മദ്യത്തിന് ആപ്പിറക്കി ബാറുകാരെ സഹായിച്ച സര്‍ക്കാര്‍, സിനിമയുടെ ആപ്പിന് പണികൊടുത്ത് കുത്തകകളെ സഹായിക്കുന്നു; ടിക്കറ്റ് ബുക്കിങിന്‌റെ പേരില്‍ കൊള്ളയടിയുമായി സ്വകാര്യ ആപ്പ് നിര്‍മ്മാതാക്കള്‍; സര്‍ക്കാര്‍ പദ്ധതിയെ അട്ടിമറിച്ചത് ഉന്നതരുടെ നേതൃത്വത്തില്‍

Share now

തിരുവനന്തപുരം: സിനിമ ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സര്‍ക്കാര്‍ പദ്ധതിയെ അട്ടിമറിച്ച് സ്വകാര്യ ആപ്പ് നിര്‍മ്മാതാക്കളെ സഹായിക്കുകയാണ് ഇടതുസര്‍ക്കാര്‍. നിര്‍മാതാക്കളെയും പ്രേക്ഷകരെയും കൊള്ളടയിക്കുന്ന ആപ് കമ്പനികള്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നിട്ടും അതിനെതിരെ നടപടിയെടുക്കുന്നതിനെ സാംസ്‌കാരിക വകുപ്പിലെ ഉന്നതര്‍ അട്ടിമറിക്കുന്നുവെന്നാണ് ആക്ഷേപം. മദ്യവില്‍പന ശാലകളില്‍ ക്യൂ നിയന്ത്രിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷനായ ബെവ് ക്യൂ നടപ്പാക്കാന്‍ തിടുക്കം കാണിച്ച സര്‍ക്കാര്‍ തിരക്കേറുന്ന സിനിമ തിയറ്ററില്‍ അതിനു തയാറാകാത്തതെന്തെന്ന ചോദ്യമാണ് ഉയരുന്നത്.

ബുക് മൈ ഷോ പോലുള്ള സ്വകാര്യ ആപ്പ് നിര്‍മ്മാതാക്കള്‍ കോടികളുമായി കച്ചവടം പൊടിപൊടിക്കുമ്പോള്‍, അവര്‍ക്കുവേണ്ടി സെക്രട്ടേറിയറ്റിന്റെ ഇടനാഴികളില്‍ ഓടിനടക്കാന്‍ ഇടത് സര്‍ക്കാരിന്റെ സിനിമ ദല്ലാളുമാര്‍ സജീവമാണ്. ഇപ്പോള്‍ ലോക്ഡൗണുകള്‍ക്ക് ശേഷം സിനിമാ തിയേറ്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. തിയറ്ററുകളില്‍ 50% സീറ്റില്‍ മാത്രമേ ഇപ്പോള്‍ പ്രവേശനമുള്ളൂ. പക്ഷേ, റിലീസ് ദിവസമുള്ള തിരക്കു കണ്ടാല്‍ ഞെട്ടുന്ന സ്ഥിതിയാണ്.

ബുക് മൈ ഷോയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഇപ്പോള്‍ കൂടുതല്‍ ടിക്കറ്റുകളും എടുക്കുന്നത്. അതിന് അവര്‍ ഈടാക്കുന്നതു കുറഞ്ഞത് 22 രൂപ. തിയറ്ററുകളില്‍ തിരക്കു കുറവായതുകൊണ്ടാണു കമ്പനി അവരുടെ ഹാന്‍ഡ്ലിങ് ചാര്‍ജ് 22 രൂപ മുതല്‍ 56 രൂപവരെയുള്ള നിരക്കില്‍ നിര്‍ത്തിയിരിക്കുന്നത്. ഉയര്‍ന്ന നിരക്കിലുള്ള സീറ്റ് തിരഞ്ഞെടുത്താല്‍ ഹാന്‍ഡ്ലിംഗ്ചാര്‍ജും ഉയരും. കോവിഡ് വരുന്നതിനു മുന്‍പ് 30 രൂപ മുതല്‍ 60 രൂപവരെ നല്‍കണം ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാന്‍. ഒരു സമയം 2 ടിക്കറ്റ് എടുത്താലും ഹാന്‍ഡ്ലിംഗ് ചാര്‍ജ് കുറയില്ല. ഹാന്‍ഡ്ലിങ് ചാര്‍ജ് 30 രൂപയാണെങ്കില്‍ 150 രൂപയുടെ 2 ടിക്കറ്റ് എടുക്കാല്‍ 60 രൂപ കൊടുക്കണം. ഈ കമ്പനി തിയറ്ററുകളില്‍ കംപ്യൂട്ടര്‍ സ്ഥാപിക്കും. വാര്‍ഷിക അറ്റകുറ്റപ്പണി കരാര്‍ (എംഎംസി) അവര്‍ തന്നെ നല്‍കും. കംപ്യൂട്ടര്‍ ഉള്‍പ്പെടെ ചെലവ് 2.5 ലക്ഷം രൂപ. ഒരു മാസത്തെ ഹാന്‍ഡ്ലിങ് ചാര്‍ജ് വേണ്ട മുതല്‍മുടക്കു തിരിച്ചുപിടിക്കാന്‍.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഈ കൊള്ളയ്‌ക്കെതിരെ നീക്കം നടത്തിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സിനിമ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമാണ് ഓണ്‍ലൈന്‍ സംവിധാനത്തിനുവേണ്ടി തീരുമാനം എടുത്തത്. ബുക് മൈ ഷോയുടെ മുതലാളിമാര്‍ കോടികളുമായി കയറിയിറങ്ങിയെങ്കിലും തീരുമാനത്തില്‍ നിന്ന് അന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയില്ല. എല്ലാ തിയറ്ററുകളിലും ഇ-ടിക്കറ്റിങും ഒപ്പം ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങും നടത്തുന്നതിനു കമ്പനിയെ കണ്ടെത്താന്‍ ടെന്‍ഡര്‍ വിളിച്ചു. കെല്‍ട്രോണാണു സാങ്കേതിക പങ്കാളി.
ഓരോ ടിക്കറ്റ് വില്‍ക്കുമ്പോഴും അതില്‍ നിന്ന് 5 രൂപ അപ്പോള്‍തന്നെ സിനിമാക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പെന്‍ഷനും ചികിത്സാസഹായവും നല്‍കുന്ന കലാകാരന്മാരുടെ ക്ഷേമനിധിയുടെ അക്കൗണ്ടിലേക്കുപോകും. ഓണ്‍ലൈന്‍വഴി ഒരു ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ പരമാവധി 10 രൂപ കമ്മിഷനായി ഈടാക്കും. ഇതില്‍ 5 രൂപ തിയറ്റര്‍ ഉടമയ്ക്ക്. ഒരാള്‍ ഒന്നില്‍ കൂടുതല്‍ ടിക്കറ്റ് ബുക്ക് ചെയ്താലും ഹാന്‍ഡ്ലിംഗ് ചാര്‍ജ് 10 രൂപ കടക്കില്ല. മാത്രമല്ല, 5 വര്‍ഷം കഴിയുമ്പോള്‍ സോഫ്ട്വെയര്‍ ഉള്‍പ്പെടെ എല്ലാം സര്‍ക്കാരിനു നല്‍കും. തിയറ്റര്‍ ഉടമകള്‍ക്കു നികുതി വെട്ടിക്കാന്‍ സാധിക്കില്ല. – ഇങ്ങനെയായിരുന്നു സര്‍ക്കാര്‍ പദ്ധതി. എന്നാല്‍ ഇതിപ്പോ നടപ്പാക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കുന്നതേയില്ല.

തിയറ്ററില്‍ നിന്നു ലഭിക്കുന്ന വരുമാനത്തില്‍ 40% വര്‍ധനയുണ്ടാകുമെന്നാണ് ടെന്‍ഡര്‍ ഉറപ്പിക്കുന്ന സമയത്തു കണക്കാക്കിയിരുന്നത്. കെല്‍ട്രോണിനു പങ്കാളിത്തമുള്ള കമ്പനിയുടെ ഓണ്‍ലൈന്‍ സംവിധാനം ജനകീയമാകുമെന്ന് ഉറപ്പായിരുന്നു. യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന സമയത്ത് എല്ലാം തയാറായ സമയത്താണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അന്നത് നടപ്പാക്കാന്‍ സാധിച്ചില്ല. സര്‍ക്കാരിന്‌റെ ഓണ്‍ലൈന്‍ സംവിധാനം തിരിച്ചടിയാകുമെന്നു മനസ്സിലായ സ്വകാര്യ കുത്തക മുതലാളിമാര്‍ പിണറായി സര്‍ക്കാര്‍ വന്നപ്പോള്‍ മുതല്‍ ആ നീക്കത്തെ ചെറുക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ പ്രേക്ഷകരെയും സിനിമാനിര്‍മ്മാതാക്കളെയും ഒരുപോലെ കൊള്ളയടിക്കുന്ന ഒരു സംവിധാനത്തിലേക്ക് മാറിയിരിക്കുന്നത്.


Share now