മന്ത്രി ജലീലിനെതിരെ തെളിവില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ക്ലീന്‍ചിറ്റ് നല്‍കിയത് കൊണ്ട് കാര്യമില്ല; പ്രധാന തെളിവുകള്‍ എന്‍.ഐ.എ കുറ്റപത്രത്തില്‍ മാത്രമേ കാണൂ

Share now

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരെ തെളിവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം നേതാക്കളും ആവർത്തിക്കുന്നതിനിടെ, അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കുന്നത് വെറും ന്യായീകരണം മാത്രമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. എന്‍.ഐ.എ ആദ്യമായാണ് ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത്. അത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലോ അല്ലെങ്കില്‍ ലഭ്യമായ വിവരങ്ങള്‍ ക്രോസ് ചെക്ക് ചെയ്യുന്നതിനോ ആയിരിക്കുമെന്ന് മുന്‍ എന്‍.ഐ.എ എസ്.പി രാജ്‌മോഹന്‍ ചൂണ്ടിക്കാണിക്കുന്നു. മന്ത്രിയെ രഹസ്യമായി ചോദ്യം ചെയ്യാനായിരുന്നെങ്കില്‍ എന്‍.ഐ.എ ഓഫീസിലേക്ക് വിളിച്ചുവരുത്തുമായിരുന്നില്ല. ഏതെങ്കിലും രഹസ്യകേന്ദ്രത്തിലേക്ക് വരാന്‍ നിര്‍ദ്ദേശിക്കുമായിരുന്നെന്നും രാജ്‌മോഹന്‍ പറയുന്നു. അതിനര്‍ത്ഥം മാധ്യമങ്ങളെ ഭയന്നാണ് കെ.ടി ജലീല്‍ അതിരാവിലെ ഔദ്യോഗിക വാഹനം ഉപേക്ഷിച്ച്, സ്വകാര്യ കാറില്‍ എന്‍.ഐ.എ ഓഫീസിലെത്തിയത്.

എന്‍.ഐ.എ ആക്ടിലെ ഷെഡ്യൂള്‍ഡ് ഒഫന്‍സ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട യു.എ.പി.എ അതിനാണ് ചുമത്തിയത്. അന്താരാഷ്ട്ര തലത്തിലുള്ള തീവ്രവാദ ബന്ധം, രാജ്യത്തെ സാമ്പത്തിക സ്ഥിതി അസ്ഥിരപ്പെടുത്താന്‍ സ്വര്‍ണക്കടത്ത്, സ്വര്‍ണക്കടത്ത് നടത്തി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിക്കല്‍ തുടങ്ങിയ അതീവഗൗരവതരമായ കാര്യങ്ങളാണ് അന്വേഷിക്കുന്നത്. അത്തരമൊരു കേസിലാണ് സംസ്ഥാനത്തെ ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത്. എന്നതാണ് ഈ കേസിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

മന്ത്രി അടക്കമുള്ള പ്രതികള്‍ക്കെതിരെ സുപ്രധാന തെളിവുകള്‍ ഉണ്ടെങ്കില്‍ കോടതി അടക്കമുള്ള പൊതു ഇടങ്ങളില്‍ എന്‍.ഐ.എ ഇപ്പോള്‍ ഹാജരാക്കില്ല. എന്‍.ഐ.എയുടെ അന്വേഷണ രീതി അങ്ങനെയാണ്. തെളിവുകള്‍ ശേഖരിച്ച ശേഷമാണ് അവര്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. മൊഴിയെടുത്ത ശേഷം തെളിവുകളുമായി ഒത്തുനോക്കും. പൊരുത്തക്കേടുകള്‍ ഉണ്ടെങ്കില്‍ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. അതാണ് ശൈലി. അതുകൊണ്ട് മന്ത്രിക്കെതിരെ തെളിവില്ലെന്നും അന്വേഷണം ആരംഭിച്ചിട്ട് ഇത്രയും ദിവസമായിട്ടും യാതൊരു തെളിവും തങ്ങള്‍ക്കെതിരെ ഇല്ലെന്ന് സ്വപ്‌ന സുരേഷ് അടക്കം വാദിക്കുന്നതില്‍ കഴമ്പില്ലെന്നും രാജ്‌മോഹന്‍ ചൂണ്ടിക്കാട്ടുന്നു. ജാമ്യത്തിനായി സ്വപ്‌ന അടക്കമുള്ള പ്രതികള്‍ പലതവണ ജാമ്യാപേക്ഷ നല്‍കിയിട്ടും കോടതി അനുവദിക്കാത്തത് അതുകൊണ്ടാണെന്ന് നിയമവിദഗ്ധര്‍ പറയുന്നു.

പതിനാറോളം പ്രതികളെയാണ് സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍.ഐ.എ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ കഴിയുന്നത്. കുറ്റപത്രം സമര്‍പ്പിക്കാന്‍ 180 ദിവസത്തെ സമയമാണ് ഏജന്‍സിക്കുള്ളത്. അതുവരെ അവര്‍ക്ക് പ്രതികളെ തടങ്കലില്‍ വയ്ക്കാം. ദേശസുരക്ഷയുമായി ബന്ധപ്പെട്ട കേസായതിനാല്‍ ഒരു വ്യക്തിയേയും അന്യായമായി തടങ്കലില്‍ വയ്ക്കില്ല. കാരണം ഓരോ പൗരന്റെയും വ്യക്തിത്വത്തെ ബാധിക്കുന്ന പ്രശ്‌നമാണ്. പ്രത്യേകിച്ച് യു.എ.പി.എ ചുമത്തിയ കേസായതിനാല്‍. വ്യക്തമായ തെളിവുകള്‍ എന്‍.ഐ.എ ശേഖരിക്കുമെന്നും രാജ്‌മോഹന്‍ പറഞ്ഞു. കേസിന്റെ തുടക്കം മുതല്‍ അന്വേഷണത്തെ മുഖ്യമന്ത്രിയും പാര്‍ട്ടിയും സ്വാഗതം ചെയ്‌തെങ്കിലും ജലീലിനെതിരെ കൂടുതല്‍ കുരുക്ക് മുറുകുമ്പോള്‍ മലക്കംമറിയുകയും ചെയ്തു.

മുസ്‌ലിംലീഗില്‍ നിന്ന് ഇടത് പക്ഷത്തേക്ക് വന്നത് കൊണ്ട് യു.ഡി.എഫും വഖഫ്‌ബോര്‍ഡിന്റെ ചുമതലയുള്ള മന്ത്രിയായത് കൊണ്ട് ബി.ജെ.പി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരും ജലീലിനെ വേട്ടയാടുകയാണെന്ന മൊടന്തന്‍ന്യായവും സി.പി.എം പറയുന്നു. ഖുര്‍ആന്‍ കൊണ്ടുവന്നതില്‍ എന്താണ് തെറ്റെന്നാണ് മുഖ്യമന്ത്രി പത്രസമ്മേളനങ്ങളില്‍ ആവര്‍ത്തിച്ച് ചോദിക്കുന്നത്. കേസ് വിവാദമായതിന് പിന്നാലെ മന്ത്രി ജലീല്‍ പല മുസ്‌ലിംമത നേതാക്കളെയും കണ്ട് സഹായം തേടിയതായി യു.ഡി.എഫ് ആരോപിക്കുന്നു. തങ്ങള്‍ ആവശ്യപ്പെടാതെയാണ് മന്ത്രി ഖുര്‍ആന്‍ എത്തിച്ചതെന്ന് ഇടപ്പാളിലെ മതസ്ഥാപനത്തിന്റെ മേധാവികളും പറഞ്ഞിട്ടുണ്ട്. അതിനാല്‍ അഴിക്കാന്‍ കഴിയാത്തവിധം കുരുക്കിലേക്ക് വീഴുകയാണ് മന്ത്രി കെ.ടി ജലീലും പിണറായി സര്‍ക്കാരും.


Share now