അദീബിന്റെ നിയമനം പിണറായിയുടെ അറിവോടെ; യോഗ്യതയില്‍ ഇളവ് വരുത്താനുള്ള ഫയലില്‍ മുഖ്യമന്ത്രിയും ഒപ്പിട്ടു, രേഖകള്‍ പുറത്ത്

Share now

തിരുവനന്തപുരം: കെ ടി ജലീലിന്റെ ബന്ധുവിനെ നിയമിക്കാനായി യോഗ്യതയില്‍ ഇളവ് വരുത്താനുള്ള ഫയലില്‍ മുഖ്യമന്ത്രിയും ഒപ്പിട്ടതിന്റെ രേഖകള്‍ പുറത്ത്. ജലീലിന്റെ ബന്ധു അദീബിന്റെ നിയമനം ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുമ്പോഴൊക്കെ ജലീല്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതിന്റെ ഫയല്‍ വിവരങ്ങളും ലഭിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്ക് ജീവനക്കാരനായ അദീബിന്റെ നിയമനത്തെ ന്യൂനപക്ഷവകുപ്പിലെ ഉദ്യോഗസ്ഥര്‍ പല തവണ എതിര്‍ത്തിരുന്നു.

അദീബിന്റെ നിയമനവുമായി ബന്ധപ്പെട്ട ഫയലുകളിലെല്ലാം കാണുന്നത് ജലീലിന്റെ അമിതമായ താല്പര്യമാണ്. വിവാദമുണ്ടായപ്പോള്‍ ജലീലിനെ പൂര്‍ണ്ണമായും പിന്തുണച്ച മുഖ്യമന്ത്രി ജലീലിന്റെ നിര്‍ദ്ദേശപ്രകാരം അദീബിനായുള്ള യോഗ്യതാ മാറ്റത്തെ അനുകൂലിച്ചു.

ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ നിയമനത്തിനുള്ള യോഗ്യത അദീബിന്റെ യോഗ്യതക്ക് അനുസരിച്ച് മാറ്റാന്‍ ജലീല്‍ നിര്‍ദ്ദേശിച്ച കത്ത് ഇന്നലെ പുറത്ത് വന്നിരുന്നു. പിന്നാലെ വകുപ്പിലെ ഉദ്യോഗസ്ഥര്‍ യോഗ്യതാ മാറ്റത്തിന് മന്ത്രിസഭയുടെ അനുമതി വേണ്ടേ എന്ന് ചോദിക്കുന്നു.

ജനറല്‍ മാനേജര്‍ തസ്തികക്കുള്ള യോഗ്യത നേരത്തെ നിശ്ചയിച്ചത് മന്ത്രിസഭ ആണെന്നായിരുന്നു ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഇത് ആവശ്യമില്ലെന്ന് ഫയലില്‍ എഴുതിയ ജലീല്‍ ഫയല്‍ മുഖ്യമന്ത്രിക്ക് വിട്ടു, 9-8-2016ല്‍ ഫയലില്‍ മുഖ്യമന്ത്രിയും ഒപ്പിട്ടു. വ്യവസ്ഥകള്‍ മറികടന്നുള്ള നിയമനത്തെ പലതവണ ന്യൂനപക്ഷ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നുണ്ടെന്ന് ഫയലുകളില്‍ വ്യക്തം.

ആര്‍ബിഐ ഷെഡ്യൂള്‍ പ്രകാരം സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്വകാര്യബാങ്കായതിനാല്‍ മുമ്പ് നിലവിലെ വ്യവസ്ഥ അനുസരിച്ച് നിയമിക്കാനാകില്ലെന്ന് ന്യൂനപക്ഷവകുപ്പിലെ അഡീഷനല്‍ സെക്രട്ടറി 28–9- 2018നെഴുതി. പിന്നാലെ വീണ്ടും ജലീല്‍ ഇടപെടല്‍ ഉണ്ടായി. സംസ്ഥാന ധനകാര്യവികസന കോര്‍പ്പറേഷന്‍ എംഡിയായി സഹകരണ ബാങ്കിലെ ഉദ്യോഗസ്ഥനെ മുമ്പ് നിയമിച്ചിട്ടുണ്ട്.

അദീബിന്റെ മാതൃസ്ഥാപനമായ സൗത്ത് ഇന്ത്യന്‍ ബാങ്ക് അനുമതി നല്‍കിയതിനാല്‍ അദീബിനെ നിയമിച്ച് ഉത്തരവിറക്കാന്‍ 28-9-18ന് ജലീലിന്റെ നിര്‍ദ്ദേശം. മന്ത്രി നിലപാട് കടുപ്പിച്ചതോടെ എതിര്‍പ്പ് ഉയര്‍ത്തിയ ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങി.

പിന്നാലെ അദീബിനറെ നിയമിച്ച് ഉത്തരവിറക്കി. നിയമന ഫയലിലെ ജലീലിന്റെ ഈ ഇടപെടലുകളടക്കം പരിശോധിച്ചാണ് ലോകായുക്ത സ്വജനപക്ഷപാതം നടന്നെന്നും മന്ത്രിയെ പുറത്താക്കണമെന്നുമുള്ള നിര്‍ണ്ണായക ഉത്തരവിറക്കാന്‍ കാരണം.


Share now