കൊടുങ്ങല്ലൂര്‍ നഗരസഭ സ്ഥിരംസമിതി തിരഞ്ഞെടുപ്പ്: ബിജെപി ആസൂത്രിതമായി പയറ്റിയ ക്രോസ് വോട്ടിംഗ് തന്ത്രത്തില്‍ എല്‍ഡിഎഫിന് തിരിച്ചടി

Share now

കൊടുങ്ങല്ലൂര്‍: ബിജെപി ആസൂത്രിതമായി പയറ്റിയ ക്രോസ് വോട്ടിങ് തന്ത്രത്തില്‍ എല്‍ഡിഎഫിന് തിരിച്ചടി. നഗരസഭ സ്ഥിരംസമിതി തിരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫിന് തിരിച്ചടി ലഭിച്ചത്. ഇതോടെ നഗരവികസനത്തില്‍ സുപ്രധാനമായ പൊതുമരാമത്ത് സ്ഥിരം സമിതിയില്‍ ഭൂരിപക്ഷം നേടിയ ബി.ജെ.പിക്ക് ചെയര്‍മാന്‍ സ്ഥാനവും ലഭിക്കും.

ധനകാര്യ സ്ഥിരം സമിതിയിലും ബി.ജെ.പിക്ക് ഭൂരിപക്ഷമുണ്ട്. ധനകാര്യം ഒഴികെ അഞ്ച് സ്ഥിരം സമിതികളിലേക്ക് വനിത സംവരണ പ്രകാരമുള്ള അംഗങ്ങളെ കഴിഞ്ഞദിവസം വോട്ടിങ്ങിലൂടെ തെരഞ്ഞെടുത്തിരുന്നു. ചൊവ്വാഴ്ച നടന്ന ധനകാര്യ സ്ഥിരം സമിതിയിലെ വനിത സംവരണ സീറ്റിലേക്ക് ആരും നാമനിര്‍ദേശം നല്‍കാത്തതിനെ തുടര്‍ന്ന് വരണാധികാരി മറ്റ് കമ്മിറ്റികളില്‍ അംഗങ്ങളല്ലാത്ത മുഴുവന്‍ വനിതകളെയും സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ച് വോട്ടെടുപ്പ് നടത്തി.

ഈ വോട്ടെടുപ്പില്‍ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ എല്‍.ഡി.എഫ് കൗണ്‍സിലര്‍ ലീല കരുണാകരനെ വോട്ടുചെയ്ത് ജയിപ്പിച്ചു. ആകെയുള്ള 44 അംഗങ്ങളില്‍ ഏക കോണ്‍ഗ്രസ് അംഗം വി.എം. ജോണി വിട്ടുനിന്നു. തുടര്‍ന്നുനടന്ന വോട്ടെടുപ്പില്‍ എല്‍.ഡി.ഫിലെ 22 അംഗങ്ങള്‍ വോട്ട് അസാധുവാക്കിയപ്പോള്‍ ബി.ജെ.പിക്കാര്‍ 21 പേരും എല്‍.ഡി.എഫിലെ ലീല കരുണാകരന് വോട്ട് ചെയ്യുകയായിരുന്നു. ഇതോടെ മരാമത്ത് സ്ഥിരം സമിതിയിലേക്ക് എല്‍.ഡി.എഫിന് ഒരു സ്ഥാനാര്‍ഥി കുറഞ്ഞു. ഇതേ തുടര്‍ന്ന് ആ കമ്മിറ്റിയില്‍ എല്‍.ഡി.എഫിന് മൂന്ന് അംഗങ്ങളെ മാത്രം മത്സരിപ്പിക്കാന്‍ കഴിയുന്ന സാഹചര്യം സംജാതമാവുകയായിരുന്നു. ബി.ജെ.പിക്ക് നാല് സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍ കഴിഞ്ഞു. അങ്ങനെ മരാമത്ത് സ്ഥിരംസമിതിയില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിച്ചു.

വികസനം, ക്ഷേമകാര്യം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ സ്ഥിരം സമിതികളില്‍ എല്‍.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചു. ഒരു കമ്മിറ്റിയിലും ഉള്‍പ്പെടാത്തവരും മറ്റ് കമ്മിറ്റി തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടവരും ആയ അംഗങ്ങളെ ചട്ടപ്രകാരം റിട്ടേണിങ് ഓഫിസര്‍ ധനകാര്യ സ്ഥിരം സമിതിയില്‍ ഉള്‍പ്പെടുത്തി. അതോടെ ആ കമ്മിറ്റിയില്‍ ബി.ജെ.പി അംഗങ്ങള്‍ക്ക് ഭൂരിപക്ഷം ലഭിച്ചു. ഏഴില്‍ അഞ്ചെണ്ണം ബി.ജെ.പിയും ഒന്ന് കോണ്‍ഗ്രസ് അംഗവുമാണ്. ധനകാര്യ സ്ഥിരം സമിതിയിലേക്ക് ബി.ജെ.പി വോട്ട് ചെയ്ത് വിജയിപ്പിച്ച എല്‍.ഡി.എഫ് കൗണ്‍സിലര്‍ ലീല കരുണാകരന്‍ പിന്നീട് മുനിസിപ്പല്‍ സെക്രട്ടറിക്ക് രാജി സമര്‍പ്പിച്ചു. ഇതോടെ എല്‍.ഡി.എഫ് അംഗമായി വൈസ് ചെയര്‍മാന്‍ മാത്രമാണ് നിലവില്‍ ധനകാര്യത്തിലുള്ളത്.

എങ്കിലും ധനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ സ്ഥാനം നിലവില്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ സ്ഥാനത്തുള്ളയാള്‍ വഹിക്കണമെന്ന നിയമം ഉള്ളതിനാല്‍ ആ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് ഉണ്ടാകില്ല. ആ സ്ഥാനത്ത് നിലവിലുള്ള വൈസ് ചെയര്‍മാന്‍ കെ.ആര്‍. ജൈത്രന്‍ നിയോഗിക്കപ്പെടും. മറ്റ് കമ്മിറ്റികളിലേക്കുള്ള അധ്യക്ഷരുടെ തെരഞ്ഞെടുപ്പ് ഈമാസം 15ന് നടക്കും. ഒരു വോട്ടിന്റെ വ്യത്യാസത്തിന് ഭരണം കൈയാളുന്ന എല്‍.ഡി.എഫ് ഏക കോണ്‍ഗ്രസ് അംഗത്തെ അടുപ്പിച്ച് നിര്‍ത്താനും തയാറാകുന്നില്ല.

നഗരസഭ സ്ഥിരംസമിതി തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് തത്ത്വാധിഷ്ഠിത നിലപാട് സ്വീകരിച്ചുകൊണ്ട് വര്‍ഗീയ കക്ഷിയെ അകറ്റിനിര്‍ത്താന്‍ വോട്ട് ചെയ്യാതെ നിലകൊണ്ടപ്പോള്‍ അധികാരത്തിനോട് ആര്‍ത്തി മൂത്ത ബി.ജെ.പി കുടില തന്ത്രം പയറ്റുകയാണുണ്ടായതെന്ന് എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ.ആര്‍. ജൈത്രന്‍ പറഞ്ഞു. 22 അംഗങ്ങളുള്ള തങ്ങള്‍ക്കും വേണമെങ്കില്‍ ബി.ജെ.പിയുടെ മാര്‍ഗം സ്വീകരിക്കാമായിരുന്നുവെന്നും എന്നാല്‍, അത് ജനാധിപത്യ മര്യാദയല്ലെന്നും ജൈത്രന്‍ വ്യക്തമാക്കി.


Share now