മാണി അഴിമതിക്കാനാണെന്ന് പറഞ്ഞാലും മിണ്ടാതിരിക്കാൻ ജോസ് കെ മാണി; സ്റ്റാന്റിങ് കമ്മിറ്റിയോഗത്തില്‍ ചർച്ചയായത് രാജ്യസഭാ സീറ്റ്; നാക്കുപിഴയെന്ന സിപിഎം ക്യാപ്സൂള്‍ കൊണ്ട് വേദനമറയ്ക്കാൻ മാണിയുടെ അനുയായികള്‍

Share now

കോട്ടയം∙ മുൻ ധനമന്ത്രിയും കേരള കോൺഗ്രസ് നേതാവുമായിരുന്ന കെ.എം.മാണി അഴിമതിക്കാരനായിരുന്നുവെന്ന സര്‍ക്കാര്‍ അഭിഭാഷകന്‍റെ പരാമര്‍ശത്തില്‍ പ്രതികരിക്കാതെ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി. ഇതേക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് പാർട്ടിയുടെ നിലപാട് അറിയിച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ചെയര്‍മാന്‍ പറ‍ഞ്ഞതില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നും കെ.എം.മാണി മരിച്ചപ്പോഴാണ് ഏറ്റവും അധികം വിഷമിച്ചതെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കെ.എം. മാണിയെക്കുറിച്ച് പൊതുസമൂഹത്തിന് ബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മാണിയെക്കുറിച്ചുള്ള സർക്കാർ അഭിഭാഷകന്റെ നിലപാടില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നാണ് ജോസ് കെ മാണിയുടെ നിലപാട്. പാർട്ടി അണികളില്‍ നിന്ന് ചോദ്യം ഉയരുന്നുണ്ടെങ്കിലും സിപിഎം സെക്രട്ടറി വിജയരാഘവന്റെ വിശദീകരണത്തില്‍ തൃപ്തനാകാനാണ് ജോസിന്റെ തീരുമാനം. കെ.എം മാണി അഴിമതിക്കാരനെന്നത് നാക്കുപിഴ മാത്രമാണെന്നാണ് വിജയരാഘവൻ ഇതിനെക്കുറിച്ച് പ്രതികരിച്ചത്.

സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങള്‍ ഇക്കാര്യം സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചതായാണ് വിവരം. അഭിഭാഷകന്റെ നാക്കു പിഴയായി ഇതിനെ നിസാരവല്‍ക്കരിച്ചു കാണാനാകുമോ എന്ന് അംഗങ്ങള്‍ യോഗത്തില്‍ ചോദിച്ചു. എന്നാല്‍ സിപിഎമ്മിന്റെ വിശദീകരണം തൃപ്തികരമാണെന്നും കോണ്‍ഗ്രസും യുഡിഎഫും മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും അത് തിരിച്ചറിയണമെന്നും ജോസ് കെ മാണി വ്യക്തമാക്കുകയായിരുന്നു. രാജ്യസഭ എംപി ഉള്‍പ്പടെയുളള കാര്യങ്ങളില്‍ സ്റ്റിയറിങ് കമ്മിറ്റിയില്‍ ചര്‍ച്ച നടന്നതായാണ് വിവരം. ഉച്ചയ്ക്ക് ശേഷം ഈ വിഷയത്തില്‍ വിശദമായ ചര്‍ച്ച നടന്നേക്കും.

വിഷയം പാർട്ടി ചർച്ച ചെയ്ത ശേഷം പിന്നീട് പ്രതികരിക്കാം എന്നായിരുന്നു രാവിലെ മാധ്യമങ്ങളെ കണ്ടപ്പോൾ സിപിഎം ആക്ടിംഗ് സെക്രട്ടറി വിജയരാഘവൻ പറഞ്ഞത്. എന്നാൽ തൊട്ടുപിന്നാലെ കെ.എം. മാണിയെ അപമാനിച്ചതിലെ വേദന വ്യക്തമാക്കി കേരളാ കോൺഗ്രസ് നേതാക്കളുടെ വൈകാരിക പ്രതികരണം വന്നു. ഇതിനിടയിൽ ജോസ് കെ മാണി സി പി എം നേതൃത്വവുമായി ബന്ധപ്പെട്ട് പ്രതിഷേധവും വിഷമവും അറിയിച്ചു. പിന്നെ നടന്നത് സി പി എമ്മിന്റെ അസാധാരണ നീക്കങ്ങളായിരുന്നു.

അജൻഡയിൽ ഇല്ലാത്ത വിഷയം സംസ്ഥാന സെക്രട്ടേറിയറ്റ് ആദ്യം ചർച്ചയ്ക്കെടുത്തു. നിലപാട് പറയാൻ എ.വിജയരാഘവനെ ചുമതലപ്പെടുത്തി. സെക്രട്ടേറിയറ്റ് യോഗത്തിനിടെ പുറത്തു വന്ന് വിജയരാഘവൻ കെ എം മാണിയെ വാഴ്ത്തിയും മാധ്യമങ്ങളെ പഴിച്ചുമാണ് വിജയരാഘവൻ നിലപാടറിയിച്ചത്.

സുപ്രീംകോടതിയിൽ എവിടെയും കെ.എം. മാണി എന്ന പേര് പരാമർശിച്ചിട്ടില്ല. കോടതിയിൽ വന്ന കാര്യങ്ങൾ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ച് വാർത്ത നൽകുകയായിരുന്നു. അതിൽ ദുരുദ്ദേശ്യം ഉണ്ടെന്ന് എ.വിജയരാഘവൻ ആരോപിച്ചു. എൽ ഡിഎഫിലെ പ്രധാന ഘടക കക്ഷിയാണ് കേരള കോൺഗ്രസ് എം. മുന്നണിയിൽ നല്ല നിലയിൽ കാര്യങ്ങൾ നീങ്ങുന്നുമുണ്ട്. പരസ്പര ബഹുമാനത്തോടെയാണ് ഇടതുമുന്നണിയിലെ ഘടക കക്ഷികൾ പ്രവർത്തിക്കുന്നത്. സ്വാഭാവികമായി ആശയക്കുഴപ്പമുണ്ടാക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നെന്നും അവർ വാർത്ത സൃഷ്ടിച്ച് തെറ്റായി വ്യാഖ്യാനിച്ചതാണെന്നും സിപിഎം ആക്ടിംഗ് സെക്രട്ടറി ആരോപിച്ചു.


Share now