അഞ്ച് ദിവസത്തെക്കുറിച്ച് ചോദിച്ചാല്‍ മൂന്ന് ദിവസത്തെക്കുറിച്ച് മറുപടി; മേഴ്‌സിക്കുട്ടിയമ്മയുടെ അമേരിക്കന്‍ യാത്രയിലെ രണ്ടുദിവസം ദുരൂഹം; അഴിമതി നീക്കം പുറത്തായതോടെ ഒളിച്ചുകളി; വിവരാവകാശ രേഖയില്‍ വെട്ടിലായി ഫിഷറീസ് മന്ത്രി

Share now

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് അമേരിക്കന്‍ കമ്പനിക്ക് അനുമതി നല്‍കിയ ഇടപാടില്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടയമ്മ പറഞ്ഞത് കള്ളം. താന്‍ മൂന്നു ദിവസം മാത്രമാണ് അമേരിക്കയില്‍ പര്യടനം നടത്തിയതെന്നായിരുന്നു മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ മന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖകള്‍ പ്രകാരം അഞ്ച് ദിവസം അമേരിക്കയില്‍ സന്ദര്‍ശനം നടത്തിയെന്നാണ് വ്യക്തമാകുന്നത്. കെ.എസ്.യു കൊല്ലം ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയന്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് മന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി കെ.അശോകന്‍ ഈ വിവരം അറിയിച്ചിരിക്കുന്നത്.

ഇന്ന് രാവിലെ (ഫെബ്രുവരി 19) പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആഴക്കടല്‍ മത്സ്യബന്ധ ഇടപാടില്‍ അമേരിക്കന്‍ കമ്പനിക്ക് കേരളത്തിന്റെ തീരപ്രദേശം തീറെഴുതികൊടുത്തുവെന്ന ആരോപണം ഉന്നയിച്ചതിന് തൊട്ട് പിന്നാലെയാണ് മന്ത്രി വിശദീകരണവുമായി രംഗത്ത് വന്നത്. താന്‍ യുണൈറ്റഡ് നേഷന്‍സ് അക്കാദമിക്ക് ഇംപാക്ടിന്റെ ക്ഷണപ്രകാരമാണ് അമേരിക്കയില്‍ പോയതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. ഇൗ പരിപാടിയില്‍ പങ്കെടുത്തതല്ലാതെ മറ്റാരെയും സന്ദര്‍ശിച്ചിട്ടില്ലെന്നും താന്‍ മൂന്നു ദിവസമല്ലാതെ അമേരിക്കയില്‍ ചെലവഴിച്ചിട്ടില്ലെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. (വീഡിയോ കാണുക)

എന്നാല്‍ മന്ത്രിയുടെ വാദങ്ങള്‍ പച്ചക്കള്ളമാണെന്ന് തെളിയിക്കുന്ന പ്രൊട്ടോക്കോള്‍ ഓഫീസറുടെ ഉത്തരവും പുറത്തു വന്നിട്ടുണ്ട്. മന്ത്രിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം 2018 ഏപ്രില്‍ ഏഴ് മുതല്‍ പതിനാല് വരെ അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്നതിനുള്ള അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവാണ് നല്‍കിയിട്ടുള്ളത്. യാത്രയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ടോയെന്ന കാര്യം ഉത്തരവില്‍ വ്യക്തമല്ല. ഔദ്യോഗിക സംഘത്തിന് പുറമേ മന്ത്രിയോടൊപ്പം ഭര്‍ത്താവും അമേരിക്കന്‍ സന്ദര്‍ശനത്തിനുണ്ടായിരുന്നു.

അമേരിക്കന്‍ യാത്രയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറിയ മന്ത്രി രമേശ് ചെന്നത്തലയ്ക്ക് സമനില തെറ്റിയെന്ന വാദമാണ് ഉന്നയിച്ചത്. അമേരിക്കയില്‍ വെച്ച് താന്‍ ഇ.എം.സി.സി ഇന്റര്‍നാഷണല്‍ കമ്പനിയുടെ ആരെയും കണ്ടിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ അവകാശവാദം. ഈ വാദം തീര്‍ത്തും തെറ്റാണെന്ന് തെളിയിക്കുന്ന രേഖകള്‍ രമേശ് ചെന്നിത്തല പുറത്തുവിട്ടിരുന്നു. ഈ മാസം 11ന് ഇ.എം.സി.സിയുടെ പ്രസിഡന്റായ ഷിജു വര്‍ഗീസ് വ്യവസായ മന്ത്രി ഇ.പി ജയരാജന് നല്‍കിയ കത്തില്‍ 2018 ഏപ്രിലില്‍ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുമായി ന്യൂയോര്‍ക്കില്‍ വെച്ച് ആഴക്കടല്‍ മത്സ്യബന്ധനത്തെക്കുറിച്ച് ചര്‍ച്ച നടത്തിയതായി കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ വകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാലുമായി 2019 ജൂലൈയില്‍ ചര്‍ച്ച നടത്തിയതായി ഷിജു വര്‍ഗീസിന്റെ കത്തിലുണ്ട്.

മന്ത്രി നടത്തിയ അഴിമതി ഇടപാടിനെ കുറിച്ച് രേഖകള്‍ സഹിതം രമേശ് ചെന്നിത്തല പുറത്തുകൊണ്ടുവന്നപ്പോള്‍ കള്ളം പറഞ്ഞ് തടിതപ്പാനാണ് അവര്‍ ശ്രമിക്കുന്നത്. 2019 ആഗസ്റ്റ് മൂന്നിന് ഫിഷറീസ് വകുപ്പിന് ആഴക്കടല്‍ മത്സ്യബന്ധനം സംബന്ധിച്ച് ഇ.എം.സി.സി നല്‍കിയ ആശയ കുറിപ്പില്‍(കണ്‍സ്പ്റ്റ് പേപ്പര്‍) മന്ത്രിയുമായി ന്യൂയോര്‍ക്കില്‍ വെച്ച് ചര്‍ച്ച നടത്തിയതായി പരാമര്‍ശമുണ്ട്. ആഴക്കടല്‍ മത്സ്യബന്ധനം സംബന്ധിച്ച് അപേക്ഷയോ രേഖകളോ ഒന്നും തന്റെ വകുപ്പില്‍ എത്തിയിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ അവകാശവാദം. അതും കള്ളമാണെന്ന് രേഖകള്‍ തെളിയിക്കുന്നു.


Share now