ചോദ്യങ്ങൾ ചോദിക്കാൻ അവസരം നൽകാത്ത, ചർച്ചകൾക്ക് അനുവാദമില്ലാത്ത ഒരു പാര്‍ലമെന്ററി ജനാധിപത്യമായി ഇന്ത്യ മാറിയിരിക്കുന്നു; കേന്ദ്രത്തിനെതിരെ വിമർശനവുമായി പി.ചിദംബരം

Share now

ന്യൂഡൽഹി: ലഡാക്ക് വിഷയത്തില്‍ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അനുമതി നിഷേധിച്ച നടപടിയിൽ വിമർശനവുമായി പി.ചിദംബരം. ചോദ്യങ്ങൾ ചോദിക്കാൻ അവസരം നൽകാത്ത ചർച്ചകൾക്ക് അനുവാദമില്ലാത്ത ഒരു പ്രത്യേകതരം പാർലമെൻററി ജനാധിപത്യമായി ഇന്ത്യ മാറിയിരിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് ചിദംബരം കേന്ദ്രത്തിനെതിരെ വിമർശനം ഉന്നയിച്ചത്.

കഴിഞ്ഞ ദിവസത്തെ സമ്മേളനത്തിൽ കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായുള്ള അതിര്‍ത്തിയിലെ ഏറ്റുമുട്ടലിനെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ കോൺഗ്രസ് അംഗങ്ങളെ സംസാരിക്കാൻ അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ലോക് സഭയില്‍ നിന്ന് ഇറങ്ങി പാര്‍ലമെന്റ് ഹൗസ് സമുച്ചയത്തിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

ലോക്ക്ഡൗണിനെ തുടർന്ന് പാലായനം ചെയ്യവേ മരിച്ച അതിഥി തൊഴിലാളികളുടെ വിവരങ്ങൾ സർക്കാർ സൂക്ഷിക്കാത്തതിലും ചിദംബരം വിമർശിച്ചു. സ്വന്തം നാട്ടിലേക്ക് പോകുന്ന വഴിയ്‌ക്കോ വീട്ടിലെത്തിയ ശേഷമോ മരിച്ച അതിഥി തൊഴിലാളുകളുടെ വിവരങ്ങളൊന്നും സൂക്ഷിക്കാത്ത ഒരു പ്രത്യേകതരം രാജ്യമാണ് ഇന്ത്യയെന്നാണ് ചിദംബരം പറഞ്ഞത്.


Share now