സമാനമായ സംഭവങ്ങളില്‍ നിന്നും വെളിവാകുന്നത്.

റൂബിന്‍ ഡിക്രൂസ് മഹാനാണെന്നും, അയാള്‍ ഒരിക്കലും ഒരു സ്ത്രീ വേട്ടക്കാരനല്ലെന്നും പ്രചരിപ്പിക്കാന്‍ സിപിഎം അനുഭാവികളായ ഒരു പറ്റം സ്ത്രീകളും സാംസ്‌കാരിക പ്രവര്‍ത്തകരും കൊണ്ടുപിടിച്ച ശ്രമം സൈബര്‍ ഇടങ്ങളില്‍ നടക്കുന്നുണ്ട്. റൂബിന്റെ ആക്രമണത്തിന് വിധേയരായ പല സ്ത്രീകളും ഇയാള്‍ക്കെതിരെ തുറന്നുപറയാന്‍ തയ്യാറാകുമെന്നറിഞ്ഞ് അവരെയെല്ലാം പിന്തിരിപ്പിക്കാനുള്ള വലിയ ശ്രമങ്ങളും ഒരു വശത്ത് നടക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയയില്‍ യുവതി എഴുതിയ കുറിപ്പിന്റെ പൂര്‍ണരൂപം:

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലിയുടെ ഭാഗമായ ട്രെയിനിങ്ങിനായി ഡല്‍ഹിയില്‍ താമസിക്കുമ്പോഴാണ് റൂബിന്‍ ഡിക്രൂസില്‍ നിന്നും ശാരീരികമായ അതിക്രമം നേരിടുന്നത്. പൊതുകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു ജി-മെയില്‍ ഗ്രൂപ്പിലൂടെയുള്ള സാധാരണ പരിചയം മാത്രമായിരുന്നു അയാളുമായി ഉണ്ടായിരുന്നത്. സൗഹൃദം പുതുക്കാനായി അയാള്‍ ഒരുക്കിയ അത്താഴത്തിന് ശേഷം തിരികെ കൊണ്ടു വിടുമ്പോഴുള്ള അപ്രതീക്ഷിത നീക്കം ഞെട്ടിപ്പിക്കുന്നതായിരുന്നു. അയാളെ തള്ളിമാറ്റി കാറില്‍ നിന്നും ഇറങ്ങി പോവുകയായിരുന്നു.

ഡല്‍ഹി എനിക്ക് തീരെ പരിചയം ഇല്ലാത്ത സ്ഥലമായതിനാല്‍ അതുണ്ടാക്കിയ നടുക്കം ചെറുതല്ല. എന്നാല്‍ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല എന്ന മട്ടില്‍ അയാള്‍ അടുത്ത ദിവസവും സംസാരിക്കാന്‍ ശ്രമിച്ചത് കൂടുതല്‍ അസ്വസ്ഥത ഉണ്ടാക്കി. അതൊരു ഒറ്റപ്പെട്ട അനുഭവം ആണെന്നാണ് ആദ്യം കരുതിയത്. അപരിചിതമായ സ്ഥലം, പുതിയ ജോലി തുടങ്ങി പലവിധ പ്രയാസങ്ങള്‍ നേരിട്ടിരുന്ന കാലം ആയതിനാല്‍ അയാളെ ഒഴിവാക്കുക മാത്രമാണ് ചെയ്തത്. പിന്നീട് കുറേ നാളുകള്‍ക്ക് ശേഷമാണ് സുഹൃത്തുക്കളോട് ഇക്കാര്യം പറയുന്നത്. അപ്പോള്‍ മാത്രമാണ് ഇതൊരു ഒറ്റപ്പെട്ട കാര്യം അല്ലെന്നും മുന്‍പും പലരോടും അയാള്‍ ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ടെന്നും അറിയുന്നത്. അതുകൊണ്ടൊന്നും അവസാനിക്കുന്നില്ല എന്നും, അയാള്‍ ഇതേ പ്രവൃത്തി തുടരുകയാണെന്നും നേര്‍ക്കുണ്ടായ പെരുമാറ്റത്തോടെ ബോധ്യപ്പെട്ടു. അയാളെ നിയമപരമായി നേരിടാനുള്ള പരാതിക്കാരിയുടെ തീരുമാനത്തോട് ഒപ്പം നില്‍ക്കുന്നുവെന്നും അവര്‍ കുറിക്കുന്നു.


Share now