തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയതില്‍ സിപിഎമ്മിന് എന്ത് കാര്യം?; ഇടതുപക്ഷത്തിന്റെ ശ്രമഫലമായാണ് നടപ്പാക്കിയതെന്ന അവകാശവാദം ശുദ്ധ അസംബന്ധം; ന്യായ് പദ്ധതിയെ പരിഹസിക്കുന്നതിന് മുന്‍പ് തൊഴിലുറപ്പ് പദ്ധതി വിജയിപ്പിച്ച ചരിത്രം കണ്ടുപഠിക്കുക

Share now

ദാരിദ്ര്യം തുടച്ചുനീക്കുന്നതിന്റെ ഭാഗമായി പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടില്‍ പ്രതിമാസം 6000 രൂപ നല്‍കുന്ന മിനിമം ഇന്‍കം ഗ്യാരന്റീ സ്‌കീം അഥവാ ‘ ന്യായ് പദ്ധതി’ നടപ്പാക്കുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചതോടെ ഹാലിളകിയ ഇടതുപക്ഷം ഈ പദ്ധതി എങ്ങനെ നടപ്പാക്കുമെന്ന മുടന്തന്‍ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. ഇതേപോലെ ഒട്ടേറെ സംശയങ്ങളുയര്‍ത്തിയ മറ്റൊരു പദ്ധതിയായിരുന്നു 2004-ലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി. ഈ പദ്ധതി വിജയകരമായതോടെ ഇടതുപക്ഷത്തിന്റെ ശ്രമഫലമായാണ് തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയതെന്ന തള്ളലുകളുമായി സൈബര്‍ സഖാക്കള്‍ രംഗത്തെത്തി കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതില്‍ ഇന്ത്യയിലെ ഇടതുപക്ഷത്തിന് പ്രത്യേകിച്ച് സിപിഎമ്മിന് യാതൊരു പങ്കുമില്ലായിരുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്.

ന്യായ പദ്ധതി എങ്ങനെ നടപ്പാക്കും. ഇതിനുള്ള പണം എങ്ങനെ കണ്ടെത്തും എന്നതിനെക്കുറിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തിന് വളരെ വ്യക്തമായ കാഴ്ചപ്പാടുണ്ട്. പാവപ്പെട്ടവരിലേക്ക് പണമെത്തിക്കുമ്പോള്‍ സ്വാഭാവികമായി അതിന്റെ ചലനങ്ങള്‍ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാവുമെന്നത് തെളിയിക്കപ്പെട്ട സിദ്ധാന്തങ്ങളാണ്. അതേ മാര്‍ഗമാണ് കോണ്‍ഗ്രസ് നടപ്പാക്കാന്‍ ഉദേശിക്കുന്നത്. ന്യായ് പദ്ധതി രൂപം കൊടുക്കുന്നതിന് പ്രധാന പങ്ക് വഹിച്ച ഫ്രഞ്ച് ധനകാര്യ വിദഗ്ധനായ തോമസ് പിക്കറ്റിയെ രണ്ടുവര്‍ഷം മുന്‍പ് മുഖ്യമന്ത്രി പോയി കണ്ടതും സാമ്പത്തിക അസമത്വം ഇല്ലാതാക്കാനുള്ള പദ്ധതി കണ്ടെത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു. രാജ്യത്ത് ഒരുപാട് സാമൂഹ്യ ചലനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കോണ്‍ഗ്രസിന് ന്യായ്് പദ്ധതി നടപ്പാക്കുന്നതിലും കൃത്യമായ നിലപാടുകളും പദ്ധതികളുമുണ്ട്. 34 കൊല്ലം ബംഗാള്‍ ഭരിച്ച സിപിഎമ്മിന് ഇല്ലാതെ പോയ ഉള്‍കാഴ്ചയെക്കുറിച്ചും ദീര്‍ഘവീക്ഷണത്തെക്കുറിച്ചുമാണ് ഇനിയെങ്കിലും തിരിച്ചറിയേണ്ടത്. ന്യായ് പദ്ധതി തുടങ്ങുന്നതിന് മുന്‍പ് മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി ആവിഷ്‌കരിച്ചപ്പോള്‍ ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇത്തരം സന്ദേഹങ്ങളും പരിഹാസങ്ങളുമുയര്‍ത്തിയതാണ്. ഇച്ഛാശക്തിയുള്ള ഒരു സര്‍ക്കാരുണ്ടെങ്കില്‍ അവ നടപ്പാക്കുന്നതിന് ബുദ്ധിമുട്ടില്ലെന്ന് മന്‍മോഹന്‍സിംഗിന്റെ സര്‍ക്കാര്‍ തെളിയിച്ചതാണ്.

ഒന്നാം യു പി എ സര്‍ക്കാരിന്റെ കാലത്ത് മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഇടതു പക്ഷത്തിന്റെ ശ്രമഫലമായിട്ട് നടപ്പാക്കിയ പദ്ധതിയാണെന്ന മട്ടില്‍ തിരഞ്ഞെടുപ്പു കാലമായതോടെ ഇടത് നേതാക്കളും അവരെ പിന്തുണ യ്ക്കുന്ന മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും വ്യാപക മായി പ്രചരിപ്പിക്കുന്നുണ്ട്. ഒന്നാം യു പി എ സര്‍ക്കാരിന്റെ കാലത്തെ കോമണ്‍ മിനിമം പരിപാടിയില്‍ ഇടത് കക്ഷികളുടെ സമ്മര്‍ദ്ദ ഫലമായി തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയെന്നാണ് സകലമാന ഇടത് നേതാക്കളും അവരുടെ സൈബര്‍ പോരാളികളും സൈബര്‍ ഇടങ്ങളില്‍ വന്ന് തള്ളിമറിക്കുന്നത്. .ആരാന്റെ കൊച്ചിന്റെ പിതൃത്വം ഏറ്റുപിടിക്കാനെന്തിനാ വെറുതെ ഈ തള്ളലുകള്‍ നടത്തുന്നത്.? യഥാര്‍ത്ഥത്തില്‍ ഈ പദ്ധതിക്ക് രൂപം കൊടുക്കുന്നതില്‍ ഇന്ത്യയിലെ ഇടത് കക്ഷികള്‍ക്ക് പ്രത്യേകിച്ച് യാതൊരു റോളുമില്ല. അവരുടെ തലയില്‍ ഒരിക്കല്‍ പോലും ഉതിക്കാത്ത ഒരു പദ്ധതിയായിരുന്നു ഇത്.

1983ല്‍ ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഭുമിയില്ലാത്ത ഗ്രാമീണര്‍ക്കായി ഒരു തൊഴിലുറപ്പ് പദ്ധതിക്ക് രൂപം നല്കിയിരുന്നു. ദ റൂറല്‍ ലാന്റ്‌ലസ് എംപ്ലോയിമെന്റ് ഗ്യാരന്റീ പ്രോഗ്രാം (ആര്‍എല്‍ഇജിപി) എന്നായിരുന്നു പദ്ധതിയുടെ പേര്. ഈ പദ്ധതിക്ക് ഉദ്ദേശിച്ചത്ര ഫലമോ നേട്ടമോ ഉണ്ടാക്കിയില്ല. 1991 ല്‍ നരസിംഹറാവു മന്ത്രിസഭയുടെ കാലത്ത് ദേശീയ തൊഴിലുറപ്പ് നിയമത്തിന് രൂപം നല്‍കിയെങ്കിലും അതും ഫലവത്തായില്ല. വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാര്‍ 2004 ലെ തിരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യാ ഷൈനിംഗ് ക്യാമ്പയിനുമായി മുന്നേറുന്ന വേളയിലാണ് കോണ്‍ഗ്രസ് അവരുടെ തിരഞ്ഞെടുപ്പ് പത്രികയില്‍ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കുമായി വര്‍ഷത്തില്‍ മിനിമം 100 ദിവസം തൊഴില്‍ ഉറപ്പാക്കുന്ന ദേശീയ തൊഴിലുറപ്പ് പദ്ധതി യെക്കുറിച്ച് വാഗ്ദാനം നടത്തിയത്.

A National Employment Guarentee Act will be enacted immediately . This will provide a legal guarentee for at least 100 days of employment on asset creating Public works programmes every Year at minimum wages for every rural house hold.
എന്ന് വളരെ വ്യക്തമായി കോണ്‍ഗ്രസിന്റെ 2004 ലെ പ്രകടന പത്രികയില്‍ എഴുതി വെച്ചിട്ടുണ്ട്. ഈ വാഗ്ദാനമെങ്ങനെ ഇടതു പക്ഷത്തിന്റെ ക്രെഡിറ്റില്‍ പ്പെടുത്തും. തള്ളുമ്പോള്‍ ഒരു മയത്തിലൊക്കെ തള്ളുന്നതാണ് ഇടത് ആരോഗ്യത്തിന് ഉത്തമം.

2004 പൊതു തിരഞ്ഞെടുപ്പിന് ശേഷമാണ് യുപിഎയ്ക്ക് രൂപമുണ്ടായത്. അപ്പോഴാണ് ഇടത് കക്ഷികള്‍ ബിജെപിയെ അധികാരത്തില്‍ നിന്നകറ്റാന്‍ കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന മന്ത്രിസഭയ്ക്ക് പുറത്ത് നിന്ന് പിന്തുണ നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്. അതിന്റെ അടിസ്ഥാനത്തിലാണ് കോമണ്‍ മിനിമം പ്രോഗ്രാമിന് രൂപം കൊടുത്തത്. കോമണ്‍ മിനിമം പ്രോഗ്രാമിലെ ഒരു പ്രധാന ഇനമായി കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത തൊഴിലുറപ്പ് പദ്ധതിയും മാറി. അതല്ലാതെ ഈ പദ്ധതി ഇടതു പക്ഷത്തെ കക്ഷികള്‍- പ്രത്യേകിച്ച് സിപിഎം രൂപം കൊടുത്തതാണെന്ന അവകാശ വാദത്തിന് ഒരടിസ്ഥാനവുമില്ല. ഈ അവകാശ വാദം എട്ടുകാലി മമ്മൂഞ്ഞ് മോഡല്‍ വെറും ഞെളിയല്‍ മാത്രമാണ്. ഭുമി യുടെ ഭാരം തന്റെ ചന്തിപ്പുറത്താണ് ഇരിക്കുന്നതെന്ന കുണ്ടി കുലുക്കന്‍ പക്ഷിയുടെ അവകാശ വാദം പോലെയാണ് ഇക്കാര്യത്തിലെ ഇടത് സമീപനം. പുരോഗമന പരമായ നിയമനിര്‍മ്മാണങ്ങളുടെ കൂത്തക തങ്ങളുടെ അട്ടിപ്പേറവകാശമാണെന്ന മട്ടിലാണ് സി പി എമ്മിന്റെ പ്രചരണങ്ങളത്രയും.

ദേശീയ തൊഴിലുറപ്പ് പദ്ധതി ഇടത് പക്ഷത്തിന്റെ എന്തോ വലിയ കണ്ടുപിടുത്ത മാണെന്ന മട്ടിലാണ് അവരുടെ പ്രചരണങ്ങള്‍ അരങ്ങേറുന്നത്. 2016 ജനുവരിയില്‍ ദേശാഭിമാനിയില്‍ വന്ന എഡിറ്റോറിയലിലെ ഒരു പ്രധാന വാചക മിങ്ങനെയാണ്.- ‘ഇടതുപക്ഷത്തിന്റെ കടുത്ത സമ്മര്‍ദത്തിന്റെ ഫലമായാണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാന്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ തയ്യാറായതെന്ന വസ്തുത പലര്‍ക്കും അറിയില്ല.. യുപിഎ സര്‍ക്കാര്‍ ഇടതുപക്ഷത്തെ ആശ്രയിച്ച് ഭരണം നടത്തുന്ന കാലത്താണ് പദ്ധതി ആരംഭിച്ചത്. അതും മനസ്സില്ലാമനസ്സോടെയാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. ഒരു വര്‍ഷത്തില്‍ 100 ദിവസം തൊഴില്‍ നല്‍കുമെന്നാണ് തീരുമാനം.’ കോണ്‍ ഗ്രസ് അവരുടെ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത ഒരു പദ്ധതി നടപ്പാക്കാന്‍ ഇടത് പക്ഷത്തിന്റെ എന്ത് സമ്മര്‍ദ്ദമാണെന്ന് മനസിലാവുന്നില്ല. നെഹ്‌റുവും ഇന്ദിരയും നടപ്പാക്കിയ ശാസ്ത്ര നേട്ടങ്ങളുടെ പിതൃത്വ മേറ്റെടുത്ത് മോദി ചില തള്ളലുകള്‍ നടത്തുന്ന പോലെയാണ് ഇടത് പക്ഷം ദേശീയ തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച് അവകാശവാദ മുന്നയിക്കുന്നത്.

എങ്ങനെയാണ് തൊഴിലുറപ്പ് പദ്ധതി രൂപം കൊണ്ടത്?

പ്രധാനമന്ത്രി ഡോ. മന്‍ മോഹന്‍ സിംഗിന്റെ 2004 ലെ ആദ്യ സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ത്തന്നെ ഗ്രാമീണ ജനതയുടെ ഉന്നമനത്തിനായി കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതും യു പി എ യുടെ പൊതു മിനിമം പരിപാടിയിലുള്ളതുമായ ഏഴ് പ്രധാന പോളിസികളെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിരുന്നു. ഗ്രാമീണ ജനതയുടെ വികാസത്തിനും വളര്‍ച്ചയ്ക്കുമായി ഊന്നല്‍ നല്‍കുന്ന പദ്ധതികളുടെ രൂപരേഖ ചെങ്കോട്ടയില്‍ നിന്നദ്ദേഹം വിശദീകരിച്ചിരുന്നു. അതിലേറ്റവും പുരോഗമനപരമായ പ്രഖ്യാപനം ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ക്കുറിച്ചായിരുന്നു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അവരുടെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതും നടപ്പാക്കിയതുമായ ഒരു പദ്ധതി ഇടത് പക്ഷം മുന്നോട്ട് വെച്ച ആശയമാണെന്നൊക്കെ നെഞ്ചുവിരിച്ചു പറയുന്നത് ശുദ്ധ ഭോഷ്‌കാണ്, അതിലുപരി പിതൃശൂന്യമാണ്.

യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലാദ്യമായി 1977 ല്‍ മഹാരാഷ്ടയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന വസന്തദാദ പാട്ടീലാണ് ഗ്രാമീണ തൊഴില്‍ സുരക്ഷാ പദ്ധതിയായ മഹാരാഷ്ട്ര എംപ്ലോയിമെന്റ് ഗ്യാരന്റി സ്‌കീം എന്നൊരു പദ്ധതിക്ക് രൂപം കൊടുത്തത്. എന്നാല്‍ 1979 ല്‍ ശരത് പവാര്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് ഫലവത്തായി ഈ പദ്ധതി നടപ്പിലാക്കിയത്. മഹാരാഷ്ട്രയില്‍ നടപ്പിലാക്കിയ ഈ പദ്ധതിയെ കുറിച്ച് അക്കാലത്ത് പ്ലാനിംഗ് വൈസ് ചെയര്‍മാനായിരുന്ന മന്‍മോഹന്‍ സിംഗ് വിശദമായി പഠിച്ചിരുന്നുവെന്ന് സിംഗിന്റെ പ്രസ് സെക്രട്ടറിയായിരുന്ന സഞ്ജയ് ബാരു തന്റെ ‘ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ പദ്ധതി മനസില്‍ വെച്ചു കൊണ്ടാണ് 2004 ലെ കോണ്‍ ഗ്രസ് മാനിഫെസ്റ്റോ കമ്മറ്റി അംഗങ്ങളായ മന്‍മോഹന്‍ സിംഗും, ജയറാം രമേശും ചേര്‍ന്ന് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തത്. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് ഈ പദ്ധതിയെ ക്കുറിച്ച് വ്യക്ത മായ കാഴ്ച പ്പാടുണ്ടായിരുന്നു. അത് കൊണ്ടാണ് ആ സ്‌കീം ഫലപ്രദമായി നടപ്പാക്കാനായത്.

ചരിത്രവും സത്യവും വസ്തുതയും ഇതായിരിക്കെ ദേശീയ തൊഴിലുറപ്പ് പദ്ധതി ഇടതു പക്ഷത്തിന്റെ കണ്ടുപിടുത്ത മാണെന്ന അവകാശവാദത്തിന് ഒരടിസ്ഥാനവുമില്ല. ദീര്‍ഘകാലം ഇടതു പക്ഷം ഭരിച്ച ബംഗാളിലോ ത്രിപുരയിലോ ശരത് പവാര്‍ നടപ്പാക്കിയ പോലൊരു ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാനോ രൂപം കൊടുക്കാനോ കഴിയാഞ്ഞതിന്റെ ജാള്യത മറയ്ക്കാന്‍ കൂടിയാണ് കോണ്‍ഗ്രസ് രൂപം കൊടുത്ത പദ്ധതിയുടെ പിതൃത്വം കവരാന്‍ ഇടതുപക്ഷം വിശിഷ്യാ സിപിഎം ശ്രമിക്കുന്നത്. തൊഴില്‍ രഹിതരായ ബംഗാളിലെ ഗ്രാമീണ ജനതയുടെ വികാസത്തിനോ പുരോഗതി ക്കോ ഉതകുന്ന ഫലപ്രദമായ യാതൊരു പദ്ധതിയും നടപ്പിലാക്കാന്‍ കഴിയാത്ത ഇടതുപക്ഷമാണ് ദേശീയ തൊഴിലുറപ്പ് പദ്ധതി തങ്ങളുടെ ആശയ മാണെന്ന് ഉളുപ്പില്ലാതെ പറഞ്ഞു നടക്കുന്നത്.


Share now