ഓഖി മുതല്‍ ആഴക്കടല്‍ മത്സ്യബന്ധന ഇടപാട് വരെ :മത്സ്യത്തൊഴിലാളി വഞ്ചന തുടര്‍ക്കഥയാക്കി ഇടതുപക്ഷം; പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പാക്കതെ ചതിച്ച് പിണറായി സര്‍ക്കാര്‍; ഒടുവില്‍ തീരദേശം അേമരിക്കന്‍ കമ്പനിക്ക് തീറെഴുതാനും ശ്രമം

Share now

തിരുവനന്തപുരം: കേരളത്തിലെ തീരദേശത്തെ തകര്‍ത്തെറിഞ്ഞ ഓഖി ദുരന്തം മുതല്‍ ഇടതു സര്‍ക്കാര്‍ മത്സ്യത്തൊഴലാളികള്‍ക്ക് നല്‍കിയത് വഞ്ചന മാത്രം. 2017 നവംബര്‍ 29ന് രാത്രിയില്‍ ഉള്‍ക്കടലില്‍ 185 കിലോ മീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച ഓഖി കാറ്റില്‍ 52 പേര്‍ മരിക്കുകയും 104 പേരെ കാണതാവുകയും ചെയ്തെന്നാണ് സര്‍ക്കാര്‍ കണക്ക്. അടിമലത്തുറ മുതല്‍ വേളി വരെയുള്ള തീരത്തെ മത്സ്യത്തൊഴിലാളികളുടെ ജീവനുകളാണ് ഓഖിയില്‍ പൊലിഞ്ഞത്. ഏറ്റവും കൂടുതല്‍ നാശമുണ്ടായത് പൂന്തുറയിലും വിഴിഞ്ഞത്തുമാണ്. കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ക്ക് കൃത്യമായ കാലവസ്ഥ മുന്നറിയിപ്പ് നല്‍കാന്‍ കഴിയാതെ പോയതും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കത്തില്‍ ഏകോപനമില്ലാതിരുന്നതുമാണ് കൂടുതല്‍ ജീവനുകള്‍ കടലില്‍ പൊലിയാന്‍ കാരണം. ഇന്നും അവരുടെ ദുരിതങ്ങള്‍ക്ക് അറുതിയായിട്ടില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അവര്‍ക്ക് കുറേ വാഗ്ദാനങ്ങള്‍ നല്‍കി പറ്റിച്ചുവെന്നതല്ലാതെ ഒന്നും നടന്നില്ല. ഒട്ടുമിക്ക പദ്ധതികളും കടലാസ്സില്‍ ഉറങ്ങുകയാണ്. അവരുടെ രക്ഷയ്ക്കെന്ന പേരില്‍ കുറേ കണ്‍സള്‍ട്ടന്‍സികളെ നിയമിച്ച് ഖജനാവിലെ പണം ചിലവഴിച്ചതല്ലാതെ ഒന്നും സംഭവിച്ചിട്ടില്ല.

2000 കോടിരൂപയുടെ ഓഖി പുനരധിവാസ പദ്ധതി പ്രഖ്യാപിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും എന്തുകൊണ്ട് നടപ്പായില്ലെന്ന് ഫിഷറീസ് വകുപ്പിനോട് ചോദിച്ചാല്‍ കിട്ടുന്ന മറുപടി ഇങ്ങനെയാണ് ‘ പദ്ധതി സംബന്ധിച്ച കാര്യങ്ങള്‍ കണ്‍സള്‍ട്ടന്‍സി പഠിച്ചുകൊണ്ടിരിക്കുകയാണ്, ഒന്നര കോടി രൂപ ഫീസായി വാങ്ങി രണ്ട് വര്‍ഷമായി പദ്ധതിക്ക് മേല്‍ അടയിരിക്കുകയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്മെന്റ് (ഇര്‍മ) എന്ന ഈ കണ്‍സള്‍ട്ടന്‍സി. ഈ പാക്കേജ് നടപ്പിലാക്കുന്നതിന് വേറൊരു കണ്‍സള്‍ട്ടന്‍സിയെയും സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. അവരുമായുള്ള കരാര്‍ 47 ലക്ഷം രൂപയ്ക്കാണ്. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്(ടിസ്) എന്ന കണ്‍സള്‍ട്ടന്‍സിയും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഈ സര്‍ക്കാരിന്റെ ഭരണകാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. അതിന് മുന്‍പ് ഒരു തട്ടിക്കൂട്ട് റിപ്പോര്‍ട്ട് കൊടുത്ത് കിട്ടാനുള്ള പണവും വാങ്ങി കണ്‍സള്‍ട്ടന്‍സി കമ്പനികള്‍ സ്ഥലം കാലിയാക്കും. പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ പറഞ്ഞുപറ്റിക്കുന്നതിന് വേണ്ടി ഐസകും പിണറായിയും പറഞ്ഞുണ്ടാക്കിയ ഒരു കപട വാഗ്ദാനങ്ങളായിരുന്നു ഓഖി പുനരധിവാസ പദ്ധതി. ഈ പാക്കേജിന് പുറമേ, പിന്നീട് വന്ന രണ്ട് ബജറ്റുകളിലായി 2500 കോടി രൂപയുടെ തീരദേശ പാക്കേജുകളും പ്രഖ്യാപിച്ചിരുന്നു. അങ്ങനെ മൊത്തം 5000 കോടിയുടെ മത്സ്യത്തൊഴിലാളി-തീരദേശ പാക്കേജ് സുരക്ഷിതമായി കടലാസ്സില്‍ ഉറങ്ങുന്നുണ്ട്.

ഓഖി സമയത്ത് പൂന്തുറ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രത്തില്‍ അടിയന്തരമായി ഫിഷറീസ് മന്ത്രാലയം കൊണ്ടുവരുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പ്രഖ്യാപനം കടലാസിലൊതുങ്ങി. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷക്കായി നല്‍കിയ നാവിക് ഉപകരണം പൂര്‍ണ പരാജയമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷയെരുക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരവധി പദ്ധതികളും ലക്ഷ്യം കണ്ടിട്ടില്ല.

ഇതിനു പിന്നാലെയാണ് തീരദേശം അമേരിക്കന്‍ കമ്പനിക്ക് തീറെഴുതി 12 ലക്ഷം മത്സ്യത്തൊഴിലാളികളെ വഴിയാധാരമാക്കാന്‍ പിണറായിയുടെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ ഗൂഡനീക്കം നടത്തിയത്. സംസ്ഥാനത്തിന്റെ മത്സ്യനയത്തില്‍ 2018ല്‍ വരുത്തിയ മാറ്റം അനുസരിച്ചാണ് ആഴക്കടല്‍ മത്സ്യബന്ധനം അമേരിക്കന്‍ കമ്പനിക്ക് തീറെഴുതാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

പുറംകടലില്‍ ബഹുദിന മത്സ്യബന്ധനം നടത്തുന്ന യാനങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുമെന്നാണ് നയത്തില്‍ പറയുന്നത്. ഇ.എം.സി.സിയുമായുള്ള കരാര്‍ നടപ്പിലായിരുന്നെങ്കില്‍ മത്സ്യത്തൊഴിലാളികള്‍ വെറും കൂലിക്കാരായി മാറിയേനെ. കമ്പനി നല്‍കുന്ന ട്രോളറുകളില്‍ പോയി മത്സ്യബന്ധനം നടത്തി അത് ഇ.എം.സി.സിയുടെ കപ്പലുകള്‍ക്ക് നല്‍കും. തുടര്‍ന്ന് സംസ്ഥാനത്തെ ഇ.എം.സി.സിയുടെ സംസ്‌ക്കരണശാലകളില്‍ എത്തുന്ന മത്സ്യം സംസ്‌ക്കരിച്ച് കയറ്റി അയയ്ക്കും. മുതല്‍മുടക്ക് മുഴുവന്‍ നടത്തുന്നത് അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സിയാവും. ജോലി ചെയ്യേണ്ട ബാധ്യത മാത്രമായി മത്സ്യത്തൊഴിലാളി മേഖല ചുരുങ്ങുകയും ചെയ്യും. മത്സ്യമേഖലയുമായി ബന്ധപ്പെട്ട ഒരു പദ്ധതികളും വിദേശ കമ്പനികള്‍ക്ക് നല്‍കേണ്ടെന്ന നയവും പൊതുവികാരവും നിലനില്‍ക്കുമ്പോഴാണ് രഹസ്യ ഇടപാടിന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മയും ഇ.പി ജയരാജനും മന്ത്രിസഭയെ ഇരുട്ടില്‍ നിര്‍ത്തി കളമൊരുക്കിയത്.

അതിനും പുറമേ സംസ്ഥാന തീരത്തു നിന്നും 200 നോട്ടിക്കല്‍ മൈലിന് പുറത്തേക്ക് മത്സ്യബന്ധനം നടത്താന്‍ അനുമതി ആവശ്യപ്പെട്ട് ഓള്‍ കേരള ഫിഷിംഗ് ബോട്ട് ഓപ്പേററ്റേഴ്സ് ഉള്‍പ്പെടെ നിരവധി ബോട്ടുടമകള്‍ സര്‍ക്കാരിന് നല്‍കിയ അപേക്ഷയും നിവേദനങ്ങളും സര്‍ക്കാര്‍ തള്ളുകയും ചെയ്തു. ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിക്ക് അനുമതി നല്‍കാന്‍ നീക്കം നടത്തിയ സംസ്ഥാനത്തെ പിണറായി സര്‍ക്കാര്‍ തദ്ദേശീയരായ മത്സ്യത്തൊഴിലാളികളുടെ ആവശ്യത്തോട് പുറം തിരിഞ്ഞു നില്‍ക്കുന്നത് നീതികരിക്കാനാവില്ലെന്നാണ് ഓള്‍ കേരള ഫിഷിംഗ് ബോട്ട് ഓപ്പേററ്റേഴ്സ് അസോസിയേഷന്റെ നിലപാട്.

കരാര്‍ സംബന്ധിച്ച വസ്തുതകള്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പുറത്തു കൊണ്ട് വന്നതോടെയാണ് പദ്ധതി നടപ്പിലാക്കാനുള്ള സര്‍ക്കാ നീക്കം പൊളിഞ്ഞത്. ഇത്തരത്തില്‍ ഇടതുമുന്നണി അധികാരത്തിലേറി അഞ്ചാം വര്‍ഷം തികഞ്ഞിട്ടും വഞ്ചനയല്ലാതെ മറ്റൊന്നും മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയിട്ടില്ല.


Share now