കേരളമേ, ലജ്ജിച്ച് തലതാഴ്ത്തുക; പിണറായി ഭരണത്തില്‍ പോക്‌സോ കേസിലെ ഇര അഞ്ച് വര്‍ഷത്തിനിടയില്‍ 31 തവണ ബലാത്സംഗം ചെയ്യപ്പെട്ടു; ഷെല്‍ട്ടര്‍ ഹോമുകളില്‍ പോലും ഇരകള്‍ക്ക് രക്ഷയില്ല

Share now

മലപ്പുറം: നവോത്ഥാന കേരളത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് ഒരു സുരക്ഷയുമില്ലെന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് പിണറായി ഭരണത്തില്‍ എന്നും പുറത്ത് വരുന്നത്. പോക്‌സോ കേസിലെ ഇരയായ പെണ്‍കുട്ടി അഞ്ചുവര്‍ഷത്തിനിടയില്‍ 31 തവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് കണ്ടെത്തി. മനസ്സാക്ഷി മരവിച്ചു പോകുന്ന ഈ വാര്‍ത്ത പുറം ലോകം അറിഞ്ഞിട്ടും ഫലപ്രദമായി ഇടപെട്ട് കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ആഭ്യന്തരവകുപ്പിനും സാമൂഹ്യ നീതി വകുപ്പിനും ഇനിയും കഴിഞ്ഞിട്ടില്ല.

മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 17-കാരിയായ പെണ്‍കുട്ടിയാണ് ഇത്രമാത്രം ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായത്. പല തവണ ബന്ധുക്കള്‍ക്കൊപ്പം വീട്ടിലേക്ക് വിട്ടപ്പോഴും പീഡനങ്ങള്‍ക്ക് ഇരയായിട്ടും ഇതൊന്നും കണക്കിലെടുക്കാതെ, വീണ്ടും അതേ നടപടി ആവര്‍ത്തിച്ചു ബാലക്ഷേമസമിതി. ഏറ്റവുമൊടുവില്‍ നടത്തിയ കൗണ്‍സിലിംഗിലാണ്, അഞ്ച് വര്‍ഷത്തിനിടെ, 31 തവണ ലൈംഗികാതിക്രമത്തിന് ഇരയായി പെണ്‍കുട്ടിയെന്ന് വ്യക്തമായത്. ഇതിന് മുമ്പ് 2016-ലും 2017-ലും ബലാത്സംഗത്തിന് ഇരയായതാണ് പെണ്‍കുട്ടി. അന്ന് നിര്‍ഭയ ഹോമിലേക്ക് മാറ്റിയിരുന്നെങ്കിലും പിന്നീട് പെണ്‍കുട്ടിയെ ബന്ധുക്കളുടെ അടുത്തേക്ക് തിരികെ പോകാന്‍ അനുവദിച്ചിരുന്നു. എന്നാല്‍, പോക്‌സോ കേസ് ഇരകളെ സംരക്ഷിക്കുന്നതിലും കൗണ്‍സിലിംഗ് നല്‍കുന്നതിലും അവരുടെ ആരോഗ്യസ്ഥിതിയും നിലവില്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിലും ശിശുക്ഷേമസമിതി അംഗങ്ങള്‍ക്കുണ്ടായ ഗുരുതരമായ വീഴ്ചകൊണ്ടാണ് പെണ്‍കുട്ടി പല തവണ പീഡനത്തിന് ഇരയായതെന്ന ഞെട്ടിക്കുന്ന വിവരമാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

2016-ല്‍ 13 വയസ്സുള്ളപ്പോഴാണ് പെണ്‍കുട്ടി ആദ്യമായി ബലാത്സംഗത്തിന് ഇരയാകുന്നത്. നാല് പേര്‍ ചേര്‍ന്ന് അന്ന് കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു എന്നായിരുന്നു ആദ്യത്തെ കേസ്. ഇതേത്തുടര്‍ന്ന് പാണ്ടിക്കാട് പോക്‌സോ കേസ് റിപ്പോര്‍ട്ട് ചെയ്ത് കുട്ടിയെ മഞ്ചേരി നിര്‍ഭയ ഹോമിലേക്ക് മാറ്റി. പിന്നാലെ ആറ് മാസത്തിനുള്ളില്‍ കുട്ടിയെ വീണ്ടും ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. എന്നാല്‍ കൃത്യം ഒരു വര്‍ഷത്തിനകം കൗണ്‍സിലിംഗിനിടെ ഈ കുട്ടിയെ ഒരാള്‍ ഉപദ്രവിച്ചുവെന്ന വിവരം പുറത്തുവന്നു. ഇത് കേസായി. വീണ്ടും കുട്ടിയെ നിര്‍ഭയ ഹോമിലേക്ക് മാറ്റി. കുട്ടി വീട്ടില്‍ സുരക്ഷിതയല്ല എന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നായിരുന്നു കുട്ടിയെ നിര്‍ഭയ ഹോമിലേക്ക് മാറ്റാന്‍ ശിശുക്ഷേമസമിതി ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്.

എന്നാല്‍ പിന്നീട്, മാസങ്ങള്‍ക്ക് ശേഷം പിന്നീട് വീണ്ടും കുട്ടിയെ മറ്റൊരു ബന്ധുവിനൊപ്പം പറഞ്ഞുവിട്ടു ശിശുക്ഷേമസമിതി ഉദ്യോഗസ്ഥര്‍. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയെ ബന്ധുക്കളോടൊപ്പം വിട്ടത്. അവിടെ വച്ചും വീണ്ടും കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയെന്ന വിവരമാണ് പിന്നീട് തുടര്‍കൗണ്‍സിലിംഗില്‍ പുറത്തുവന്നത്. ഇതോടെയാണ് അഞ്ച് വര്‍ഷത്തെ കാലയളവില്‍ 31 തവണ പല ആളുകളായി കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന വിവരം കൗണ്‍സിലര്‍മാര്‍ക്ക് ലഭിക്കുന്നത്. ഇതേത്തുടര്‍ന്ന് ആകെ 31 പോക്‌സോ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഷെല്‍ട്ടര്‍ ഹോമുകളില്‍ നിന്നും ബന്ധുക്കള്‍ക്ക് കൈമാറുന്ന പോക്‌സോ കേസ് ഇരകളെ സംരക്ഷിക്കുന്നതില്‍ ഗുരുതര വീഴ്ചയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായിട്ടുള്ളത് എന്നത് വ്യക്തമാണ്. ഇരകളെ നിരീക്ഷിക്കുന്നതിലും തുടര്‍ കൗണ്‍സിലിംഗ് നല്‍കുന്നതിലും കടുത്ത അനാസ്ഥയാണ് ഉണ്ടായിട്ടുള്ളത്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ഷെല്‍ട്ടര്‍ ഹോമിലെ ഫീല്‍ഡ് വര്‍ക്കര്‍, പോലീസ് എന്നിവര്‍ക്ക് ഗുരുതരവീഴ്ചയാണുണ്ടായിട്ടുള്ളത്.


Share now