സ്വപ്‌നയുമൊത്ത് പോലീസുകാരികളുടെ സെല്‍ഫി; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു; ഫോണ്‍വിളികളും പരിശോധിക്കും

Share now

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനൊപ്പം സെല്‍ഫിയെടുത്ത ആറ് വനിതാ പൊലീസുകാരെക്കുറിച്ച് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഇവര്‍ സ്വപ്നയ്‌ക്കൊപ്പം സെല്‍ഫിയെടുത്തത് ഏത് സാഹചര്യത്തിലാണ് എന്നതാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. പൊലീസുകാര്‍ക്ക് സ്വപ്നയുമായി അടുത്ത സൗഹൃദമുണ്ടായോ എന്നതും പരിശോധിക്കും. ഇവരുടെ ഫോണ്‍ വിളികളും അന്വേഷണ പരിധിയില്‍ ഉണ്ട്. അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അച്ചടക്കനടപടി എടുക്കാനാണ് നിലവിലെ തീരുമാനം.

ആദ്യതവണ നെഞ്ചുവേദനക്ക് ചികിത്സയില്‍ കഴിയുമ്പോഴാണ് ത്യശൂര്‍ സിറ്റി പൊലീസിലെ വനിത പൊലീസുകാര്‍ സ്വപ്നക്കൊപ്പം സെല്‍ഫിയെടുത്തത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വാര്‍ഡില്‍ വച്ചായിരുന്നു വിവാദ സെല്‍ഫി. വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസ് കമ്മീഷണര്‍ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ വനിതാ പൊലീസുകാരെ താക്കീത് ചെയ്യുകയും ചെയ്തു. കൗതുകത്തിനാണ് തങ്ങള്‍ സ്വപ്നയ്ക്കൊപ്പം സെല്‍ഫിയെടുത്തതെന്നാണ് പൊലീസുകാര്‍ പറയുന്നത്.

സ്വപ്ന സുരേഷ് ചികിത്സയിലിരിക്കെ ഫോണില്‍ ഉന്നതരുമായി ബന്ധപ്പെട്ടെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് വനിതാപൊലീസുകാരുടെ സെല്‍ഫിയും പുറത്ത് വന്നത്. ഇവര്‍ എവിടെ വെച്ച് ഏത് സാഹചര്യത്തിലാണ് സെല്‍ഫിയെടുത്തതെന്ന് അന്വേഷിക്കുന്നുണ്ട്. സ്വപ്ന ചികിത്സയില്‍ കഴിയുന്ന വാര്‍ഡിനുള്ളില്‍ വെച്ചാണെങ്കില്‍ അത് ഗുരുതരമായ പ്രശ്‌നമായി കണക്കാക്കും.

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ സ്വപ്ന ഫോണ്‍വിളികള്‍ നടത്തിയോ എന്നതില്‍ എന്‍ഐഎ അന്വേഷണം നടക്കുകയാണ്. മെഡിക്കല്‍ കോളേജ് അധികൃതരില്‍ നിന്നും എന്‍ഐഎ വിവരങ്ങള്‍ ശേഖരിച്ചു. അതേ സമയം നഴ്‌സുമാരുടെ ഫോണുപയോഗിച്ചെന്ന ആരോപണം തൃശൂര്‍ മെഡിക്കല്‍ കോളേജ് അധികൃതരും പരിശോധിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ഇന്ന് ലഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.


Share now