മണിയൻപ്പിള്ള രാജുവിന് ഓണക്കിറ്റ് മന്ത്രി വീട്ടിലെത്തിച്ചു; എല്ലാവർക്കും വീട്ടിൽ കൊണ്ടുവന്നു കൊടുക്കുമോയെന്ന് സമൂഹമാധ്യമങ്ങളില്‍ ചോദ്യം?

Share now

തിരുവനന്തപുരം: റേഷൻ കടകളിൽ നേരിട്ട് പോയി ഇപോസ് മെഷിനിൽ വിരൽ പതിപ്പിച്ച് കാർഡ് വിവരങ്ങൾ ഉറപ്പാക്കിയ ശേഷം വിതരണം ചെയ്യേണ്ട ഓണക്കിറ്റ് മന്ത്രി ജി.ആർ അനിൽ നടനും സംവിധായകനും നിർമാതാവുമായ മണിയൻപ്പിള്ള രാജുവിന്റെ വീട്ടിൽ നേരിട്ടെത്തിച്ചു നൽകിയത് ഇപ്പോൾ വിവാദമായിരിക്കുകയാണ്.

റേഷൻ കടകളിലെ ഇപോസ് മെഷിനിൽ വിരൽ പതിപ്പിച്ച് കാർഡ് വിവരങ്ങൾ ഉറപ്പാക്കിയശേഷം വിതരണം ചെയ്യേണ്ട കിറ്റാണ് നടന്റെ ജവാഹർ നഗർ ഭഗവതി ലെയ്‌നിലെ വീട്ടിൽ ചൊവ്വാഴ്ച രാവിലെ എത്തി മന്ത്രി കൈമാറിയത്. ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങൾ മന്ത്രിയുമായി ബന്ധപ്പെട്ടവർ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു ഭക്ഷ്യപൊതുവിതരണ വകുപ്പ് ജൂലൈ 31നാണ് ഓണക്കിറ്റ് വിതരണം തുടങ്ങിയത്. പാവപ്പെട്ടവരും മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ടതുമായ അന്ത്യോദയ അന്നയോജന (മഞ്ഞ) റേഷൻ കാർഡ് അംഗങ്ങൾക്കാണ് ഓഗസ്റ്റ് 3 വരെ കിറ്റ് വിതരണം നിശ്ചയിച്ചിട്ടുള്ളത്. മന്ത്രി ഭരിക്കുന്ന ഭക്ഷ്യപൊതുവിതരണ വകുപ്പ് ഇതു സംബന്ധിച്ച് ഉത്തരവും ഇറക്കിയിട്ടുണ്ട്. മുൻഗണന ഇതര വിഭാഗത്തിലെ സബ്‌സിഡി ഇല്ലാത്ത (നോൺ പ്രയോറിറ്റി നോൺ സബ്‌സിഡി) എന്ന വെള്ള നിറത്തിലുള്ള റേഷൻ കാർഡിലെ അംഗമാണ് രാജു. ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലാണു കാർഡ്.

സാധാരണ, ഒരു വെള്ള കാർഡ് ഉടമയോ അംഗമോ ഈ ദിവസങ്ങളിൽ റേഷൻ കടയിൽ എത്തിയാൽ കിറ്റ് ലഭിക്കില്ല. കാരണം, കടകളിലെ ഇ പോസ് മെഷീനിൽ ഇതിനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടില്ല. ഇക്കാര്യം അധികൃതരും റേഷൻ വ്യാപാരികളും സമ്മതിക്കുന്നു. വെള്ള കാർഡ് അംഗങ്ങൾക്കു കിറ്റ് നൽകാൻ ഭക്ഷ്യപൊതുവിതരണ വകുപ്പ് അനുവാദം നൽകിയിട്ടുള്ളത് ഓഗസ്റ്റ് 13 മുതലാണെന്നും ഉത്തരവിലുണ്ട്.

കഴിഞ്ഞ ലോക്ഡൗൺ കാലത്തു സർക്കാർ നൽകിയ സൗജന്യ റേഷൻ വാങ്ങാൻ രാജു ജവഹർ നഗറിലെ റേഷൻ കടയിൽ പോയത് വാർത്തയായിരുന്നു. റേഷനരി മോശമാണെന്നു സമൂഹമാധ്യമങ്ങളിലെ ചിലരുടെ സന്ദേശങ്ങൾ കണ്ടാണ് അതു വാങ്ങാൻ പോയതെന്നും അരി വീട്ടിൽ കൊണ്ടുവന്നു ചോറു വച്ചപ്പോൾ മികച്ചതായിരുന്നുവെന്നും രാജു തന്നെ പിന്നീടു വെളിപ്പെടുത്തുകയും ചെയ്തു.
തന്റെ ബാല്യകാലത്ത് റേഷനരി ചോറുണ്ടാണു വളർന്നതെന്നും അതു കൊണ്ടു റേഷൻ കടയിൽ പോയി അരി വാങ്ങാൻ നാണക്കേടൊന്നും തോന്നിയില്ലെന്നും രാജു അഭിപ്രായപ്പെട്ടിരുന്നു. ഈ വാർത്ത കണ്ട് അന്നത്തെ ഭക്ഷ്യമന്ത്രി പി.തിലോത്തമൻ രാജുവിനെ വീട്ടിൽ നേരിട്ട് എത്തി അഭിനന്ദിച്ചു. ഇപ്പോഴത്തെ മന്ത്രി ജി.ആർ. അനിൽ കിറ്റ് കൈമാറാൻ രാജുവിന്റെ വീട്ടിലെത്താൻ ഇതു കാരണമായി എന്നാണു മന്ത്രിയുമായി ബന്ധപ്പെട്ടവരുടെ വിശദീകരണം.

മന്ത്രി കിറ്റ് വീട്ടിൽ എത്തിച്ചു നൽകിയ വാർത്ത പുറത്തുവന്നതോടെ എല്ലാവർക്കും ഇങ്ങനെ വീട്ടിൽ കൊണ്ടു പോയി കിറ്റ് കൊടുക്കുമോ എന്നാണു ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം. കിടപ്പുരോഗികളും അവശരുമായവർക്കു പോലും മറ്റൊരാളെ രേഖാമൂലം നിയോഗിച്ച് റേഷൻ വാങ്ങാനാണ് അനുവാദം.

ഇങ്ങനെ നിയോഗിക്കുന്ന ആൾ (പ്രോക്‌സി) അപേക്ഷകന്റെയോ അപേക്ഷകയുടെയോ റേഷൻകടയുടെ പരിധിയിലുള്ള കാർഡ് ഉടമയോ അംഗമോ ആകണമെന്നാണു വ്യവസ്ഥ. ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫിസറാണ് ഇതിന് അനുമതി നൽകേണ്ടതും. റേഷൻ കട ഉടമകൾ തോന്നിയതു പോലെ കിറ്റ് വിതരണം ചെയ്യാതിരിക്കാനാണ് സർക്കാർ തന്നെ മുൻഗണനാക്രമം നിശ്ചയിച്ചു നൽകുന്നത്.
ഇത്തവണ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം റേഷൻ കടകൾ തോറും ‘പ്രമുഖരെ’ കൊണ്ടു നടത്താൻ സർക്കാർ നൽകിയ നിർദേശം വിവാദമായിരുന്നു. വിതരണോദ്ഘാടനത്തിന്റെ ചിത്രങ്ങൾ സിവിൽ സപ്ലൈസ് ഡയറക്ടറെയോ ജില്ലാ സപ്ലൈ ഓഫിസറെയോ അറിയിക്കാനാണു റേഷൻ വ്യാപാരികളോടു നിർദേശിച്ചത്.


Share now