ആറ് പെൺകുട്ടികളെ നഗ്നരാക്കി പരേഡ്; മഴ ലഭിക്കാൻ വിചിത്രമായ ആചാര മാർഗം സ്വീകരിച്ച് മധ്യപ്രദേശിലെ ബനിയ ഗ്രാമം; ബാലാവകാശ കമ്മീഷൻ അന്വേഷണം ആരംഭിച്ചു

Share now

ദമോഹ: മഴ പെയ്യിക്കാനെന്ന പേരിൽ പല ആചാരങ്ങളും കണ്ടിട്ടുണ്ട്. എന്നാൽ മഴ കിട്ടാൻ പെൺകുട്ടികളെ നഗ്‌നരാക്കി ഗ്രാമത്തിലൂടെ നടത്തിയ സംഭവമാണ് മധ്യപ്രദേശിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദമോഹ ജില്ലയിലെ ബനിയ ഗ്രാമത്തിലാണ് മഴ ദേവനെ പ്രീതിപ്പെടുത്താനെന്ന പേരിൽ ആറ് പെൺകുട്ടികളെയാണ് മാതാപിതാക്കളുടെ അനുമതിയോടെ ആചാരത്തിന്റെ പേരിൽ നഗ്‌നരാക്കി നടത്തിയത്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പെൺകുട്ടികളെ നഗ്‌നരാക്കുകയും തോളിൽ കെട്ടിയ ഒരു മരത്തിന്റെ ദണ്ഡിൽ തവളയെ കെട്ടിവച്ചുമായിരുന്നു പരേഡ്. സ്ത്രീകളും ഇവരെ അനുഗമിച്ചിരുന്നു. സംഭവം പുറത്തുവന്നതോടെ ദേശീയ ബാലാവകാശ കമ്മീഷൻ ജില്ലാ ഭരണകൂടത്തോട് റിപ്പോർട്ട് തേടുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവിയും പറയുന്നു. പ്രദേശികമായ ആചാരത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് നാട്ടുകാർ പറയുന്നു. ഇതിനെതിരെ പരാതി നൽകാൻ ആരും തയ്യാറായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന് ഉടൻ റിപ്പോർട്ട് നൽകുമെന്ന് ജില്ലാ കലക്ടർ എസ്.കൃഷ്ണ ചൈതന്യ അറിയിച്ചു. മാതാപിതാക്കളുടെ അറിവോടും സമ്മതത്തോടുംകൂടിയാണ് ഈ അനാചാരം നടത്തിയതെന്നു പോലീസ് വ്യക്തമാക്കി.

കുട്ടികളെ നഗ്‌നരാക്കി നടത്തുന്നതിന്റെ രണ്ട് വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. അഞ്ച് വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി തവളയെ കെട്ടിത്തൂക്കിയ മരക്കമ്പുമായി നടക്കുന്നതും ഒരു കൂട്ടം സ്ത്രീകൾ ഭക്തഗാനങ്ങൾ ആലപിച്ച് പിന്തുടരുന്നതുമാണ് വീഡിയോ. മഴ കിട്ടാതെ നെൽകൃഷി കരിയുന്നുവെന്നും അതുകൊണ്ടാണ് ഇത്തരമൊരു ആചാരം നടത്തുന്നതെന്നും ഇവർ പറയുന്നു. ഇനി മഴ കിട്ടുമെന്ന് ഉറപ്പുണ്ടെന്നും സംഘത്തിലെ ഒരാൾ പറയുന്നതും വീഡിയോയിൽ കേൾക്കാൻ കഴിയും.


Share now