തുടര്‍ഭരണം കിട്ടില്ലെന്ന് ഉറച്ചതോടെ സി.പി.എം വര്‍ഗീയ കാര്‍ഡിറക്കുന്നു :മുല്ലപ്പള്ളി രാമചന്ദ്രന്‍

Share now

തിരുവനന്തപുരം: രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി താരാതരം വര്‍ഗീയതയെ പുണരുന്ന ചരിത്രമാണ് സി.പി.എമ്മിനുള്ളതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുക ആയിരുന്നു മുല്ലപ്പള്ളി.

വര്‍ഗീയ കാര്‍ഡിറക്കി തിരഞ്ഞെടുപ്പിനെ അനുകൂലമാക്കാനാണ് എക്കാലവും സി.പി.എം ശ്രമിച്ചിട്ടുള്ളത്. അധികാരം നഷ്ടമാകുമെന്ന തിരിച്ചറിവിനെ തുടര്‍ന്ന് സമനില തെറ്റിയത് കൊണ്ടാണ് സി.പി.എമ്മും മുഖ്യമന്ത്രിയും വര്‍ഗീയ കാര്‍ഡ് ഇറക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല പ്രശ്നം ഉയര്‍ത്തി വര്‍ഗീയത ആളിക്കത്തിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചു.

ഹൈന്ദവ വര്‍ഗീയതയും ന്യൂനപക്ഷ തീവ്രവാദവും പലപ്പോഴും തിരഞ്ഞെടുപ്പ് വിജയത്തിനായി അദ്ദേഹം ഉപയോഗിക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്. ശബരിമല വിഷയത്തില്‍ സി.പി.എമ്മിന്റെ കൈ പൊള്ളിയത് മുഖ്യമന്ത്രി മറക്കരുത്. ആ പ്രശ്നം സങ്കീര്‍ണ്ണമാക്കിയത് മുഖ്യമന്ത്രിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഇപ്പോള്‍ മുഖ്യമന്ത്രിയും സി.പി.എമ്മും സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യത്തിന് വേണ്ടി വിശുദ്ധ ഖുറാനെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നു. പാര്‍ട്ടി സെക്രട്ടറിയും നേതാക്കളും ഇതേ ശ്രമം നടത്തുന്നു. ഇത് മതവിശ്വാസികളുടെ മനസ്സില്‍ മുറിവുണ്ടാക്കി എന്നതില്‍ സംശയമില്ല. അത്യന്തം ആപല്‍ക്കരമായ കളിയാണ് മുഖ്യമന്ത്രിയുടേത്. നമ്മുടെ നാടിന്റെ മതേതരചിന്തക്ക് വിരുദ്ധമാണിത്.

രാഷ്ട്രീയ മര്യാദയും മതേതര വിശ്വാസികളോട് എന്തെങ്കിലും പ്രതിബദ്ധതയും സി.പി.എമ്മിന് ഉണ്ടെങ്കില്‍ അന്താരാഷ്ട്ര മാനമുള്ള സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ വിശുദ്ധ ഖുറാനെ വലിച്ചിഴക്കരുത്. വിശുദ്ധ ഖുറാനും ഈന്തപ്പഴവും കൊണ്ടുവരാന്‍ എന്തിനാണ് നയതന്ത്ര ബാഗ് ഉപയോഗപ്പെടുത്തിയത്.

17000 കിലോ ഈന്തപ്പഴം എത്തിയതിലെ ദുരൂഹത എന്തുകൊണ്ട് കംസ്റ്റംസ് നേരത്തെ തിരിച്ചറിഞ്ഞില്ല.ഈ ഇടപാടില്‍ കംസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടോയെന്ന് പരിശോധിക്കണം. അന്താരാഷ്ട്ര മാനമുള്ള കേസായതിനാല്‍ ഇതിന്റെ എല്ലാ വശങ്ങളും പരിശോധിക്കാന്‍ റോ അന്വേഷിക്കുന്നതാണ് ഉചിതമെന്നും മുല്ലപ്പള്ളി പറഞ്ഞു.


Share now