മാണി സി കാപ്പന്‍ എന്‍സിപിയില്‍ നിന്നും പുറത്തേക്ക് ; പാല മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും

Share now

തിരുവനന്തപുരം: പാലാ സീറ്റ് വിവാദത്തില്‍ പിണങ്ങി എന്‍സിപി ഇടതുമുന്നണി വിടില്ല. പാര്‍ട്ടി ഇടതുമുന്നണി വിടുന്നതിനോട് എന്‍സിപി ദേശീയ നേതൃത്വത്തിന് താത്പര്യമില്ലെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ പാലാ എംഎല്‍എ മാണി സി കാപ്പന്‍ മാത്രം മുന്നണി വിടാനാണ് സാധ്യത. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.

പാലാ സീറ്റില്‍ ആരംഭിച്ച തര്‍ക്കം എന്‍സിപി മുന്നണി മാറ്റത്തില്‍ എത്തി നില്‍ക്കവേ ദേശീയ നേതൃത്വം കടുത്ത ആശയക്കുഴപ്പത്തിലാണ്. മുന്നണി മാറ്റത്തിന് സന്നദ്ധമെന്ന് സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്റര്‍ ദേശീയ നേതൃത്വത്തെ അറിയിച്ചെങ്കിലും മന്ത്രി എ കെ ശശീന്ദ്രനെ കൂടി കേട്ട ശേഷമേ തീരുമാനമുണ്ടാകൂ എന്ന നിലപാടാണ് ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ സ്വീകരിച്ചത്.

പാലാ സീറ്റില്‍ മാത്രമേ തര്‍ക്കമുള്ളൂ എന്നും ഒരു സീറ്റിന്റെ പേരില്‍ മുന്നണി വിടേണ്ട സാഹചര്യമില്ലെന്നുമുള്ള നിലപാടാണ് ഇടത്തോട്ട് ചേര്‍ന്നു നില്‍ക്കുന്ന ശശീന്ദ്രന്‍ മുന്നോട്ട് വെച്ചിട്ടുള്ളത്. കേരളത്തിലെ പാര്‍ട്ടിയിലെ വലിയൊരു വിഭാഗം മുന്നണി വിടേണ്ടെന്ന നിലപാടിലാണെന്നും തുടര്‍ ഭരണ സാധ്യതയടക്കം ഇത്തവണ നിലനില്‍ക്കുന്നുണ്ടെന്നുമാണ് ശശീന്ദ്രന്‍ വാദിക്കുന്നത്.

ആ സാഹചര്യത്തില്‍ ഒരു സീറ്റിന്റെ പേരില്‍ പതിറ്റാണ്ടുകള്‍ നീണ്ട ബന്ധം അവസാനിപ്പിക്കുന്നത് ബുദ്ധിയല്ലെന്നും ശശീന്ദ്രന്‍ പറഞ്ഞുവെക്കുന്നു. മുന്നണി മാറ്റത്തില്‍ ഇന്ന് തീരുമാനം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെ, ശശീന്ദ്രന്റെ വാക്കുകള്‍ കൂടി മുഖവിലയ്‌ക്കെടുത്താകാം ദേശീയ നേതൃത്വം പിന്നോട്ട് പോയതെന്നത് ശ്രദ്ധേയമാണ്.


Share now