നടൻ അനിൽ മുരളി അന്തരിച്ചു

Share now

കൊച്ചി: പ്രശസ്ത നടൻ അനിൽ മുരളി അന്തരിച്ചു. കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഈ മാസം 22ന് ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

ടെലിവിഷൻ സീരിയലുകളിലൂടെയാണ് അനിൽ മലയാള ചലച്ചിത്ര ലോകത്തേയ്ക്ക് കടന്ന് വന്നത്. 1993ൽ വിനയൻ സംവിധാനം ചെയ്ത കന്യാകുമാരിയിൽ ഒരു കവിത എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ പ്രവേശിച്ചത്. വില്ലൻ കഥാപാത്രങ്ങളാണ് ഏറെ കൈകാര്യം ചെയ്തിട്ടുള്ളത്. മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിലായി 200ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കലാഭവൻ മണി നായകനായ വാൽക്കണ്ണാടി എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.

വാൽക്കണ്ണാടി, ലയൺ, ബാബാ കല്ല്യാണി, റൺ ബേബി റൺ, അയാളും ഞാനും തമ്മിലും, ഇയ്യോബിന്റെ പുസ്തകം, ജോസഫ്, ഫോറൻസിക് തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സുമയാണ് ഭാര്യ. ആദിത്യ, അരുന്ധതി എന്നിവരാണ് മക്കൾ.


Share now