
തിരുവനന്തപുരം: അനില്‍ അക്കരയെ സാത്താന്റെ സന്തതിയെന്ന് വിളിച്ചവര്‍ ഇപ്പോള്‍ സകലപാപവും ഏറ്റുപറഞ്ഞ് കുമ്പസാരിക്കുന്ന തിരക്കിലാണെന്ന് തോന്നുന്നു. സമീപകാലത്തൊന്നും സിപിഎമ്മിനെ അഴിമതിയുടെ പേരില്‍ ഇത്രയേറെ വെള്ളംകുടിപ്പിച്ച മറ്റൊരു കോണ്‍ഗ്രസ് നേതാവും കേരളത്തിലുണ്ടായിട്ടില്ല. ലൈഫ് മിഷന്റെ പേരില്‍ പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ സിപിഎം നേതാക്കളെ കൈയോടെ പിടിച്ച് പൊതുജനമധ്യത്തില്‍ കൊണ്ടുനിര്‍ത്തിയ നിയമസഭാംഗമാണ് വടക്കാഞ്ചേരി എംഎല്‍എ ആയ അനില്‍അക്കര.
പിണറായി സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായ സിപിഎം സഖാക്കള്‍ കെട്ടിപൊക്കിയ വെറുമൊരു ചീട്ടുകൊട്ടാരമാണെന്ന് അനില്‍അക്കര തെളിവ് സഹിതം പൊതുജനങ്ങളെ അറിയിച്ചതോടെയാണ് ലൈഫ് മിഷനില്‍ നടക്കുന്ന തട്ടിപ്പിന്റെ വ്യാപ്തി അറിഞ്ഞുതുടങ്ങിയത്. വ്യാജ പ്രചരണങ്ങള്‍ കൊണ്ട് സത്യത്തെ മറയ്ക്കാന്‍ ശ്രമിച്ച സര്‍ക്കാരിനും സിപിഎം അണികള്‍ക്കും ഇപ്പോള്‍ ഉത്തരം മുട്ടിനില്‍ക്കുകയാണ്. ലൈഫിന്റെ പേരില്‍ നടന്ന വ്യാപകമായ ക്രമക്കേടുകള്‍ സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതോടെ സിപിഎം തലയില്‍ മുണ്ടിട്ട് നടക്കുകയാണ്.
ലൈഫ് മിഷന് കേസ് സി.ബി.ഐയ്ക്ക് അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധി അനില്‍ അക്കര എം.എല്‍.എയുടെ പോരാട്ടത്തിന്റെ വിജയം.അനില്‍ അക്കര പ്രതിനിധിയായ വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ ചരല്‍പ്പറമ്പിലാണ് വിവാദമായ ലൈഫ് മിഷന് ഫ്ളാറ്റ് സ്ഥിതി ചെയ്യുന്നത്. സ്ഥലം എം.എല്‍.എയെ അറിയിക്കാതെ തുടങ്ങി വെച്ച ഫ്ളാറ്റ് നിര്‍മ്മാണ നടപടി ക്രമങ്ങള്‍ക്കെതിരെ തുടക്കത്തില്‍ തന്നെ എം.എല്‍.എ രംഗത്ത് വന്നിരുന്നു.സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ലൈഫ് മിഷന് ഫ്ളാറ്റ് നിര്‍മ്മാണത്തിന്റെ കോഴ ലഭിച്ചുവെന്ന വെളിപ്പെടുത്തലോടെയാണ് ചരല്‍പ്പറമ്പ് ലൈഫ് മിഷന് ഫ്ളാറ്റ് രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നത്. ഭരണപക്ഷത്തിന്റെ പരിഹാസങ്ങളും നുണക്കഥകളും ഏറ്റുവാങ്ങേണ്ടി വന്നപ്പോഴും ലൈഫ് മിഷനിലെ അഴിമതിക്കെതിരെ അനില്‍ അക്കര പോരാട്ടം തുടര്‍ന്നു.
പദ്ധതിയുടെ നടപടിക്രമങ്ങളില്‍ പ്രഥമദൃഷ്ട്യാ വീഴ്ച്ചയുണ്ടെന്ന് തന്നെയാണ് ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നത്. കേസില്‍ കക്ഷി ചേരാനുള്ള സര്‍ക്കാരിന്റെ ഹര്‍ജി തള്ളി. പദ്ധതി നടപടിക്രമങ്ങള്‍ എഫ്.സി.ആര്.എ ലംഘിച്ചുവെന്നായിരുന്നു സി.ബി.ഐ എഫ്.ഐ.ആറില്‍ രജിസ്റ്റര്‍ ചെയ്തത്. നിയമപരമായി ഇത് നിലനില്‍ക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ ഇത് ഹൈക്കോടതി തള്ളുകയായിരുന്നു.
140 കുടുംബങ്ങള്‍ക്കുള്ള ഫ്ളാറ്റ് സമുച്ചയമായിരുന്നു ചരല്‍പ്പറമ്പില്‍ വിഭാവനം ചെയ്തിരുന്നത്. 2019 ജൂണ്‍ 26ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ലൈഫ് മിഷന് എസ്.എല്‍.ഇ.സി യോഗതീരുമാനം അനുസരിച്ച് ഹാബിറ്റാറ്റ് ടെക്നോളജിയെയാണ് പ്രൊജക്റ്റ് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റായി നിയോഗിച്ചിരുന്നത്. ഹാബിറ്റാറ്റ് ടെക്നോളജി കെട്ടിടനിര്‍മ്മാണത്തിന് പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ തുടരവേയാണ് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി ഏ.സി മൊയ്തീന് യൂണിടാക് എന്ന സ്വകാര്യ സ്ഥാപനത്തെ നിര്‍മ്മാണച്ചുമതല ഏല്‍പ്പിക്കുന്നത്. സ്വര്‍ണ്ണക്കടത്തില്‍ വിവാദകേന്ദ്രമായ യു.എ.ഇ കോണ്‍സുലേറ്റ് വഴിയാണ് യൂണിടാക് കമ്പനി ഇതിലേയ്ക്ക് എത്തുന്നത്. സ്ഥലം എം.എല്‍.എയെയും വാര്‍ഡ് കൗണ്‍സിലറേയും മാറ്റിനിര്‍ത്തി രഹസ്യമായാണ് ഇക്കാര്യങ്ങള്‍ മന്ത്രിയുടെ പ്രത്യേക താത്പര്യപ്രകാരം ചെയ്തത്. യു.എ.ഇ കോണ്‍സുലേറ്റ് വഴി ലഭിച്ച 20 കോടി രൂപയാണ് ലൈഫ് മിഷന് ഫ്ളാറ്റിന്റെ മുടക്കുമുതല്‍. ഗുണമേന്മയില്ലാതെ നിര്‍മ്മിച്ച ഫ്ളാറ്റിന് പന്ത്രണ്ട് കോടി രൂപയില്‍ കൂടുതല്‍ ചെലവ് വരില്ലെന്ന വാദമാണ് അനില്‍ അക്കര എം.എല്‍.എ തുടക്കം മുതല്‍ ഉന്നയിച്ചത്. ഫ്ളാറ്റിന്റെ ശോച്യാവസ്ഥയും കോഴയും ചൂണ്ടിക്കണിച്ചതിന്റെ പേരില്‍ എം.എല്‍.എയ്ക്ക് പാവങ്ങള്‍ക്ക് താമസിക്കാന്‍ നിര്‍മ്മിക്കുന്ന ഫ്ളാറ്റിന്റെ നിര്‍മ്മാണം മുടക്കിയെന്ന ആരോപണം വരെ കേള്‍ക്കേണ്ടി വന്നു. മച്ചാട് സ്കൂളിലെ നീതു എന്ന വിദ്യാര്‍ത്ഥി എം.എല്‍.എയ്ക്ക് എഴുതിയ കത്തും വിവാദമായിരുന്നു. ചരല്‍പ്പറമ്പിലെ ഫ്ളാറ്റ് സമുച്ചയത്തില്‍ ഫ്ളാറ്റ് ലഭിക്കേണ്ടിയിരുന്ന നീതു എന്ന വിദ്യാര്‍ത്ഥിയുടെ കത്ത് സൈബര്‍ സഖാക്കളായിരുന്നു പ്രചരിപ്പിച്ചത്.
എന്നാല്‍ നീതു എന്ന വിദ്യാര്‍ത്ഥി ഒരു സാങ്കല്പിക കഥാപാത്രമായിരുന്നു. നീതുവിനെ കണ്ടുപിടിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ എം.എല്‍.എയും കോണ്‍ഗ്രസ് നേതാക്കളും മച്ചാട് സെന്ററില്‍ നീതുവിനെ കാത്തിരുന്നായിരുന്നു എല്‍.ഡി.എഫിന്റെ പൊള്ളത്തരത്തെ തുറന്നുകാണിച്ചത്. അനിലിന്റെ കുടുംബത്തെ അപമാനിക്കാനും സി.പി.എം നേതാക്കള്‍ ശ്രമിച്ചു. സാത്താന്റെ സന്തതി എന്നായിരുന്നു എം.എല്‍.എയെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോണ്‍ പൊതുയോഗത്തില്‍ വിശേഷിപ്പിച്ചത്. ഇതിനെതിരെ എം.എല്‍.എയുടെ അമ്മ പരസ്യപ്രതികരണം നടത്തേണ്ട സാഹചര്യവുമുണ്ടായി.