മെയ് രണ്ടിന് ലോക്ഡൗണില്ല; തെരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാരും സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ തൃപ്തികരമെന്ന് ഹൈക്കോടതി

Share now

കൊച്ചി: വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് ലോക് ഡൗണ്‍ വേണ്ടെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാരും സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ തൃപ്തികരമാണെന്ന് വ്യക്തമാക്കി കൊണ്ടാണ് കോടതി നിര്‍ദ്ദേശം. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികളും കോടതി തീര്‍പ്പാക്കി.

വോട്ടെണ്ണല്‍ ദിനത്തിലെ ആഹ്ലാദപ്രകടനങ്ങള്‍ കന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും വിലക്കിയിരുന്നു. ആഹ്ലാദ പ്രകടനങ്ങള്‍ ഒഴിവാക്കണമെന്ന് ഇന്നലെ നടന്ന സര്‍വകക്ഷി യോഗത്തിലും തീരുമാനമെടുത്തിരുന്നു. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ പോകേണ്ടതില്ലെന്നും യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മെയ് ഒന്നാം തീയതി അര്‍ധരാത്രി മുതല്‍ രണ്ടാം തീയതി അര്‍ധരാത്രി വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജികളിലെ ആവശ്യം. കൊല്ലം ആസ്ഥാനമായ അഡ്വ വിനോദ് മാത്യു വില്‍സന്റെ ലോ എയിഡ് എന്ന സംഘടനയടക്കമുള്ളവരായിരുന്നു ഹര്‍ജിക്കാര്‍.

വോട്ടെണ്ണലിനോടനുബന്ധിച്ച് 48 മണിക്കൂര്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തണമെന്നും വിജയാഹ്ലാദ പ്രകടനങ്ങളും റാലികളും തടയണമെന്നും ആവശ്യപ്പെട്ട് കൊല്ലം സ്വദേശി ഡോ എസ് ഗണപതിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. വോട്ടെണ്ണല്‍ ദിനം വിവിധ പാര്‍ട്ടികളുടെ അണികള്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും തെരുവുകളിലും കൂട്ടംകൂടുമെന്നും ഇത് രോഗവ്യാപനം രുക്ഷമാക്കുമെന്നും പൊലീസിന് നടപടിയെടുക്കാനാവാത്ത സാഹചര്യമുണ്ടാകുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

കോവിഡ് വ്യാപനം തടയുന്നതിന് വോട്ടെണ്ണല്‍ ദിനത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് തെരഞ്ഞടുപ്പു കമ്മിഷന്‍ കോടതിയെ അറിയിച്ചു. ആഹ്ലാദ പ്രകടനം വിലക്കിയിട്ടുണ്ടെന്നും കമ്മിഷന്റെ അഭിഭാഷകന്‍ ദീപു ലാല്‍ മോഹന്‍ പറഞ്ഞു. വിജയിച്ച സ്ഥാനാര്‍ത്ഥിക്കു വരണാധികാരിയില്‍നിന്നു സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തുമ്പോള്‍ രണ്ടു പേരെ മാത്രമാണ് ഒപ്പം കൂട്ടാവുന്നതെന്നും കമ്മിഷന്‍ അറിയിച്ചു.


Share now