യൂദാസിന്റെ 30 വെള്ളിക്കാശ് നടി ഭാമയുടെ കയ്യിലും; യൂദാസിന്റെ ചിത്രത്തിന് ഭാമയുമായുള്ള സാദൃശ്യം യാദൃശ്ചികമെന്ന് എന്‍.എസ് മാധവന്‍

Share now

തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്കിടെ കൂറുമാറിയ നടി ഭാമയ്‌ക്കെതിരെ സിനിമാ പ്രവര്‍ത്തകര്‍ക്ക് പിന്നാലെ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. 30 വെള്ളിക്കാശിന് യേശുവിനെ ഒറ്റുകൊടുത്ത യൂദാസിന്റെ ചിത്രം പങ്കുവെച്ചിട്ട് ഈ പടത്തിന് ഭാമയുമായുള്ള സാദൃശ്യം യാദൃശ്ചികമെന്ന് അദ്ദേഹം അടിക്കുറുപ്പും എഴുതി. കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികളായ ഭാമയും സിദ്ധിഖും കഴിഞ്ഞ ദിവസമാണ് കൂറുമാറിയത്. താരസംഘടനയായ അമ്മയുടെ താരനിശയുടെ റിഹേഴ്‌സല്‍ നടന്ന സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് ഭാമയും സിദ്ധിഖും ആദ്യം മൊഴി നല്‍കിയിരുന്നു. എന്നാല്‍ കോടതിയില്‍ ഇത് ആവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് രണ്ട് പേരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു.

ഭാമയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു നീക്കം പ്രതീക്ഷിച്ചില്ലെന്നും സിദ്ദിഖ് മൊഴി മാറ്റിയത് മനസ്സിലാക്കാമെന്നും നടി രേവതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നമുക്കൊപ്പം പോരാട്ടത്തിലുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളുടെ നിറം മാറുമ്പോള്‍ അതിയായ വേദന തോന്നുന്നുവെന്ന് രമ്യ നമ്പീശന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു മൊഴിമാറ്റിയ സ്ത്രീ ഒരു തരത്തില്‍ ഇരയാണെന്ന് റിമ കല്ലിങ്കല്‍ ആക്ഷേപിച്ചു. കേസിന്റെ തുടക്കം മുതല്‍ ദിലീപിനെതിരെ ഭാമ നിലപാട് എടുത്തിരുന്നു, അത് പരസ്യമാക്കിയിരുന്നില്ലെന്ന് മാത്രം. ദിലീപ് ചിത്രങ്ങളില്‍ നിന്ന് ഭാമയെ ഒഴിവാക്കിയിരുന്നെന്നും മറ്റ് പലരുടെയും സിനിമകളില്‍ നിന്ന് മാറ്റാന്‍ ദിലീപ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. അന്നൊക്കെ ഭാമ പരസ്യപ്രതികരണത്തിന് തയ്യാറായിരുന്നില്ല. എന്നാല്‍ കൂറുമാറിയ ശേഷം ഭാമയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ വിമര്‍ശനവും സൈബര്‍ ആക്രമണവും ശക്തമാണ്.

2017ല്‍ ദിലീപ് ഭാമയെ സിനിമയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചെന്ന വാര്‍ത്ത വിവാദമയിരുന്നു. തുടര്‍ന്ന് ഒതുക്കാന്‍ ശ്രമിച്ചത് ദിലീപ് അല്ലെന്ന് നടി ഭാമ വ്യക്തമാക്കിയിരുന്നു. തന്റെ അഭിമുഖത്തിലെ ചില വെളിപ്പെടുത്തലുകള്‍ വളച്ചൊടിച്ചതാണെന്നും ഭാമ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. സിനിമാമേഖലയില്‍ നിന്നുള്ള ഒരാള്‍ തന്നെ ഒതുക്കാന്‍ ശ്രമിച്ചതായി ഭാമ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കോട്ടയംകാരിയായ നടിയെ ഒതുക്കാന്‍ ദിലീപ് ശ്രമിക്കുന്നതായി ഒരു സിനിമാ വാരികയില്‍ വരുകയും ചെയ്തു. ഇതോടെയാണ് ഭാമയെ ഒതുക്കാന്‍ ശ്രമിച്ചത് ദിലീപാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നത്.

എല്ലാവര്‍ക്കും നമസ്‌കാരം, ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വാര്‍ത്തയുടെ സത്യാവസ്ഥ നിങ്ങളെ ബോധ്യപ്പെടുത്തുവാന്‍ വേണ്ടി മാത്രമാണ് ഇപ്പോള്‍ ഇങ്ങനെയൊരു പോസ്റ്റ് ഇടുന്നത്. പ്രമുഖ വാരികയായ ‘വനിതക്ക് ‘ഞാന്‍ നല്‍കിയ ഇന്റര്‍വ്യൂ വിലെ ചില പ്രസക്തഭാഗങ്ങള്‍ ആണ് എല്ലാവര്‍ക്കും തെറ്റിധാരണ നല്‍കാന്‍ കാരണമായതെന്ന് ഞാന്‍ കരുതുന്നു. ‘പ്രസ്തുത വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വ്യക്തി നടന്‍ ദിലീപ് അല്ല എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ’.ഒരാഴ്ച മുന്‍പ് മറ്റൊരു മാധ്യമത്തില്‍ മുതിര്‍ന്ന പത്രലേഖകന്‍ എഴുതിയ റിപ്പോര്‍ട്ടുമായി എനിക്ക് യാതൊരുവിധ ബന്ധവുമില്ലായെന്നും ഇപ്പോള്‍ നല്‍കിയ അഭിമുഖത്തിലെ വാക്കുകള്‍ ബന്ധിപ്പിച്ചു വാര്‍ത്തകള്‍ വളച്ചൊടിക്കരുതെന്നും അഭ്യര്‍ത്ഥിക്കുന്നു. സ്‌നേഹത്തോടെ, ഭാമ – എന്നായിരുന്നു വിശദീകരണം.


Share now