അതിർത്തിയിൽ ഷെൽ ആക്രമണം; മലയാളി ജവാന് വീരമൃത്യു

Share now

ഇന്ത്യ-പാക്ക് അതിർത്തിയിലുണ്ടായ പാതിസ്താൻ ഷെൽ ആക്രമണത്തിൽ മലയാളി സൈനികന് വീരമൃത്യു. കൊല്ലം അഞ്ചൽ വയലാ ആഷാ ഭവനിൽ അനീഷ് തോമസാണ് വീരമൃത്യു വരിച്ചത്. ജമ്മുകാശ്മീരിലെ അതിർത്തി പ്രദേശമായ രജൗരി സുന്ദർബെനിയിൽ നടന്ന പാക്ക് ഷെല്ലാക്രമണത്തിൽ ആണ് ജീവൻ പൊലിഞ്ഞത്.

ഇന്നലെ ഉച്ചയോടെയാണ് പാക്കിസ്ഥാൻ ഭാഗത്ത് നിന്നും അതിര്‍ത്തിയിലെ ഇന്ത്യൻ പോസ്റ്റുകളിലേക്ക് വെടിവെപ്പ് നടന്നത്. ഇന്ത്യൻ സേനയും ശക്തമായി തിരിച്ചടിച്ചു. പാക്കിസ്ഥാൻ നടത്തിയ ഷെൽ ആക്രമണത്തിൽ ഒരു മേര്‍ജറിനും മൂന്ന് സൈനികര്‍ക്കും പരിക്കേറ്റുവെന്നായിരുന്നു ഇന്നലെ സൈന്യം പുറത്ത് വിട്ട വിവരം. ഇവരിൽ ഒരാളായിരുന്നു മരിച്ച അനീഷ്. മറ്റുള്ളവര്‍ ചികിത്സയിൽ തുടരുകയാണ്.

കടയ്ക്കല്‍ സ്വദേശിയായ തോമസ്-അമ്മിണി ദമ്പതികളുടെ മകനാണ് അനീഷ് തോമസ്. ഭാര്യയും ആറു വയസ്സുള്ള മകളുമുണ്ട്. രാഷ്ട്രീയ റൈഫിള്‍സിന്റെ ഭാഗമായാണ് അദ്ദേഹം ജമ്മു കശ്മീരില്‍ എത്തിയത്. 16 വര്‍ഷമായി സൈനിക സേവനം നിര്‍വഹിച്ചുവരികയായിരുന്നു അനീഷ് തോമസ്. ഈ മാസം 25ന് അവധിക്ക് വീട്ടിലേക്ക് വരാനിരിക്കെയാണ് മരണം സംഭവിച്ചത്. 


Share now