ബോക്സിംങ് റിങ്ങിലെ ബാഡ് ബോയ് തിരിച്ചു വരുന്നു…

Share now

ന്യൂയോർക്ക്: ബോക്സിംങ് റിങ്ങിലെ ബാഡ് ബോയ് മൈക്ക് ടൈസൺ റിങ്ങിലേക്കു തിരിച്ചു വരുന്നു. സാമൂഹിക പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ സംഘടിപ്പിക്കുന്ന ചാരിറ്റി മത്സരങ്ങളിലൂടെയാകും അൻപത്തിമൂന്നുകാരനായ ടൈസന്റെ തിരിച്ചുവരവ്. തിരിച്ചുവരവ് പ്രഖ്യാപിച്ച് ടൈസൺ സാമൂഹിക മാധ്യമങ്ങലിൽ പോസ്റ്റ് ചെയ്ത പരിശീലന വിഡിയോയ്ക്ക് ആവേശ പ്രതികരണമാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്.

ട്രെയർ റാഫേൽ കോർഡെയറോയുമൊത്ത് ടൈസൺ പരിശീലിക്കുന്നതിന്റെ ദൃശ്യമാണ് സാമൂഹിക മാധ്യമങ്ങലിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. “ഞാൻ വർക്ക്ഔട്ട് ചെയ്തു തുടങ്ങി. എല്ലാ ദിവസവും രണ്ട് മണിക്കൂർ വ്യായാമം ചെയ്യുന്നു. ഒരു മണിക്കൂർ ട്രെഡ്മില്ലിൽ. ശേഷം, കുറച്ച് വെയ്റ്റ് എക്സർസൈസ്, അവസാനം ബോക്സിങ് പരിശീലനവും’ – ടൈസൺ പറഞ്ഞു. ഇരുപതും ഇരുപത്തൊന്നും വയസ്സുള്ള ബോക്സർമാരെപ്പോലെ വേഗവും കരുത്തും ടൈസൻ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നതായി പരിശീലകൻ കോർഡെയറോ പറഞ്ഞു.

ലോക ഹെവിവെയ്റ്റ് പട്ടം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മനുഷ്യനായ മൈക്ക് ടൈസൺ 1999-ൽ റിംഗ് മാഗസിൻ നടത്തിയ വോട്ടെടുപ്പിൽ എക്കാലത്തെയും മികച്ച ഹെവി വെയ്റ്റ് ബോക്സർമാരുടെ പട്ടികയിൽ പതിനാലാമനായി സ്ഥാനം പിടിച്ചിരുന്നു. അദ്ദേഹം ഇരുമ്പ് മൈക്ക് ടൈസൺ, കുട്ടി ഡൈനാമൈറ്റ്, ലോകത്തിലെ ഏറ്റവും മോശപ്പെട്ട മനുഷ്യൻ എന്നിങ്ങനെയുള്ള അപരനാമങ്ങളിൽ അറിയപ്പെട്ടു. വിഭജിച്ചുകിടന്ന ലോക ഹെവിവെയിറ്റ് മത്സരങ്ങളെ ഒരുമിപ്പിച്ചത് 80-കളുടെ മധ്യത്തിൽ മൈക്ക് ടൈസൺ ആണ്. തന്റെ എല്ലാ എതിരാളികളെയും ആ കാലഘട്ടത്തിൽ അദ്ദേഹം നിലം‌പരിശാക്കി.

തന്റെ ഏറ്റവും നല്ല കാലത്ത് ടൈസൺ അജയ്യനായി വിശ്വസിക്കപ്പെട്ടിരുന്നു. പക്ഷേ ഒരുകാലത്ത് പുകൾപെറ്റ അദ്ദേഹത്തിന്റെ കായിക ജീവിതം വ്യക്തിപരമായ പ്രശ്നങ്ങൾ, പരിശീലനക്കുറവ്, ജയിൽ ശിക്ഷകൾ എന്നിവകൊണ്ട് നിറഞ്ഞതായിരുന്നു. തന്റെ ആദ്യ ജയിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ മൈക്ക് ടൈസൺ ഒരുപാട് പ്രതീക്ഷിക്കപ്പെട്ട തന്റെ തിരിച്ചുവരവ് നടത്തിയെങ്കിലും ഗതകാല പ്രൗഢി വീണ്ടെടുക്കുവാൻ ആയില്ല. വീണ്ടും ഹെവി വെയ്റ്റ് പട്ടം നേടുവാൻ കഴിഞ്ഞെങ്കിലും ഒരു ബോക്സിംഗ് പോരാളി എന്ന നിലയിൽ അദ്ദേഹത്തിന്റെ സുവർണ്ണ കാലമായി കണക്കാക്കപ്പെടുന്നത് 1990-നു മുൻപുള്ള കാലഘട്ടം ആണ്. അതിനുശേഷമുള്ള കാലം കൂ‍ടുതലും വിവാ‍ദങ്ങൾ നിറഞ്ഞതായിരുന്നു. 2006ൽ പ്രഫഷനൽ ബോക്സിങ്ങിൽ നിന്നു വിരമിച്ച ടെെസൺ 58 മത്സരങ്ങളിൽ 50 എണ്ണത്തിൽ വിജയിച്ചിട്ടുണ്ട്. ഇതിൽ 44 എണ്ണവും നോക്കൗട്ട് വിജയങ്ങളായിരുന്നു.


Share now