ഉമ്മന്‍ചാണ്ടി എംഎല്‍എ നോട്ടൗട്ട്@50; നിയമസഭയില്‍ 50 വര്‍ഷം തികയ്ക്കുന്ന ആദ്യ കോണ്‍ഗ്രസ് നേതാവ്; ചടങ്ങ് സോണിയാ ഗാന്ധി ഉദ്ഘാടനം ചെയ്യും

Share now

ഉമ്മന്‍ചാണ്ടി നിയമസഭാംഗമായതിന്റെ 50-ാം വാര്‍ഷികം ഇന്ന് കോട്ടയത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. രാജ്യത്ത് ഇതാദ്യമായാണ് ഒരു കോണ്‍ഗ്രസ് നേതാവ് നിയമസഭയില്‍ അരനൂറ്റാണ്ട് തികയ്ക്കുന്നത്. പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ നിന്ന് 1970 മുതല്‍ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും മത്സരിച്ച് വിജയിച്ച നേതാവാണ് ഉമ്മന്‍ചാണ്ടി. ഇന്ന് മാമന്‍മാപ്പിള ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ക്ഷണിക്കപ്പെട്ട 50 പേരാണ് നേരിട്ട് പങ്കെടുക്കുന്നത്. 20 ലക്ഷത്തിലധികം പേര്‍ ഓണ്‍ലൈനിലൂടെയും ചടങ്ങ് കാണാനുള്ള സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്നാണ് സംഘാടകര്‍ പറയുന്നത്.

കേരളത്തില്‍ ഇതിന് മുന്‍പ് നിയമസഭയില്‍ 50 വര്‍ഷം തികച്ചത് കേരള കോണ്‍ഗ്രസ് നേതാവായിരുന്ന കെ.എം മാണി മാത്രമാണ്. അദ്ദേഹം പാലായില്‍ നിന്ന് തുടര്‍ച്ചയായി 13 തവണ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചു. ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളില്‍ ഏതൊരു രാഷ്ട്രീയ നേതാവിനും അനുകരിക്കാവുന്ന ഉത്തമ മാതൃകയാണ് ഉമ്മന്‍ചാണ്ടി. പൊതുജനങ്ങളും അനുയായികളുമായി ഇത്രയേറെ അടുപ്പം സൂക്ഷിക്കുന്ന മറ്റൊരു നേതാവും ഇന്ന് കേരളത്തിലില്ല. കഠിനാധ്വാനവും, കഷ്ടപ്പാടും കൊണ്ട് നേടിയെടുത്തതാണ് അദ്ദേഹം കൈവരിച്ച ഓരോ പദവിയും. പുതുപ്പള്ളി സ്‌കൂളിലെ കെ.എസ്.യു പ്രവര്‍ത്തകനായി ആരംഭിച്ച് എം.എല്‍.എ, മന്ത്രി, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് ഇങ്ങനെ ഓരോ ഔദ്യോഗിക പദവിയുടെ മുന്നിലും പിന്നിലും ഉമ്മന്‍ചാണ്ടിയുടെ നിസ്വാര്‍ത്ഥ സേവനത്തിന്റെ കൈയൊപ്പുകള്‍ കാണാനുണ്ട്. വികസനവും കരുതലും എന്നതായിരുന്നു ഭരണകര്‍ത്താവ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ മുഖമുദ്ര. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനായി ആത്മാര്‍ത്ഥമായി ഇപ്പോഴും പണിയെടുക്കുന്ന ഒരു ജനകീയ നേതാവും കൂടിയാണ് അദ്ദേഹം.

1970-ല്‍ ഉമ്മന്‍ചാണ്ടി നിയമസഭയില്‍ വരുമ്പോള്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന രണ്ട് സാമാജികര്‍ ഇപ്പോഴും കേരള നിയമസഭയിലുണ്ട്. പിണറായി വിജയനും, പി.ജെ ജോസഫും. കോണ്‍ഗ്രസ് നേതാവായ പി.ടി തോമസിനോട് രണ്ട് വട്ടം തൊടുപുഴയില്‍ തോറ്റതൊഴിച്ചാല്‍ പി.ജെ ജോസഫ് കഴിഞ്ഞ 40 വര്‍ഷമായി കേരള നിയമസഭയിലെ അംഗമാണ്. പിണറായി വിജയന്‍ അഞ്ച് തവണയാണ് കേരള നിയമസഭയില്‍ അംഗമായിട്ടുള്ളത്. 1970-ല്‍ തന്റെ 26-ാമത്തെ വയസ്സിലാണ് കൂത്തുപറമ്പ് മണ്ഡലത്തെ പ്രതിനിധീകരിച്ച് പിണറായി ആദ്യമായി സഭയിലെത്തുന്നത്. 1977-ലും 1991-ലും കൂത്തുപറമ്പില്‍ നിന്നും 1996-ല്‍ പയ്യന്നൂരില്‍ നിന്നും നിയമസഭയിലെത്തി. 1996-ലെ നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരുന്നു. 1998-ല്‍ പാര്‍ട്ടി സെക്രട്ടറിയായതിനെതുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ചു. പിന്നീട് അദ്ദേഹം 18 വര്‍ഷ കാലം പാര്‍ട്ടി സെക്രട്ടറിയായി തുടര്‍ന്നു. 2016-ല്‍ ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ നിന്നാണ് നിയമസഭയിലെത്തുന്നത്.

അങ്ങനെ 70 ബാച്ചിലെ നിയമസഭയില്‍ ഉണ്ടായിരുന്ന ചെറുപ്പക്കാരില്‍ രണ്ട് പേര്‍ കേരളത്തിന്റെ മുഖ്യമന്ത്രിമാരായി എന്നതും എടുത്ത് പറയേണ്ട വസ്തുതയാണ്. ഏറ്റവും കൂടുതല്‍ ചെറുപ്പക്കാര്‍ നിയമസഭയിലെത്തിയതും 1970-ല്‍ എന്നത് എടുത്ത് പറയേണ്ട കാര്യമാണ്.


Share now