ആര്‍ട്‌സ് കൊമേഴ്‌സ് വിഷയങ്ങള്‍ പഠിച്ചവര്‍ക്കും ഇനി നഴ്‌സാകാം; സങ്കര കോഴ്‌സിനെതിരെ നഴ്‌സിംഗ് സംഘടനകള്‍

Share now

പ്ലസ്ടുവിന് ആര്‍ട്‌സ് കൊമേഴ്‌സ് വിഷയങ്ങള്‍ പഠിച്ചവര്‍ക്കും ഇനി നേഴ്‌സിങ്ങിന് ചേരാം. ബിഎസ്‌സി നഴ്‌സിങ്ങ് കോഴ്‌സില്‍ അടുത്ത വര്‍ഷം മുതലായിരിക്കും പ്രവേശനം അനുവദിക്കുക. രാജ്യത്ത് ജനറല്‍ നഴ്‌സിങ്ങ് ആന്‍ഡ് മിഡ് വൈഫറി(ജിഎന്‍എം) കോഴ്‌സ് നിര്‍ത്തലാക്കി നാലുവര്‍ഷ ബിഎസ്‌സി നഴ്‌സിങ്ങ് മാത്രമാക്കുന്ന നിയമത്തിന്റെ കരട് ഇന്ത്യന്‍ നഴ്‌സിങ്ങ് കൗണ്‍സില്‍ പ്രസിദ്ധീകരിച്ചു. ആരോഗ്യ രംഗത്തുള്ളവര്‍ ഈ മാറ്റത്തോട് അനുകൂലമായല്ല പ്രതികരിച്ചിരിക്കുന്നത്.

‘നഴ്‌സിങ്ങ് പഠിക്കാന്‍ വരുന്ന കുട്ടികള്‍ക്ക് ജീവശാസ്ത്രത്തെക്കുറിച്ചും പ്രത്യേകിച്ച് ബയോളജിയില്‍ സാമാന്യമായ അറിവ് ഉണ്ടാവണം. അതിലുപരി സയന്‍സ് പഠിക്കാനുള്ള വാസനയുണ്ടാവണം. ഈ രണ്ട് കഴിവ് ഉള്ളവര്‍ നഴ്‌സിങ്ങ് രംഗത്ത് വന്നിട്ട് കാര്യമുള്ളുവെന്ന് പ്രമുഖ നഴ്‌സിങ്ങ് സംഘടനയായ ട്രെയിന്‍ഡ് നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ട്രഷറര്‍ രേണു സൂസന്‍ തോമസ് പറഞ്ഞു. നഴ്‌സിങ്ങ് കോഴ്‌സിന് ചേരുന്നവര്‍ക്ക് അനാട്ടമി, ഫിസിയോളജി, ഫാര്‍മക്കോളജി, ബയോകെമിസ്ട്രി, മൈക്രോബയോളജി തുടങ്ങിയ വിഷയങ്ങള്‍ പഠിക്കേണ്ടി വരും. ആര്‍ട്‌സ് വിഷയങ്ങള്‍ പഠിച്ചിട്ട് വരുന്നവര്‍ക്ക് പ്രാഥമികമായ തോതില്‍പോലും സയന്‍സ് പഠിക്കാത്തതുകൊണ്ട് നഴ്‌സിങ്ങ് വിഷയങ്ങള്‍ മനസ്സിലാക്കാന്‍ ഏറെ പാടുപെടേണ്ടി വരും. സയന്‍സ് വിഷയങ്ങള്‍ പഠിച്ചിട്ട് വരുന്നവര്‍ പോലും സങ്കീര്‍ണമായ വിഷയങ്ങളില്‍ തുടക്കവര്‍ഷങ്ങളില്‍ പരാജയപ്പെടുകയാണ് പതിവ്. അപ്പോള്‍ ശാസ്ത്ര വിഷയങ്ങള്‍ പഠിക്കാത്ത കുട്ടികള്‍ എങ്ങനെ ഈ വിഷയങ്ങള്‍ പഠിച്ചെടുക്കും’ എന്ന് രേണു സൂസന്‍ തോമസ് ചോദിച്ചു.

നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരമുണ്ട്. രാജ്യത്ത് നഴ്‌സിങ്ങ് കോഴ്‌സുകള്‍ ഏകീകരിക്കാനും പ്രവേശനമാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാനും കഴിഞ്ഞ വര്‍ഷമെടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് ജി.എന്‍.എം കോഴ്‌സ് നിര്‍ത്തലാക്കി നാല് വര്‍ഷ ബിഎസ്‌സി നഴ്‌സിങ്ങ് കോഴ്‌സ് മാത്രമാക്കിയത്.

നിലവില്‍ പ്ലസ്ടുവിന് സയന്‍സ് വിഷയങ്ങള്‍ പഠിച്ചവര്‍ക്ക് മാത്രമാണ് ബിഎസ്‌സി നഴ്‌സിങ്ങ് ചേരാനാകുക. ആര്‍ട്‌സ്, കൊമേഴ്‌സ് വിഷയങ്ങള്‍ പഠിച്ചവര്‍ക്ക് ദ്വിവത്സര ജനറല്‍ നഴ്‌സിങ്ങ് ആന്‍ഡ് മിഡ് വൈഫറി മാത്രമേ പഠിക്കാനാകുമായിരുന്നുള്ളൂ. ആരോഗ്യമേഖലയില്‍ വൈദഗ്ധ്യമുള്ള ആതുരസേവകരെ വാര്‍ത്തെടുക്കാനും നഴ്‌സിങ്ങ് മേഖലയില്‍ ഏകീകൃത കോഴ്‌സ് അനിവാര്യമാണെന്നും വിലയിരുത്തിയാണ് ഇന്ത്യന്‍ നഴ്‌സിങ്ങ് കൗണ്‍സില്‍ ഏകീകൃത കോഴ്‌സും പ്രവേശന സംവിധാനവും കൊണ്ടുവരുന്നത്. കരട് നിര്‍ദേശങ്ങള്‍ അംഗീകരിച്ചാല്‍ 2021 മുതല്‍ ജനറല്‍ നഴ്‌സിങ്ങ് കോഴ്‌സ് ഇല്ലാതാകും. 2020-ല്‍ കോഴ്‌സിന് ചേര്‍ന്നവര്‍ക്ക് കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കും.

കരട് നിര്‍ദേശപ്രകാരം പ്ലസ്ടുവിന് ആര്‍ട്‌സ്, കൊമേഴ്‌സ വിഷയങ്ങള്‍ പഠിച്ചവര്‍ക്ക് 45 ശതമാനം മാര്‍ക്കുണ്ടെങ്കില്‍ ബിഎസ്‌സി നഴ്‌സിങ്ങിന് ചേരാം. അതേസമയം, സയന്‍സ് വിഷയങ്ങള്‍ പഠിച്ചവര്‍ക്ക് ജയിച്ചാല്‍ മതി. നഴ്‌സിങ്ങ് കോഴ്‌സുകള്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങളില്‍ ക്ലിനിക്കല്‍ സൗകര്യങ്ങളും യോഗ്യരായ ട്യൂട്ടര്‍മാരുടെ സാന്നിധ്യവും ഉറപ്പാക്കാനുള്ള നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടുള്ള കോളജുകളില്‍ മാത്രമേ ബിഎസ് സി നഴ്‌സിങ്ങ് പഠിക്കാനാകൂ. നിലവില്‍ രാജ്യത്ത് ജനറല്‍ നഴ്‌സിങ്ങ് കോഴ്‌സുകള്‍ പഠിപ്പിക്കുന്ന 3215 സ്ഥാപനങ്ങളുണ്ട്. ഇവയില്‍ പകുതിയിലേറെയും പൂട്ടേണ്ടി വരും. വര്‍ഷം തോറും 1.2 ലക്ഷം പേരാണ് ജനറല്‍ നഴ്‌സിങ്ങ് കോഴ്‌സ് പഠിച്ചിറങ്ങുന്നത്. പുതിയ ബിഎസ്‌സി നഴ്‌സിങ്ങ് കോഴ്‌സിന്റെ ഡ്രാഫ്ര്റ്റ് www .indiannursingcouncil.org എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


Share now

Leave a Reply

Your email address will not be published. Required fields are marked *