കാര്‍ഷിക നിയമങ്ങള്‍ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് പ്രയോജനം: സര്‍ക്കാരിന് പിന്‍തിരിയേണ്ടിവരും ; ‘എന്റെ വാക്കുകള്‍ കുറിച്ചുവെച്ചോളൂവെന്ന് രാഹുല്‍

Share now

മധുര (തമിഴ്നാട്): ഡല്‍ഹി അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം വിജയിക്കുകതന്നെ ചെയ്യുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരാകുമെന്ന് അദ്ദേഹം പറഞ്ഞു. ‘എന്റെ വാക്കുകള്‍ കുറിച്ചുവച്ചോളൂ. ഈ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരാകും.

ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിലെത്തിയ രാഹുല്‍ മധുരയില്‍ ജെല്ലിക്കെട്ട് മത്സരം കാണുകയും പൊങ്കല്‍ ആഘോഷത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് അദ്ദേഹം കേന്ദ്രത്തിനെതിരെ വിമര്‍ശം ഉന്നയിച്ചത്.

ബഹുരാഷ്ട്ര കമ്പനികള്‍ക്ക് പ്രയോജനം ലഭിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. രാജ്യത്തെ കര്‍ഷകരുടെ ചിലവില്‍ ഒരുകൂട്ടം വ്യക്തികള്‍ക്കുമാത്രം പ്രയോജനം ചെയ്യുന്നതാണ് പുതിയ നിയമങ്ങള്‍. അതിനെതിരായ കര്‍ഷക പ്രക്ഷോഭത്തെ കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുകയല്ല, തകര്‍ക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്.

രണ്ടോ മൂന്നോ സുഹൃത്തുക്കള്‍ക്ക് കാര്‍ഷിക നിയമങ്ങളുടെ പ്രയോജനം ലഭിക്കുന്നതിനു വേണ്ടിയാണിത്. കര്‍ഷക സമരത്തെ അവഗിക്കുന്നുവെന്ന് പറഞ്ഞാല്‍ അത് വളരെ ദുര്‍ബലമായ വിശേഷണമായിപ്പോകുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഏഴ് ആഴ്ചയിലധികമായി കര്‍ഷക സംഘടനകള്‍ പ്രക്ഷോഭം നടത്തുകയാണ്. പുതിയ നിയമങ്ങള്‍ കോര്‍പ്പറേറ്റ് കൃഷിക്ക് വഴിതെളിക്കുമെന്നും കാര്‍ഷികോത്പന്നങ്ങള്‍ താങ്ങുവില നല്‍കി സംഭരിക്കുന്നത് അവസാനിപ്പിക്കുമെന്നുമാണ് അവര്‍ ആരോപിക്കുന്നത്.

അതിനിടെ, കാര്‍ഷിക പ്രക്ഷോഭത്തില്‍ രാഹുല്‍ഗാന്ധി സ്വീകരിക്കുന്ന നിലപാടിനെ വിമര്‍ശിച്ച് ബിജെപി നേരത്തെതന്നെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന്റെ 2019 ലെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ കാര്‍ഷിക നിയമങ്ങളെപ്പറ്റിയും പറഞ്ഞിരുന്നുവെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കാര്‍ഷിക മേഖലയിലെ പരിഷ്‌കാരങ്ങള്‍ അവര്‍ നടപ്പാക്കുന്നതിന് പകരം പ്രധാനമന്ത്രി മോദി നടപ്പാക്കുന്നതിനാലാണ് കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നതെന്നും അവര്‍ ആരോപിച്ചിരുന്നു.


Share now