മന്ത്രി ശിവന്‍കുട്ടിയുടെ രാജി : കെ.എസ്.യു മാര്‍ച്ചില്‍ സംഘര്‍ഷം; പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

Share now

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിലേക്ക് കെഎസ്.യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ കെ.എം അഭിജിത് ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. മാര്‍ച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു.

ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ നിയമസഭയും പ്രക്ഷുബ്ധമായി. ശക്തമായി പ്രതിഷേധിക്കുന്നതായി അറിയിച്ച പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. കേസില്‍ സുപ്രീംകോടതി വിധിയെ മുഖ്യമന്ത്രി ചോദ്യം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. വിധി ഒന്‍പതംഗ ബെഞ്ചിന് വിടണമെന്ന രീതിയിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. ക്രിമിനല്‍ കുറ്റം പ്രസിഡന്റ് ചെയ്താലും വിചാരണ നേരിടണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

എംഎല്‍എയ്ക്ക് കൊമ്പുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. പൊതുമുതല്‍ നശിപ്പിച്ച കുറ്റമാണ്, കേസ് പാര്‍ട്ടി നടത്തണം. സര്‍ക്കാര്‍ പണം ചിലവാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള കോണ്‍ഗ്രസിനെതിരെയും പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ഈ മന്ത്രിസഭയില്‍ ഇരിക്കാന്‍ കേരള കോണ്‍ഗ്രസിന് നാണമുണ്ടോയെന്ന് ചോദിച്ചു. മാണിയെ കടന്നാക്രമിച്ചുള്ള വി.എസിന്റെ പ്രസംഗവും അദ്ദേഹം വായിച്ചു.


Share now