കെപിസിസി ജനറല്‍ സെക്രട്ടറിയുടെ വീടിന് ജപ്തി ഭീഷണി; 8 അംഗ കുടുംബം പ്രതിസന്ധിയില്‍; കുടിശിക അടച്ചു തീര്‍ക്കാന്‍ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനോട് സാവകാശം ആവശ്യപ്പെട്ട് അപേക്ഷയുമായി കുടുംബം

Share now

കൊല്ലം: കെപിസിസി ജനറല്‍ സെക്രട്ടറി സി.ആര്‍. മഹേഷിന്റെ കുടുംബത്തിനു സഹകരണ ബാങ്കിന്റെ ജപ്തി നോട്ടിസ്. മഹേഷും അമ്മയും ഉള്‍പ്പെടെ 8 അംഗങ്ങള്‍ ഉള്‍പ്പെടുന്ന കുടുംബം അതീവ പ്രതിസന്ധിയില്‍. കരുനാഗപ്പള്ളി സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍നിന്നു 2015ല്‍ മഹേഷിന്റെ അമ്മയുടെ പേരിലുള്ള വസ്തുവും വീടും പണയപ്പെടുത്തി എടുത്ത വായ്പയാണു കുടിശിക പെരുകി 23.94 ലക്ഷത്തിലേറെ രൂപയുടെ ബാധ്യതയായത്. അടച്ചു തീര്‍ക്കാനുള്ള കുടിശിക മാത്രം 14.6 ലക്ഷത്തിലേറെ വരും.

ജപ്തി നടപടികളുടെ ഭാഗമായി ഈ മാസം വസ്തു അളന്നു തിട്ടപ്പെടുത്തുമെന്നു കാണിച്ചു മഹേഷിന്റെ അമ്മ കരുനാഗപ്പള്ളി തഴവ ചെമ്പകശ്ശേരില്‍ വീട്ടില്‍ ലക്ഷ്മിക്കുട്ടിയമ്മയ്ക്കു ബാങ്കിന്റെ നോട്ടീസ് ലഭിച്ചു. മഹേഷിന്റെ അച്ഛന്‍ രാജശേഖരന്‍, 6 വര്‍ഷം മുന്‍പു മരിച്ചു. ലക്ഷ്മിക്കുട്ടിയമ്മ, മകന്‍ മഹേഷ്, ഭാര്യ, 3 കുട്ടികള്‍, മൂത്ത മകനും പ്രഫഷനല്‍ നാടകകൃത്തുമായ സി.ആര്‍. മനോജ്, ഭാര്യ എന്നിവരാണ് ഈ വീട്ടില്‍ താമസം.

രണ്ടു പ്രമാണങ്ങളായുള്ള വസ്തുവിന്റെ ഒരു ഭാഗം തഴവ സര്‍വീസ് സഹകരണ ബാങ്കില്‍ പണയം വച്ചും കടമെടുത്തിട്ടുണ്ട്. ഇതും കുടിശികയായി കിടക്കുകയാണ്. സിപിഐ തഴവ ലോക്കല്‍ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയും എവൈഎഫ്‌ഐ നേതാവുമായിരുന്ന സി.ആര്‍. മനോജ് ഇപ്പോള്‍ പൂര്‍ണ സമയ നാടകപ്രവര്‍ത്തകനാണ്. കോവിഡ് മൂലം നാടകാവതരണമൊക്കെ നിലച്ചതോടെ ആ വഴിക്കുണ്ടായിരുന്ന കുടുംബത്തിന്റെ വരുമാനവും നിലച്ചു. എഐസിസി അംഗം കൂടിയായ സി.ആര്‍. മഹേഷ് പൂര്‍ണസമയ രാഷ്ട്രീയ പ്രവര്‍ത്തകനാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളിയില്‍ മത്സരിച്ചു പരാജയപ്പെട്ട മഹേഷിന് ആ വഴിക്കും സാമ്പത്തിക ബാധ്യതയുണ്ട്. വായ്പാ കുടിശിക അടച്ചു തീര്‍ക്കാന്‍ സാവകാശം അനുവദിക്കണമെന്നാവശ്യപ്പെട്ടു സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സഹകരണ റജിസ്ട്രാര്‍, ബാങ്ക് പ്രസിഡന്റ് തുടങ്ങിയവര്‍ക്ക് അപേക്ഷ നല്‍കി കാത്തിരിക്കുകയാണു മഹേഷിന്റെ കുടുംബം.


Share now