‘ജീവിതം അവസാനിപ്പിക്കാന്‍ കിണറിന്റെ പടിവരെ എത്തി തിരിച്ച് നടന്നതാണ് ഞാന്‍’; ദുരിതക്കടല്‍ താണ്ടി പോലീസ് യൂണിഫോം ഇടാനൊരുങ്ങുന്ന നൗഷിദയുടെ വിപ്ലവം

Share now

പേരാമ്പ്രക്കാരി നൗജിഷ ഇനിമുതല്‍ കാക്കിയണിയുമ്പോള്‍ പ്രതിഫലിക്കുന്നത് നിയമപാലകയുടെ യൂണിഫോമെന്ന നിലയില്‍ മാത്രമല്ല, പോരാടി വിജയിച്ച ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ച കൂടിയായിരിക്കും. കഠിനമായി പരിശ്രമിച്ച് പി.എസ്.സി പരീക്ഷയില്‍ ആഗ്രഹിച്ച റാങ്ക് നേടിയപ്പോഴും അക്കാര്യം ഒളിച്ചുവെക്കേണ്ടി വന്നിട്ടുണ്ട് നൗജിഷയ്ക്ക്. അക്കാരണം ഒന്നുകൊണ്ടുമാത്രം ജീവിതം കൈവിട്ടുപോകുമോ എന്ന ഭയത്തില്‍. ജീവിതത്തിലുടൂനീളം സങ്കടക്കടലില്‍ നീന്തുകയായിരുന്ന ഈ വനിത ഇന്നൊരു പോലീസ് ഉദ്യോഗസ്ഥയാകാന്‍ തയ്യാറെടുക്കുകയാണ്.

കൂലിപ്പണിക്കാരനായ പിതാവ് കഷ്ടപ്പെട്ട് പഠിപ്പിച്ചതാണ് നൗജിഷയെ. ആ പ്രയാസങ്ങള്‍ മനസ്സിലാക്കി തന്നെ അവള്‍ നന്നായി പഠിച്ചു. 2013ലായിരുന്നു എംസിഎ ബിരുദധാരിയായ നൗജിഷയുടെ വിവാഹം. ഇതോടെ ജിവിതം കീഴ്‌മേല്‍ മറിഞ്ഞു. ജോലിയ്ക്ക് പോകണമെന്ന് വിവാഹത്തിന് മുന്‍പ് തന്നെ പറഞ്ഞിരുന്നെങ്കിലും ഒന്നും പാലിക്കപ്പെട്ടില്ല. അടുക്കളയില്‍ കഴിയാനുള്ള ആണ്‍തീട്ടുരങ്ങള്‍ക്ക് പുന്നില്‍ ആദ്യമേ പകച്ചുപോകേണ്ടി വന്നു. ഭര്‍ത്താവിനോടും വീട്ടുകാരോടുമുള്ള ശാരീരികമായും മാനസികമായും നിരന്തരം പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നതിലേക്ക് വഴിവച്ചു. മൂന്ന് വര്‍ഷത്തെ യാതനകള്‍ക്കൊടുവില്‍ സഹനത്തിന്റെ പാതവെടിഞ്ഞ് അവള്‍ പ്രതികരിച്ചു. ഒടുവില്‍ ഭര്‍ത്താവിന്റെ വീട് ഉപേക്ഷിച്ച് ഒന്നര വയസ്സുകാരനായ മകനുമായി മടങ്ങി.

2016 മുതലാണ് നൗജിഷ പഠനത്തിനും പുതിയ ജീവിതത്തിനുമുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുന്നത്. വീടിനടുത്തുള്ള ടോപ്പേഴ്‌സ് എന്ന സ്ഥാപനത്തില്‍ പഠനത്തിനെത്തി. പക്ഷേ കേസും കോടതിയും പലപ്പോഴും ക്‌ളാസുകള്‍ മുടക്കി. അപ്പോഴും ആരോടും ഒന്നും പറയാതെ ശകാരങ്ങള്‍ കേട്ടു. പക്ഷേ പഠനത്തില്‍ മിടുക്കിയായ നൗജിഷയുടെ അവസ്ഥ മനസ്സിലാക്കിയ അധ്യാപകര്‍ ഫീസ് പോലും വാങ്ങാതെയാണ് പിന്നിട് പഠനത്തിനുള്ള സൗകര്യം ഒരുക്കിയത്. ഒന്നര വര്‍ഷത്തെ പ്രയത്‌നത്തിന് ഒടുവില്‍ കഴിഞ്ഞ ഡിസംബറോടെ 141ആം റാങ്കുമായി നൗജിഷ പി.എസ്.സി റാങ്ക് പട്ടികയില്‍ ഇടം പടിച്ചു. ഒരുമാസമായി വനിതാ പൊലീസ് ട്രയിനിങ്ങിലാണ് ഈ മിടുക്കി. ആ മടക്കം ജീവിതത്തില്‍ ഒന്നിനും അവസാനമല്ലെന്നും തന്റെ വഴി ശരിയായിരുന്നുവെന്നും അവള്‍ തെളിയിച്ചു.

താന്‍ അനുഭവിച്ച കഷ്ടപ്പാടും ബുദ്ധിമുട്ടും ഒരു ഘട്ടത്തില്‍ വാശിയായി മാറിയപ്പോള്‍ നേട്ടങ്ങളുടെ തിരമാലയായി നൗജിഷയുടെ ജീവിതം. നിരന്തര പരിശ്രമത്തില്‍ പല ലിസ്റ്റുകളിലും ഇടം നേടി. പക്ഷേ എട്ടാം റാങ്ക് ലഭിച്ച ലിസ്റ്റ് പോലും അവള്‍ക്ക് മറച്ചുവയ്‌ക്കേണ്ടി വന്നു. വിവാഹ മോചനവുമായി ബന്ധപ്പെട്ട് കേസ് നടക്കുമ്പോള്‍ തന്റെ പേര് ലിസ്റ്റിലുണ്ടെന്നറിഞ്ഞാല്‍ ബന്ധം പിരിയുന്നതില്‍ നിന്ന് ഭര്‍തൃകുടുംബം പിന്മാറുമോ എന്ന് ഭയന്നായിരുന്നു അത്.

‘ജീവിതം അവസാനിപ്പിക്കാന്‍ കിണറിന്റെ പടിവരെ എത്തി തിരിച്ച് നടന്നതാണ് ഞാന്‍. നമ്മുടെ ജീവിതം നമ്മള്‍ തിരഞ്ഞെടുക്കണം. ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് ജീവിച്ച് തീര്‍ക്കണം. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. സമൂഹത്തില്‍ ഇന്നും ഗാര്‍ഹിക പീഡനം സഹിക്കുന്ന നിരവധി പെണ്‍കുട്ടികളുണ്ട്. വിദ്യാഭ്യാസവും ജോലിയും ഉള്ളവര്‍പോലും അതില്‍ ഉള്‍പ്പെടും. വെമ്പായത്ത് കഴിഞ്ഞ ദിവസം മരിച്ച പെണ്‍കുട്ടി അത്തരത്തിലൊരു ഇരയാണ്. ഇനി ഒരിക്കലും അത്തരം ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാനാണ് എന്റെ അനുഭവങ്ങള്‍ ഞാന്‍ തുറന്ന് പറയുന്നത്’.. ഉറച്ച സ്വരത്തില്‍ നൗജിഷ പറയുന്നു.

പക്ഷേ എനിക്ക് വീട്ടില്‍ നിന്ന് ലഭിച്ച പിന്തുണ വളരെ വലുതായിരുന്നു. എല്ലാ പെണ്‍കുട്ടികള്‍ക്കും അത് ലഭിച്ചിരുന്നെങ്കില്‍ ഒരു പരിധിവരെ ഈ പ്രശ്‌നങ്ങളെ അവര്‍ക്ക് അതിജീവിക്കാന്‍ കഴിയുമായിരുന്നു. വിവാഹ മോചനം ആരുടെയെങ്കിലും ജീവിതത്തെ നേട്ടത്തില്‍ എത്തിച്ചിട്ടുണ്ടോ എന്ന് പലരും ചോദിച്ചേക്കാം. പക്ഷേ യോജിക്കാത്ത വിവാഹ ജീവിതം ഉണ്ടാക്കുന്ന ദുരന്തങ്ങള്‍ കാണാത്തവരാണ് ഇവരെന്ന് മറക്കരുത്. പൊലീസ് സ്റ്റേഷനെ ഭയപ്പാടോടെ കണ്ടിരുന്ന സാധാരണ സ്ത്രീയായിരുന്നു ഞാന്‍. പക്ഷേ ഇന്നെനിക്കറിയാം നമ്മുടെ നിയമങ്ങള്‍ നല്‍കുന്ന സുരക്ഷിതത്വം. അത് സാധാരണക്കാരിലേക്ക് എത്തിക്കാനാവും ഒരു പൊലീസുകാരി എന്ന നിലയില്‍ ഇനി ഞാന്‍ പ്രവര്‍ത്തിക്കുക. അതിജീവിക്കാന്‍ നമുക്കൊരു മനസ്സ് മതി. എന്റെ ജീവിതം തന്നെയാണ് അതിനുള്ള ഉറപ്പും വിജയച്ചിരിയില്‍ നൗജിഷ പറയുന്നു.


Share now